ADVERTISEMENT

വളപട്ടണം ∙ മന്നയിൽ അരി മൊത്തവ്യാപാരിയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒരുകോടി രൂപയും 300 പവൻ സ്വർണാഭരണങ്ങളും കവർന്നു. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച പണവും സ്വർണവുമാണ് നഷ്ടപ്പെട്ടത്. നേരിയരി മൊത്ത വ്യാപാര സ്ഥാപനമായ അഷ്റഫ് ട്രേഡേഴ്സ് ഉടമ മന്ന കെഎസ്ഇബി ഓഫിസിനു സമീപം കോറലിൽ കെ.പി.അഷ്റഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ 19ന് വീടുപൂട്ടി മധുരയിൽ സുഹൃത്തിന്റെ വീട്ടിൽ കല്യാണത്തിനു പോയതാണ്. മന്ന– വളപട്ടണം മെയിൻ റോഡിനോട് ചേർന്നാണ് മോഷണം നടന്ന വീട്. 

ഇന്നലെ രാത്രി പത്തോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രിൽസ് മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. കിടപ്പുമുറിയിലെ അലമാരയിലാണ് ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത്. അലമാര കുത്തിത്തുറന്ന് താക്കോൽ കൈവശപ്പെടുത്തിയാണ് മോഷണം. മൂന്നുപേർ മതിൽചാടി അകത്തു കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മുൻവശത്തെ ക്യാമറയിൽനിന്നു ലഭിച്ചിട്ടുണ്ട്. മറ്റു ക്യാമറകളിൽ ചിലത് ദൃശ്യം പതിയാതിരിക്കാൻ തിരിച്ചുവച്ച നിലയിലാണ്. 

വളപട്ടണം ഇൻസ്പെക്ടർ ടി.പി.സുമേഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. പുതിയതെരു, ചിറക്കൽ കട്ടിങ്, മന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് പരിശോധന നടത്തി വരികയാണ്. 

ഏതാനും ദിവസമായി വളപട്ടണം, ചിറക്കൽ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മോഷണങ്ങൾ നടന്നതായി പൊലീസ് പറഞ്ഞു. ഇന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തും.  മന്ന– വളപട്ടണം മെയിൻ റോഡിനോട് ചേർന്നുള്ള വീട്ടിലാണ് കവർ‌ച്ച നടന്നത്. 

English Summary:

A high-value robbery has left a Mannar community in shock after thieves targeted a local rice merchant, escaping with a significant sum of cash and gold ornaments.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com