ADVERTISEMENT

കേച്ചേരി ∙ വിവിധ ഭാഗങ്ങളിൽ ഇന്നലെ പുലർച്ചെ 3.55 ന് ഉണ്ടായ ഭൂചലനത്തിനിടെ ആന ​ഞെട്ടിയുണരുന്ന സിസിടിവി ദൃശ്യം വൈറലായി.  കൊമ്പൻ പാറന്നൂർ നന്ദനാണ്  കെട്ടുത്തറയിൽ നിന്നു ഞെട്ടിയുണർന്നത്. ആന ചാടിയെഴുന്നേൽക്കുന്നതും ചിന്നം വിളിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.  പാറന്നൂർ സ്വദേശി കപ്രശേരി വീട്ടിൽ വിജയ് കുമാറിന്റെ ഉടമസ്ഥതയിലുള്ള കൊമ്പനാണ് പാറന്നൂർ നന്ദൻ.  ഇന്നലെ പുലർച്ചെ കൊമ്പന്റെ  ചിന്നം വിളി കേട്ടതായി വീട്ടുകാർ പറഞ്ഞു.

ജില്ലയിൽ രണ്ടാം ദിവസവും  നേരിയ ഭൂചലനം 
തൃശൂർ ∙ തുടർച്ചയായ രണ്ടാംദിവസവും ജില്ലയിൽ നേരിയ ഭൂചലനം. വടക്കാഞ്ചേരി പ്രഭവ കേന്ദ്രമായി സംഭവിച്ച ഭൂചലനത്തിന്റെ പ്രകമ്പനം ചാവക്കാട് അടക്കമുള്ള മേഖലകളിലും അനുഭവപ്പെട്ടു. നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ പഠനമനുസരിച്ച് 2.9 തീവ്രതയാണു രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസം ചാവക്കാട് അടക്കമുള്ള മേഖലകളിൽ അനുഭവപ്പെട്ട ഭൂചലനം 3.0 തീവ്രതയിലുള്ളതായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണു വിദഗ്ധർ നൽകുന്ന വിവരം. ജില്ലാ ഭരണകൂടം യോഗം ചേർന്നു സ്ഥിതി വിലയിരുത്തും. ഏതാനും സെക്കൻഡുകൾ നീണ്ട ഭൂചലനത്തിൽ പലയിടത്തും ഭൂമിക്കടിയിൽ നിന്നു വല്ലാത്ത മുഴക്കവും വിറയലുമുണ്ടായി. 

ഇന്നലെ പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ മരത്തംകോട് എകെജി നഗറില്‍ മഞ്ചേരി വീട്ടില്‍ സുമോദിന്റെ വീടിന്റെ ചുമരുകള്‍ക്ക് വിള്ളല്‍ സംഭവിച്ച നിലയില്‍.
ഇന്നലെ പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ മരത്തംകോട് എകെജി നഗറില്‍ മഞ്ചേരി വീട്ടില്‍ സുമോദിന്റെ വീടിന്റെ ചുമരുകള്‍ക്ക് വിള്ളല്‍ സംഭവിച്ച നിലയില്‍.

വടക്കാഞ്ചേരി മേഖലയിലും 10 കിലോമീറ്റർ ചുറ്റളവിലുമായാണു ഭൂചലനം കൂടുതൽ മുഴക്കത്തോടെ അനുഭവപ്പെട്ടത്. പുലർച്ചെ 3.55ന് ഉച്ചത്തിലുള്ള ശബ്ദവും കുലുക്കവും കേട്ടു പലയിടത്തും ആളുകൾ ഉണർന്നു. നാശനഷ്ടങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗുരുവായൂരിൽ നഗരസഭയുടെ വിവിധ പ്രദേശങ്ങളിലും ഇരിങ്ങപ്പുറം, കണ്ടാണശേരി, അരിയന്നൂർ എന്നിവിടങ്ങളിലും ഭൂചലനം ജനത്തിന് അറിയാനായി. മുണ്ടത്തിക്കോട്. കാരിക്കുന്ന് പ്രദേശത്ത് പുലർച്ചെ നേരിയ ഭൂമികുലുക്കം അനുഭവപ്പെട്ടു. 

ചെമ്പകശ്ശേരി ജോയിയുടെ വീടിന്റെ ഭിത്തിയിൽ ഒരുഭാഗത്ത് നേരിയ വിള്ളൽ സംഭവിച്ചിട്ടുണ്ട്. മരത്തംകോട് എകെജി നഗറിൽ മഞ്ചേരി വീട്ടിൽ സുമോദിന്റെ വീടിനും ഇന്നലെ പുലർച്ചെ 3.55നുണ്ടായ ഭൂചലനത്തിൽ വിള്ളലുണ്ടായിട്ടുണ്ട്. തൃശൂരിനു പുറമേ പാലക്കാട്, മലപ്പുറം ജില്ലകളിലും രണ്ടുദിവസമായി തീവ്രത കുറഞ്ഞ ഭൂചലനം അനുഭവപ്പെടുന്നുണ്ട്. മലപ്പുറത്തെ കോക്കൂർ, നന്നംമുക്ക് തുടങ്ങിയ ഭാഗങ്ങളിലും ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിൽ ആശങ്ക വേണ്ടെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും മന്ത്രി കെ. രാജൻ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പ് ഇതേക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം യോഗം ചേർന്നു സ്ഥിതി വിലയിരുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com