300 വർഷം പഴക്കം; പ്രീ–വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിങ്ങിന്റെ കേന്ദ്രം: ‘സ്റ്റാർ’ ആണ് ഈ തറവാടുമുറ്റം
Mail This Article
കോട്ടയം ∙ ‘സ്റ്റാർ’ ആണ് ഈ തറവാടുമുറ്റം. ഗ്രാമീണമേഖലയിൽ നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ‘സ്റ്റാർ റാങ്കിങ്’ പട്ടികയിൽ ഇടംപിടിച്ച തറവാട്. പതിനഞ്ചിൽക്കടവ് ഭാഗത്ത് 300 വർഷം പഴക്കമുള്ള കുരിശുംമൂട്ടിൽ തറവാടിനാണ് സ്റ്റാർ പദവി ലഭിച്ചത്. കോട്ടയം – കോടിമത – ആലപ്പുഴ ബോട്ട് സർവീസ് നടത്തുന്ന പുത്തൻതോടിനു കരയിലാണ് തറവാട്. പ്രീ – വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിങ്ങിന്റെ കേന്ദ്രമാണ് ഇവിടം.
ഫോട്ടോ ഷൂട്ടിനും റീൽസിനും വമ്പിച്ച പണച്ചെലവുള്ളപ്പോൾ പ്രതിഫലമായി ഒരു രൂപ പോലും വീട്ടുകാർ വാങ്ങുന്നില്ല. പണച്ചെലവ് ഇല്ലെന്നു കരുതി എല്ലാവരും കൂടി ഷൂട്ടിങ്ങിനായി ഓടിച്ചാടി അങ്ങോട്ട് പുറപ്പെടാൻ വരട്ടെ. വീട്ടുകാർക്ക് നൂറുശതമാനം വിശ്വാസമുണ്ടെങ്കിലേ മുറ്റത്തേക്കു കയറ്റൂ.ഇപ്പോഴത്തെ വധൂവരന്മാരുടെ മാതാപിതാക്കൾ ജനിക്കുന്നതിനും മുൻപേ ചിത്രീകരണത്തിനു വേദിയായതാണ് ഈ തറവാട്.
ജോൺ ഏബ്രഹാം സംവിധാനം ചെയ്ത് 1979 ൽ പുറത്തിറങ്ങിയ ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ’ സിനിമയുടെ പ്രധാനപ്പെട്ട ലൊക്കേഷൻ ഇവിടെയായിരുന്നു. അടൂർഭാസിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. നെടുമുടി വേണുവും കവിയൂർ പൊന്നമ്മയും അഭിനയിക്കാൻ എത്തിയത് ഓർമയിലുണ്ടെന്നു തറവാട്ടിൽ താമസിക്കുന്ന, പരേതനായ കെ.സി.ചെറിയാന്റെ ഭാര്യ ലാലി കെ.ചെറിയാൻ പറഞ്ഞു. പക്ഷേ, അതിനുശേഷം പലരും ചിത്രീകരണത്തിനായി എത്തിയെങ്കിലും നൽകിയില്ല.നാലരപ്പതിറ്റാണ്ടിനു ശേഷവും തറവാടിന് ഒരു പോറൽ പോലും ഏൽക്കാതെയാണ് സംരക്ഷിക്കുന്നത്.
ഇപ്പോൾ പരിചയക്കാർ മുഖേനയാണ് പ്രീ – വെഡ്ഡിങ് ചിത്രീകരണത്തിനു നൽകുന്നത്. ഇതുപക്ഷേ വീടിന്റെ മുറ്റത്തു മാത്രമാണ്. ദുബായിലുള്ള മകൻ ബിന്നു കെ.ചെറിയാനും വീട് മനോഹരമായി സൂക്ഷിക്കുന്നതിലാണ് താൽപര്യം.ടൂറിസ്റ്റുകളെ താമസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ അടിസ്ഥാനമാക്കി വീടുകൾക്ക് ഡയമണ്ട്, ഗോൾഡ്, സിൽവർ എന്നിങ്ങനെ റാങ്ക് നൽകാറുണ്ടെന്നു ടൂറിസം അധികൃതർ പറഞ്ഞു. നഗരത്തിൽ വിവിധ മേഖലകളിൽ ഇത്തരത്തിൽ ഹോം സ്റ്റേ സംവിധാനമുണ്ട്.