സന്തോഷ് നെഞ്ചിൽ പച്ച കുത്തിയത് ഭാര്യയുടെ പേര്; അത് ഗ്രീൻ സിഗ്നലായി; മുങ്ങിയത് രണ്ടു തവളച്ചാട്ടത്തിൽ, അന്തംവിട്ട് പൊലീസ്
Mail This Article
ആലപ്പുഴ∙ കുറുവ സംഘാംഗം തമിഴ്നാട് തേനി കാമാക്ഷിപുരം സ്വദേശി സന്തോഷ് ശെൽവം (25) നെഞ്ചിൽ പച്ച കുത്തിയത് ഭാര്യയുടെ പേര്: ജ്യോതി. മോഷണം നടന്ന കോമളപുരത്തെ സിസിടിവി ക്യാമറകൾ അതു കണ്ടു. ആ ‘പച്ചപ്പേര്’ അന്വേഷണത്തിൽ പൊലീസിനു ഗ്രീൻ സിഗ്നലായി. മോഷ്ടാക്കളിലൊരാളുടെ നെഞ്ചിൽ എന്തോ അടയാളമുള്ളതായാണു ക്യാമറയിൽ ആദ്യം കണ്ടത്. പൊലീസ് അതു സൂക്ഷ്മമായി പരിശോധിച്ചു ‘ജ്യോതി’യെന്നു കണ്ടെത്തി. കൊച്ചി മരട് കുണ്ടന്നൂർ മേൽപാലത്തിനടിയിൽ താവളമാക്കിയ തമിഴ്നാട് സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ പിന്തുടർന്ന് ശനിയാഴ്ച രാത്രി സന്തോഷിനെ പിടികൂടിയപ്പോൾ ആദ്യം നോക്കിയതു നെഞ്ചിലാണ്. അതോടെ ഉറപ്പായി; പ്രതി ഇതുതന്നെ.
മോഷണ സമയത്ത് കൈയുറയും മുഖംമൂടിയും ധരിക്കുന്നതിനാൽ ഒരു തെളിവും ശേഷിപ്പിക്കാറില്ല കുറുവ സംഘങ്ങൾ. കുഴങ്ങിയ പൊലീസിനു പച്ചകുത്തൽ കച്ചിത്തുരുമ്പായി. തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ പച്ചകുത്തിയ സ്ഥിരം മോഷ്ടാക്കളുടെ വിവരങ്ങൾ തേടി. അങ്ങനെയാണു സന്തോഷിലേക്ക് എത്തിയത്. കുറുവ സംഘത്തിൽ നിന്നു പിരിഞ്ഞ മുൻ മോഷ്ടാക്കളെയും പൊലീസ് ബന്ധപ്പെട്ടു. പാലായിലെ മോഷണക്കേസിൽ പ്രതിയായ ഒരാളിൽ നിന്നാണു കൂടുതൽ വിവരം കിട്ടിയത്. മോഷണം നിർത്തി നല്ല നടപ്പിലായിരുന്നു ഇയാൾ. തമിഴ്നാട് പൊലീസ് നൽകിയ ചിത്രം ഉപയോഗിച്ച് ‘മുൻ കുറുവ’ക്കാരോടു കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു. ആദ്യം സന്തോഷിന്റെ പഴയ മൊബൈൽ നമ്പറും പിന്നാലെ ഇപ്പോഴത്തെ നമ്പറും കണ്ടെത്തി. ടവർ ലൊക്കേഷൻ നോക്കിയപ്പോൾ കുണ്ടന്നൂർ.
നാലു ദിവസത്തെ ഓപ്പറേഷൻ
മണ്ണഞ്ചേരി പൊലീസ് വേഷം മാറി 4 ദിവസമാണു കുണ്ടന്നൂർ പാലത്തിനടിയിലെ സംഘത്തെ നിരീക്ഷിച്ചത്. സംശയം തോന്നിയാൽ കുറുവ സംഘം മുങ്ങും, അല്ലെങ്കിൽ ആക്രമിക്കും. അതിനാൽ ശനിയാഴ്ച ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചു. വൈകിട്ടു പാലത്തിനു താഴെയെത്തി അവിടെ കൂടാരമുണ്ടാക്കി താമസിക്കുന്നവരെ ചോദ്യം ചെയ്ത ശേഷം സന്തോഷിനെയും മണികണ്ഠനെയും കസ്റ്റഡിയിലെടുത്തു. അതോടെ സംഘത്തിലെ സ്ത്രീകൾ പൊട്ടിത്തെറിച്ച് പൊലീസിനെ വളഞ്ഞു. ആ തക്കം നോക്കിയാണു സന്തോഷ് കടന്നത്.
തവളയെപ്പോലെ രണ്ടു ചാട്ടം ചാടി ഇയാൾ അടുത്തുള്ള തോട്ടിലെത്തുന്നതു കണ്ട് പൊലീസ് അന്തംവിട്ടു. കൂടാരത്തിനകത്തു സന്തോഷ് ഒളിച്ചിരുന്നത് ഒരു കുഴിയിലാണ്. സമീപം വലിയൊരു കത്തി. മോഷണത്തിനും വാതിൽ പൊളിക്കാനും ആക്രമണത്തിനുമുള്ള ആയുധം. സന്തോഷിനു കത്തിയെടുക്കാൻ സമയം കിട്ടും മുൻപേ പൊലീസ് കീഴടക്കിയതിനാൽ കത്തിക്കുത്തുണ്ടായില്ല. കുറുവ സംഘം ആക്രമണകാരികളാണെന്ന വിവരമുള്ളതിനാൽ കവർച്ചയ്ക്കിടെ ഇവരെ കണ്ടാലും ആളുകൾ പേടിച്ച് അനങ്ങില്ല. ഈ ഭീതി മുതലെടുത്താണു സംഘം അനായാസം മോഷണം നടത്തുന്നത്.
മുറിച്ച ആഭരണങ്ങൾ പരിശോധിക്കുന്നു
കലവൂർ ∙ സന്തോഷും കുടുംബവും താമസിച്ചിരുന്ന സ്ഥലത്തു നിന്നു കണ്ടെടുത്തത് മുറിച്ച സ്വർണാഭരണങ്ങൾ. ഉരച്ചുനോക്കി സ്വർണമാണോയെന്ന് ഉറപ്പിക്കാനാകണം ഇവ മുറിച്ചതെന്നാണു പൊലീസ് കരുതുന്നത്. ഇവർ കൂടുതൽ സ്വർണം എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോയെന്നും പണയം വച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പകൽ മീൻപിടിത്തവും രാത്രി മോഷണവുമാണു സന്തോഷിന്റെ രീതി. താമസിക്കുന്നതു ഭാര്യയും മക്കളും ബന്ധുക്കളുമൊത്ത്. ഭാര്യയും മറ്റു സ്ത്രീകളും പകൽ മീൻപിടിക്കും.
പരിസരവാസികൾക്ക് ഇവരുടെ രീതികളിൽ സംശയം തോന്നിയിരുന്നു. പുരുഷന്മാരെ പകൽ പുറത്തു കാണാറില്ലെന്നതും സംശയം ജനിപ്പിച്ചു. പലപ്പോഴും കൂടാരത്തിൽ ഇവർ ഉറക്കമായിരിക്കും. ചിലപ്പോൾ ചെറിയ ജോലികളുടെ മറവിൽ ചുറ്റിക്കറങ്ങി മോഷണത്തിനു വീടുകൾ കണ്ടുവയ്ക്കും. ശബരിമല തീർഥാടന കാലമായ നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇവർ കേരളത്തിലെത്തുന്നതെന്നു പൊലീസ് പറഞ്ഞു. രാത്രിയിലുൾപ്പെടെ തീർഥാടകരുടെ തിരക്കുള്ളത് ഇവർക്കു സൗകര്യമാകും. ട്രെയിനിലും ബസിലും സഞ്ചരിക്കുന്ന ഇവരെ തിരിച്ചറിയാൻ പൊലീസിനും പ്രയാസമാകും.
പണവും നിയമസഹായവും
കലവൂർ ∙ കുറുവ സംഘത്തിനു വലിയ സാമ്പത്തിക പിൻബലവും അഭിഭാഷക സംഘവും ഉണ്ടെന്നു പൊലീസ് പറഞ്ഞു. കഴിയുന്നതും തെളിവുകൾ അവശേഷിപ്പിക്കാതെയാണു മോഷണം. കേസായാൽ നിയമസഹായവും കോടതിയിൽ കെട്ടിവയ്ക്കാനുള്ള പണവും എപ്പോഴും തയാറാണ്. അതിനാൽ പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം കോടതിയിൽ ഹാജരാക്കാനാണു പൊലീസിന്റെ ശ്രമം. പ്രതികളെ കോടതിയിലെത്തിച്ചാൽ പരിസരത്ത് സ്ത്രീകളും ബന്ധുക്കളുമെല്ലാം സംഘടിച്ചെത്തി ബഹളം വച്ചു ശ്രദ്ധ നേടാൻ ശ്രമിക്കാറുണ്ട്.
പ്രതികൾക്ക് ആൾജാമ്യം കിട്ടാത്തതിനാലും കൂട്ടത്തിലുള്ളവർക്കു ഭൂമിയുടെയോ മറ്റോ രേഖകൾ ഇല്ലാത്തതിനാലും മോഷണമുതലിന്റെ മൂല്യത്തിനു തുല്യമായ തുക കോടതിയിൽ കെട്ടിവച്ചാണു ജാമ്യം നേടുന്നത്. ലക്ഷക്കണക്കിനു രൂപ ഇവർ ചുരുങ്ങിയ സമയത്തിനകം അഭിഭാഷകർ വഴി അടയ്ക്കും. പിന്നെ കോടതിയിൽ എത്താറില്ല.കുണ്ടന്നൂരിൽ നിന്നു സ്ത്രീകൾ പ്രതികളെ കസ്റ്റഡിയിലെടുത്ത ആലപ്പുഴയിലെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ കൃത്യമായി മനസ്സിലാക്കി എത്തിയതു പുറത്തുനിന്നുള്ള സഹായത്തിലാണെന്നു പൊലീസ് സംശയിക്കുന്നുണ്ട്. സ്റ്റേഷന്റെ ചിത്രവും വഴിയും മറ്റും ആരോ അവർക്കു പറഞ്ഞുകൊടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.