ഡ്രില്ലിങ് റോട്ടറി യന്ത്രം മാറ്റാൻ 200 ടൺ ഭാരം വഹിക്കുന്ന രണ്ടു ക്രെയിനുകൾ വേണം; ഉയരപ്പാത നിർമാണത്തിൽ സുരക്ഷാവീഴ്ച
Mail This Article
തുറവൂർ∙ അരൂർ– തുറവൂർ ഉയരപ്പാതയുടെ പണിക്കിടെ നിലംപതിച്ച ഡ്രില്ലിങ് റോട്ടറി യന്ത്രത്തിന്റെ ഇരുമ്പ് ദണ്ഡ് (റിഗ്) റോഡരികിലേക്കു വലിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഒന്നര ദിവസത്തോളം ദേശീയപാതയിൽ ഒരു വശത്തേക്കുള്ള ഗതാഗതം സ്തംഭിച്ച ശേഷമാണു യന്ത്രഭാഗം നീക്കാനായത്. അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കരാർ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്നും ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു.
നിർമാണക്കരാർ കമ്പനിയുടെ ക്രെയിനുകൾ ഉപയോഗിച്ചു 24 മീറ്റർ നീളമുള്ള റിഗ് ഉയർത്താനാകാഞ്ഞതിനാൽ ഇന്നലെ ഉച്ചയോടെ റോഡരിലേക്കു നീക്കിയിടുകയായിരുന്നു. ഇതോടെ ഒരു വരിയായി വാഹനങ്ങൾ കടത്തിവിട്ടു. ഡ്രില്ലിങ് റോട്ടറി യന്ത്രം മറിഞ്ഞ നിലയിൽ തന്നെ കിടക്കുകയാണ്. പാതയരികിൽ നിന്ന് ഇരുമ്പു ദണ്ഡും നീക്കാനുണ്ട്. 200 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള രണ്ടു ക്രെയിനുകൾ എത്തിച്ചാൽ മാത്രമേ ഇവ മാറ്റാനാകൂ. ഇതിനായി ഗുരുവായൂരിൽ നിന്നു ക്രെയിൻ കൊണ്ടുവരുമെന്നാണു നിർമാണക്കരാർ കമ്പനി പറയുന്നത്.
പില്ലറുകൾ സ്ഥാപിക്കുന്നതിനായി ഭൂമി തുരക്കാൻ ഉപയോഗിക്കുന്ന ഡ്രില്ലിങ് റോട്ടറി യന്ത്രം ഞായർ പുലർച്ചെയാണു ചന്തിരൂർ പാലത്തിനു സമീപം ജോലിക്കിടെ നിലം പതിച്ചത്. വേണ്ട സുരക്ഷയൊരുക്കാതെ നിർമാണം നടത്തുന്നതാണ് അപകടങ്ങൾക്കു കാരണമെന്നു നാട്ടുകാർ ആരോപിച്ചു. അപകട സമയത്തു മഴ ശക്തമായതിനാൽ അപ്രോച്ച് റോഡിന്റെ വശത്തുള്ള മണ്ണ് ഇടിഞ്ഞതും തൊട്ടരികിൽ പില്ലറുകൾക്കായി എടുത്ത കുഴിയിലേക്കു മണ്ണ് ഇടിഞ്ഞതും യന്ത്രത്തിന്റെ ചക്രം താഴാൻ കാരണമായെന്നാണു കമ്പനി അധികൃതരുടെ വിശദീകരണം.
ഉയരപ്പാത നിർമാണത്തിൽസുരക്ഷാവീഴ്ച പതിവ്
∙ അരൂർ– തുറവൂർ ഉയരപ്പാതയുടെ നിർമാണത്തിൽ സുരക്ഷാ വീഴ്ച ആവർത്തിക്കുന്നു. ദേശീയപാതയിലെ വെളിച്ചക്കുറവു മുതൽ നീളുന്ന സുരക്ഷാ വീഴ്ചയാണു കഴിഞ്ഞ ദിവസത്തെ അപകടത്തിന് ഇടയാക്കിയതും. രാത്രി വാഹനങ്ങൾ വഴിതിരിച്ചു വിട്ടിരുന്നതുകൊണ്ടാണു വൻ അപകടം ഒഴിവായത്.പില്ലറുകൾക്കായി ആഴത്തിൽ കുഴിയെടുക്കുന്ന സ്ഥലത്തു മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുക്കാതെയാണു ഭാരമേറിയ യന്ത്രം സ്ഥാപിച്ചത്. സാധാരണ നിലയിൽ യന്ത്രം സ്ഥാപിക്കുമ്പോൾ മണ്ണിനു ബലക്കുറവുണ്ടെങ്കിൽ താൽക്കാലിക അടിത്തറ സജ്ജമാക്കേണ്ടിയിരുന്നെന്ന് എൻജിനീയറിങ് വിദഗ്ധർ പറയുന്നു.
ഉയരപ്പാതയുടെ ഗർഡറുകൾ സ്ഥാപിക്കാനായി ഇരുമ്പുപാളികളും മറ്റും ഉറപ്പിക്കുന്നതു വേണ്ടത്ര മുൻകരുതലില്ലാതെയാണെന്നു നേരത്തെ പരാതി ഉയർന്നിരുന്നു. താഴെക്കൂടി വാഹനങ്ങളും കാൽനടയാത്രികരും പോകുമ്പോൾ തന്നെ ക്രെയിനിൽ ഭാരമേറിയ വസ്തുക്കൾ ഉയർത്തുന്നതു സ്ഥിരമായിരുന്നു. പണികൾക്കിടെ തൊഴിലാളി മരിക്കുകയും ചെയ്തിരുന്നു.ദേശീയപാതയിൽ വേണ്ടത്ര വെളിച്ചമില്ലാത്തതിനാലാണു രാത്രിയിൽ അപകടങ്ങൾ ഉണ്ടാകുന്നതെന്നും പരാതിയുണ്ട്. അടുത്തിടെ ചന്തിരൂരിനു സമീപം യുവാവ് വാഹനമിടിച്ചു മരിച്ച സ്ഥലത്തും വെളിച്ചക്കുറവുണ്ടായിരുന്നു.