ഒൻപതടി നീളത്തിൽ രാജവെമ്പാല; ഊൺമേശയുടെ അടിയിൽ: പിന്നാലെ ശബ്ദമുണ്ടാക്കി കാക്കകളും
Mail This Article
കോന്നി∙ വീട്ടിലെ ഭക്ഷണമേശയുടെ അടിവശത്ത് കണ്ട രാജവെമ്പാലയെ വനംവകുപ്പ് അധികൃതർ പിടികൂടി. ആനകുത്തി അയ്യാന്തിയിൽ തോമസ് ഏബ്രഹാമിന്റെ വീട്ടിൽ ഇന്നലെ വൈകിട്ട് 4.45നാണ് സംഭവം. ഒൻപത് അടി നീളമുള്ള വലിയ പാമ്പാണിത്. തോമസ് ഏബ്രഹാമും ഭാര്യ മിനിയും വീടിന്റെ ഹാളിൽ ഇരിക്കുമ്പോൾ മുൻപിലത്തെ വാതിലിലൂടെ പാമ്പ് വേഗത്തിൽ ഇഴഞ്ഞു മുറിക്കുള്ളിലേക്കു കടക്കുകയായിരുന്നു. പിന്നാലെ ശബ്ദമുണ്ടാക്കി കാക്കകളും പറന്നെത്തി.
പാമ്പ് ഊണുമുറിയിലെ മേശയുടെ അടിവശത്തേക്കു കയറുകയും ചെയ്തു. വീട്ടുകാർ ഭയന്നു മണ്ണെണ്ണ തളിച്ചതോടെ പാമ്പ് പത്തിവിടർത്തി. തുടർന്നു മൂർഖനാണെന്നു കരുതി വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കോന്നിയിൽ നിന്നു സ്ട്രൈക്കിങ് ഫോഴ്സ് അധികൃതരെത്തി പരിശോധന നടത്തിയപ്പോഴാണു രാജവെമ്പാലയാണെന്നു തിരിച്ചറിയുന്നത്. തുടർന്നു ശാസ്ത്രീയ മാർഗത്തിൽ പാമ്പിനെ പിടികൂടുകയും ചെയ്തു.
പരിശീലനം സിദ്ധിച്ച ശേഷം സ്ട്രൈക്കിങ് ഫോഴ്സ് രക്ഷപ്പെടുത്തുന്ന ഒൻപതാമത്തെ രാജവെമ്പാലയാണിത്. ഇതിനെ പിന്നീട് അച്ചൻകോവിൽ വനത്തിൽ വിട്ടു. സ്ട്രൈക്കിങ് ഫോഴ്സിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എസ്.രാജേഷ് കുമാർ, ഡി.രാജേഷ്, എ.അഭിലാഷ്, ലാലു എസ്.കുമാർ, വിപിൻ എന്നിവരടങ്ങുന്ന സംഘമാണു പാമ്പിനെ പിടികൂടിയത്.