ADVERTISEMENT

ചെങ്ങന്നൂർ ∙ ആൾത്താമസമില്ലാത്ത വീടെന്ന് കണ്ടാണു മുംബൈ സ്വദേശിയായ കള്ളൻ മോഷ്ടിക്കാൻ കയറിയത്. മോഷണത്തിനു ശേഷം വിശ്രമിക്കാനായി അതേ വീട്ടിൽ കിടന്നുറങ്ങിപ്പോയി. ഉറക്കമുണർന്നപ്പോൾ കണി കണ്ടതു പൊലീസുകാരെ. മുംബൈ ഭഗത്‌സിങ് നഗറിൽ താമസക്കാരനായ അജയ് മൊഹന്തയാണ് (39) അറസ്റ്റിലായത്.പൊലീസ് പറയുന്നത്: നഗരസഭ രണ്ടാം വാർഡിൽ മുളമൂട്ടിൽ പറമ്പിൽ രാജന്റെ വീടിനുള്ളിൽ നിന്നാണു പ്രതിയെ പിടികൂടിയത്. രാജൻ മകളുടെ വീട്ടിലേക്കു പോയതിനാൽ 2 മാസത്തോളമായി വീട് അടച്ചിട്ടിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം രാജന്റെ സഹോദരൻ പുരയിടത്തിലെ കപ്പക്കൃഷി നോക്കുന്നതിനായി എത്തിയപ്പോഴാണു വീടിനുള്ളിൽ ഒരാൾ പുതച്ചു മൂടി കിടക്കുന്നതായി കണ്ടത്. തുറന്നു കിടന്ന ജനാല വഴി പല തവണ വിളിച്ചിട്ടും പ്രതികരണം ഉണ്ടാകാതിരുന്നതിനാൽ സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചു. 

പൊലീസ് എത്തി വീടിനുള്ളിൽ കടന്നു തട്ടിവിളിച്ചതോടെ ഉറക്കമുണർന്ന അജയ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്നു പിടികൂടിയ ശേഷം ഇയാളുമായി നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ കട്ടർ, ഹാക്സോ ബ്ലേഡ്, കത്തി, കൊടുവാൾ എന്നിവ കണ്ടെത്തി. വിശദമായി ചോദ്യം ചെയ്തതോടെ  ഇയാൾ സ്ഥിരം മോഷ്ടാവാണെന്നു തെളിഞ്ഞത്. 

മുളമൂട്ടിൽ പറമ്പിൽ വീട്ടിലെ നിരവധി വീട്ടുപകരണങ്ങളും കവർച്ച നടത്തി ഒളിപ്പിച്ചിരുന്നു. വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന പ്രതി രണ്ട് ഓട്ടുനിലവിളക്കുകൾ, ഓടിൽ തീർത്ത വാൽക്കിണ്ടി, സേവനാഴി , ഇലക്ട്രിക് മോട്ടർ തുടങ്ങിയവ മോഷ്ടിച്ചു. പൊലീസ് നടത്തിയ തെളിവെടുപ്പിൽ തൊണ്ടിമുതൽ കണ്ടെടുത്തു. അടഞ്ഞു കിടക്കുന്ന വീടുകൾ പകൽ നിരീക്ഷിച്ച ശേഷം രാത്രി മോഷണം നടത്തുന്ന രീതിയാണ് പ്രതിയുടേതെന്നു പൊലീസ് പറഞ്ഞു.

English Summary:

Mumbai thief arrested in Chengannoor after house robbery. Ajay Mohanta fell asleep in the victim's house after the theft, leading to his arrest by Kerala Police.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com