സിയാദിന്റെ ജീവനെടുത്ത റോഡിനു കുറുകെ കെട്ടിയ കയർ; പൊലിഞ്ഞത് കുടുംബത്തിന്റെ ഏക ആശ്രയം
Mail This Article
ആലപ്പുഴ∙ മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ കയറാണു കുന്നുമ്മ കുറുപ്പൻചേരിയിൽ സിയാദിന്റെ ജീവനെടുത്തത്. റോഡിലേക്കു താഴ്ന്നു കിടക്കുന്ന കേബിളുകളിലും അശ്രദ്ധമായി വലിച്ചുകെട്ടിയ കയറുകളിലും കുരുങ്ങിയുള്ള അപകടങ്ങൾ തുടർക്കഥയാകുമ്പോഴും ഇത്തരം അപകടക്കെണികൾ ഒഴിവാക്കാനുള്ള നടപടികളുണ്ടാകുന്നില്ല.രണ്ടു വർഷത്തിനിടെ 4 പേരാണ് ജില്ലയിൽ അശ്രദ്ധയുടെയും അനാസ്ഥയുടെയും ഇരകളായി മരണക്കുരുക്കിൽ കുടുങ്ങിയത്. പരുക്കേറ്റവർ ഒട്ടനവധി. ടെലികോം സ്ഥാപനങ്ങളുടെയും മറ്റും കേബിളുകളും രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും തോരണങ്ങൾ കെട്ടുന്ന കയറുമെല്ലാം പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു.
മരണക്കെണി ഒരുക്കുന്ന കേബിളുകൾ
ബിഎസ്എൻഎലിന്റെയും സ്വകാര്യ ടെലികോം സ്ഥാപനങ്ങളുടെയും കേബിളുകൾ പലയിടത്തും അപകടകരമായ രീതിയിൽ റോഡിലേക്ക് ചാഞ്ഞുകിടക്കുന്നുണ്ട്. കറ്റാനത്ത് ടെലിഫോൺ കേബിളിൽ കുരുങ്ങി സ്കൂട്ടർ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചതു 2023 ഓഗസ്റ്റിലാണ്. കറ്റാനം മണ്ണാച്ചിരേത്ത് തുളസീധരനാണ് (60) ആണ് മരിച്ചത്. റോഡിനു സമീപം കിടന്ന കേബിളിൽ സ്കൂട്ടർ കുടുങ്ങി റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു.കായംകുളം ഇടശേരിൽ ജംക്‌ഷനു സമീപം ഇരുചക്ര വാഹനത്തിൽ ഭർത്താവിനൊപ്പം സഞ്ചരിക്കുമ്പോൾ സ്ത്രീ കേബിൾ കഴുത്തിൽ കുരുങ്ങി റോഡിൽ തലയിടിച്ചു വീണു മരിച്ചത് 2023 ഫെബ്രുവരിയിലാണ്. ആദിനാട് വടക്ക് കണ്ടത്തിൽതറയിൽ ഒ.ഉഷ(56) ആണ് മരിച്ചത്.
കെട്ടിവലിക്കുന്ന കയറിലും അപകടക്കുരുക്ക്
ചേർത്തലയിൽ കേടായ ഓട്ടോറിക്ഷ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനിടെ കയറിൽ തട്ടി റോഡിൽ തെറിച്ചുവീണ് യുവാവ് മരിച്ചത് ഈ വർഷം ജൂണിലാണ്.അർത്തുങ്കൽ ജംക്‌ഷനിൽ കേടായ ഓട്ടോറിക്ഷ കയർ ഉപയോഗിച്ച് മറ്റൊരു ഓട്ടോറിക്ഷയിൽ കെട്ടിവലിക്കുന്നതിനിടെ ബൈക്ക് യാത്രക്കാരനായ കടക്കരപ്പള്ളി ഇലങ്ങാട്ട് പരേതനായ ബാബുവിന്റെ മകൻ കിച്ചു(24) ആണ് കയറിൽ തട്ടി റോഡിൽ വീണു മരിച്ചത്.പാതിരപ്പള്ളിയിൽ മറ്റൊരു ഓട്ടോറിക്ഷ കെട്ടിവലിച്ചു കൊണ്ടുവരികയായിരുന്ന ഓട്ടോ ഇടിച്ചു തെറിച്ചുവീണു കയറിൽ കുരുങ്ങിയ സ്കൂട്ടർ യാത്രക്കാരൻ മരിച്ചത് ഈ വർഷം മേയിൽ. തകഴി പഞ്ചായത്ത് നാരായണമംഗലത്ത് ഹരികുമാറാണ്(52) മരിച്ചത്. ഓട്ടോ ഇടിച്ചതിനെ തുടർന്നു നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നു തെറിച്ചു വീണ ഹരികുമാർ ഓട്ടോ കെട്ടിവലിച്ച കയറിൽ കുരുങ്ങുകയായിരുന്നു.
പൊലിഞ്ഞത് കുടുംബത്തിന്റെ ഏക ആലംബം
തകഴി ∙ സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്താതെ മരം മുറിച്ചു നീക്കാൻ കെട്ടിയ വടം കഴുത്തിൽ കുടുങ്ങി ഉണ്ടായ അപകടത്തിൽ യുവാവിന്റെ ദാരുണ മരണം നിർധന കുടുംബത്തിന്റെ ഏക ആലംബമാണ് ഇല്ലാതാക്കിയത്. തകഴി കുന്നുമ്മ കുറുപ്പൻചേരി സിയാദിന്റെ (32) മരണം തകഴി ഗ്രാമത്തെയും ദുഃഖത്തിലാഴ്ത്തി.നാടിന്റെയും സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവനായിരുന്നു സിയാദ്. ഭാര്യ സീനാമോൾ, മക്കളായ മുഹമ്മദ് സഫ്രാൻ, നുറുൽ നിസ എന്നിവരോടൊപ്പം ബൈക്കിൽ തകഴിയിലേക്കു വരുമ്പോഴാണു സിയാദിന്റെ കഴുത്തിൽ വടം കുടുങ്ങിയത്. ഭാര്യയുടെയും മക്കളുടെയും കൺമുന്നിൽ സിയാദ് ഓർമയായി. സീനാമോളും മക്കളും ആശുപത്രിയിൽ ചികിത്സ തേടി. സിയാദിന്റെ സഹോദരി ഷമിയുടെ പായിപ്പാട്ടെ വീട്ടിൽ പോയി തിരികെ വരികയായിരുന്നു കുടുംബം.പെയിന്റിങ് തൊഴിലാളിയായ സിയാദ് ജോലിക്കു പോയി കിട്ടുന്ന വേതനമായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. മാതാപിതാക്കളായ സെയ്ദു കുഞ്ഞും ഐഷയും സിയാദിനും കുടുംബത്തിനുമൊപ്പമാണു താമസം. മകന്റെ വേർപാട് മാതാപിതാക്കൾക്കും തീരാ നൊമ്പരമായി. സഹോദരിയുടെ വീട്ടിൽ പോയി തിരികെ വരാമെന്നു മാതാപിതാക്കൾക്കു വാക്കു നൽകി ശനിയാഴ്ച പോയ സിയാദ് ഇന്നു ചേതനയറ്റ ശരീരമായാകും കുറുപ്പൻചേരി വീട്ടിൽ എത്തുക.