ഉയരപ്പാത നിർമാണം: ഒരു ഗർഡർ സ്ഥാപിക്കാൻ മുക്കാൽ മണിക്കൂർ വരെ; മണിക്കൂറുകൾ നീണ്ട് ഗതാഗതക്കുരുക്ക്
Mail This Article
തുറവൂർ∙ ദേശീയപാതയിലെ ഉയരപ്പാതയുടെ തൂണുകൾ ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എരമല്ലൂരിൽ ഇന്നലെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. ജംക്‌ഷനോടു ചേർന്നാണു ലോഞ്ചിങ് ഗാൻട്രിയുടെ റെയിൽ സ്ഥാപിച്ചിരിക്കുന്നത്. ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെയാണ് ഗർഡറുകൾ ഉയർത്തുന്നത്. ദേശീയപാതയിൽ നിന്ന് എഴുപുന്ന റോഡിലേക്കു കടക്കുന്ന ഭാഗത്താണു ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നത്. ഏറെ വാഹനത്തിരക്കുള്ള റോഡാണിത്. ഒരു ഗർഡർ സ്ഥാപിക്കുന്നതിന് ഏകദേശം അര മണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ സമയമെടുക്കും.
ചേർത്തലയിൽ നിന്നു എറണാകുളത്തേക്കു പോകുന്ന സ്വകാര്യ ബസുകളും എറണാകുളത്ത് നിന്നും ചേർത്തലയിലേക്കു പോകുന്ന ബസുകളും മേഖലയിലുള്ള സ്വകാര്യ കമ്പനികളിലേക്കു പോകുന്ന ചരക്ക് വാഹനങ്ങളും ജംക്‌ഷൻ വഴിയാണ് തിരിഞ്ഞു പോകുന്നത്. ജംക്‌ഷനിൽ തന്നെ തെക്കുവടക്കായി ലോഞ്ചിങ് ഗാൻട്രിയുടെ റെയിലുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ സ്വകാര്യ ബസുകളും ചരക്ക് ലോറികളും ഏറെ പ്രയാസപ്പെട്ടാണ് വളവ് തിരിയുന്നത്. പാതയുടെ ഇരുവശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലൂടെയാണു ലോഞ്ചിങ് ഗാൻട്രിയുടെ റെയിൽ സ്ഥാപിച്ചിരിക്കുന്നത്. ജംക്‌ഷനിൽ ഇരുനൂറിലധികം വ്യാപാര സ്ഥാപനങ്ങളാണ് പാതയ്ക്ക് ഇരുവശവുമായി പ്രവർത്തിക്കുന്നത്. ഇതും തിരക്ക് വർധിക്കാൻ കാരണമാകുന്നു.