വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കണ്ടെയ്നർ നീക്കം ട്രയൽ റൺ സമയത്തെ ലക്ഷ്യം മറികടന്നു; അപൂർവ നേട്ടം
Mail This Article
വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖത്ത് ട്രയൽ റൺ സമയത്തെ ലക്ഷ്യത്തെ മറികടന്നു കണ്ടെയ്നർ നീക്കം. അൻപതിനായിരമായിരുന്നു ഇക്കാലത്തെ ലക്ഷ്യമെന്നും ഈ സംഖ്യ കടന്നുവെന്നും തുറമുഖ അധികൃതർ പറഞ്ഞു. ഈ മാസത്തോടെ കണ്ടെയ്നർ നീക്കം ഇരട്ടിയിലെത്തുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. നിലവിൽ അറുപതിനായിരത്തോളം എണ്ണം കഴിഞ്ഞു. എംഎസ്‌സി യെ കൂടാതെ ലോകത്തെ മറ്റു മുൻ നിര ഷിപ് ലൈനേഴ്സും കൂടി വിഴിഞ്ഞത്തേക്ക് എത്തുന്നതോടെ കപ്പലുകളുടെ വരവിൽ വലിയ വർധനവാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴിയാണ് കണ്ടെയ്നർ നീക്കം വലിയ അളവിൽ എത്തുക.
അപൂർവ നേട്ടം
വിഴിഞ്ഞം∙ ട്രയൽ റൺ കാലത്ത് ഒറ്റ കപ്പലിൽ നിന്നു മാത്രം 10,330 കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം രാജ്യാന്തര തുറമുഖം അപൂർവ നേട്ടം സ്വന്തമാക്കി. കഴിഞ്ഞ മാസം 27ന് തുറമുഖത്തെത്തിയ എംഎസ്‌സി അന്ന എന്ന കപ്പലിൽ നിന്നാണ് ഇത്രയധികം കണ്ടെയ്നറുകൾ കയറ്റിറക്കി വിഴിഞ്ഞം ഈ നേട്ടം കൈവരിച്ചത്. രാജ്യത്ത് ഒരു കപ്പലിൽ നിന്നുള്ള ഏറ്റവും വലിയ കണ്ടെയ്നർ നീക്കങ്ങളിൽ ഒന്നാണിതെന്ന് തുറമുഖ അധികൃതർ അറിയിച്ചു.
ട്രയൽ റൺ സമയം ഇത്രയധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തത് വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ച് അപൂർവ നേട്ടമാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്ത് അടുത്ത ഏറ്റവും വലിയ രണ്ടാമത്തെ കപ്പലെന്ന പദവിയും എംഎസ്‌സി അന്ന സ്വന്തമാക്കി. ട്രയൽ റണ്ണിൽ സ്വായത്തമാക്കിയ ഈ നേട്ടം വരും നാളുകളിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ വിഴിഞ്ഞത്തെ പ്രാപ്തമാക്കുമെന്നു മന്ത്രി വി.എൻ.വാസവൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.