ADVERTISEMENT

ആലപ്പുഴ∙ സർക്കാർ സ്കൂളുകളിൽ സ്ഥിരമായി ജോലി ചെയ്ത് ശമ്പളം വാങ്ങുന്ന നൂറുകണക്കിന് അധ്യാപകർ എങ്ങനെ അവിടെത്തി എന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് വിവരമില്ല. കഴിഞ്ഞ 23 വർഷത്തിലേറെയായി ആലപ്പുഴ ജില്ലയിലെ വിവിധ സ്കൂളുകളിലാണ് നിയമന രേഖകളില്ലാതെ നിരവധി അധ്യാപകർ ശമ്പളം വാങ്ങുന്നത്. ഇവർ പി.എസ്.സി മുഖേന നേരിട്ടുള്ള നിയമനത്തിൽ വന്നോ, തസ്തിക മാറി വന്നോ, ജില്ലാന്തര സ്ഥലം മാറ്റത്തിലൂടെ എത്തിയോ, ആശ്രിത നിയമനമാണോ എന്നൊന്നും അറിയാൻ നിയമനാധികാരിയായ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രേഖകളൊന്നുമില്ല.

വ്യക്തമായ രേഖകളില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും നിയമനത്തട്ടിപ്പ് നടക്കുന്നുവെന്നും പി.എസ്.സി ലിസ്റ്റിലുള്ളവർ കാത്തു നിന്ന് നിയമനം ലഭിക്കാതെ കാലാവധി കഴിഞ്ഞപ്പോൾ ഡിഡി ഓഫീസ് കൈമലർത്തുന്നു എന്നും പി.എസ് സി റാങ്ക് ഹോൾഡർമാർ ആരോപിച്ചു. അവരിൽ ഒരാളായ കായംകുളം കൊറ്റുകുളങ്ങര ഒറകാരിശ്ശേരിൽ നസ്റിൻ ഖാന്റെ പരാതിയെ തുടർന്ന് വിവരാവകാശ കമ്മിഷൻ റിപ്പോർട്ടു തേടി. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ.ഹക്കിമിന്റെ നേതൃത്വത്തിൽ മൂന്നു പ്രാവശ്യം നേർ വിചാരണ നടത്തിയ കമ്മിഷൻ നസ്റിൻഖാന് മുഴുവൻ വിവരങ്ങളും സാക്ഷ്യപ്പെടുത്തിയ രേഖാ പകർപ്പുകളും സൗജന്യമായി നല്കിയ  ശേഷം കഴിഞ്ഞ ഏപ്രിൽ ഏഴിനകം നടപടി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവായിരുന്നു. 

എന്നാൽ, അപ്രകാരം തനിക്കു കിട്ടിയ രേഖകൾ വ്യാജമാണെന്നും കൃത്രിമമായി ഉണ്ടാക്കിയതാണെന്നും അപേക്ഷകൻ കമ്മിഷനെ ബോധ്യപ്പെടുത്തി. തുടർന്ന് കമ്മിഷണർ നേരിട്ട് ആലപ്പുഴയിലെത്തി നടത്തിയ തെളിവെടുപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ഈ ഓഫീസിൽ 2001 വരെ ഉദ്യോഗസ്ഥർക്ക് നിയമനം നല്കുന്നതു സംബന്ധിച്ച് രജിസ്റ്റർ സൂക്ഷിച്ചിരുന്നില്ല. 2002 ൽ ആദ്യമായി രജിസ്റ്റർ തുടങ്ങിയെങ്കിലും സോഷ്യൽ സയൻസ് വിഭാഗത്തിൽ പി.എസ്.സി വഴിയും സ്ഥലംമാറ്റം മുഖേനയും ആശ്രിത നിയമനത്തിലൂടെയും അധ്യാപകരെ നിയമിച്ചതിന്റെ ഒരു രേഖപ്പെടുത്തലും ഈ രജിസ്റ്ററിൽ കാണാനില്ല.

ആലപ്പുഴ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രണ്ടു പതിറ്റാണ്ടായി നിയമന തട്ടിപ്പ് നടക്കുന്നു എന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ രേഖാതിരിമറി ഉൾപ്പെടെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തുകയും ശക്തമായ നടപടികൾക്ക് ശുപാർശ സമർപ്പിക്കുകയും ചെയ്തു. എന്നാൽ അതിന്മേൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കമ്മിഷൻ കണ്ടെത്തി. ആ റിപ്പോർട്ട് മുക്കിയവർക്കെതിരെയും റിപ്പോർട്ടിലെ ശുപാർശ പ്രകാരവും മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിച്ച് ജൂലൈ 31 നകം വിവരം സമർപ്പിക്കാൻ കമ്മിഷണർ ഹക്കിം വിദ്യാഭ്യാസ ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകി ഉത്തരവായി.

English Summary:

Education Department Faces Uncovered Teacher Recruitment Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com