ബെന്നിഗനഹള്ളി–ചിക്കബാനവാര സബേർബൻ പാത; ഹെബ്ബാളിൽ സ്റ്റേഷൻ നിർമാണത്തിനു തുടക്കം
Mail This Article
ബെംഗളൂരു∙ ബെന്നിഗനഹള്ളി–ചിക്കബാനവാര സബേർബൻ പാതയുടെ ഭാഗമായി ഹെബ്ബാളിൽ സ്റ്റേഷൻ നിർമാണത്തിനു തുടക്കമായി. സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായ കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി (കെ റൈഡ്) യുടെ നിയന്ത്രണത്തിലാണ് തൂൺ നിർമാണം ആരംഭിച്ചത്. 25.57 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 9.72 കിലോമീറ്റർ ദൂരം തൂണുകൾക്ക് മുകളിലൂടെയാണ് കടന്നുപോകുന്നത്.
നിലവിലെ റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ എന്നിവയോട് ചേർന്നാണ് സബേർബൻ സ്റ്റേഷനും വരുന്നത്. അയൽജില്ലകളെ ബെംഗളൂരു നഗരവുമായി കൂട്ടിയിണക്കാൻ 148.17 കിലോമീറ്റർ ദൂരമാണ് സബേർബൻ പാത നിർമിക്കുന്നത്. ബെന്നിഗനഹള്ളി–ചിക്കബാനവാര പാതയ്ക്ക് പുറമെ കെഎസ്ആർ ബെംഗളൂരു–ദേവനഹള്ളി (41.40 കിലോമീറ്റർ), കെങ്കേരി–കന്റോൺമെന്റ്–വൈറ്റ്ഫീൽഡ് (35.52 കിലോമീറ്റർ), ഹീലലിഗെ– രാജനകുണ്ഡെ (46.24 കിലോമീറ്റർ) എന്നീ 4 ഇടനാഴികളാണുള്ളത്.
സിൽക്ക് ബോർഡ് മേൽപാലം ഇന്നു മുതൽ അടച്ചിടും
മെട്രോ സിൽക്ക് ബോർഡ് ജംക്‌ഷനിലെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി മഡിവാള ഭാഗത്തേയ്ക്കുള്ള മേൽപാലം ഇന്ന് മുതൽ 4 മാസത്തേക്ക് അടയ്ക്കും. സിൽക്ക് ബോർഡിൽ നിന്ന് മഡിവാള ഭാഗത്തേക്ക് വരുന്ന റാംപാണ് അടയ്ക്കുന്നത്. ആർവി റോഡ്–ബൊമ്മസന്ദ്ര, സിൽക്ക്ബോർഡ്–കെആർ പുരം പാതകളുടെ ഇന്റർചേഞ്ച് സ്റ്റേഷൻ സിൽക്ക്ബോർഡിലാണ് വരുന്നത്.
മെട്രോ പാതകൾ മോദി ഉദ്ഘാടനം ചെയ്തു
നമ്മ മെട്രോ കെങ്കേരി–ചല്ലഘട്ടെ, ബയ്യപ്പനഹള്ളി–കെആർ പുരം പാതകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിച്ചു. ഡൽഹി–ഗാസിയാബാദ്–മീററ്റ് റീജനൽ റാപ്പിഡ് ട്രാൻസിസ്റ്റ് സംവിധാനത്തിന്റെ ഉദ്ഘാടനത്തിനൊപ്പമാണ് മെട്രോയുടെ ഫ്ലാഗ് ഓഫും മോദി നിർവഹിച്ചത്. ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്ലാതെ ഈ മാസം 9 മുതൽ ബയ്യപ്പനഹള്ളി–കെആർ പുരം (2.1 കിലോമീറ്റർ), കെങ്കേരി–ചല്ലഘട്ടെ (2.05 കിലോമീറ്റർ) പാതകളിൽ ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നു.
നമ്മ മെട്രോ 13 –ാം വർഷത്തിലേക്ക്
നമ്മ മെട്രോ 13–ാം വർഷത്തിലേക്ക് പ്രവേശിച്ചപ്പോൾ പ്രതിദിന യാത്രക്കാരുടെ എണ്ണം 8 ലക്ഷത്തിലേക്ക് അടുക്കുന്നു. വൈറ്റ്ഫീൽഡ്–ചല്ലഘട്ട പാതയിൽ പൂർണതോതിൽ മെട്രോ സർവീസ് ആരംഭിച്ചതോടെയാണ് യാത്രക്കാരുടെ എണ്ണം 7 ലക്ഷം കടന്നത്.
19ന് പർപ്പിൾ, ഗ്രീൻ ലൈനുകളിലായി 7,40,985 പേരാണ് യാത്ര ചെയ്തത്. മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബിഎംടിസിയുടെ കൂടുതൽ സർവീസുകൾ ആരംഭിച്ചതോടെ ഈ മാസത്തോടെ തന്നെ യാത്രക്കാരുടെ എണ്ണം 8 ലക്ഷം കടയ്ക്കുമെന്നാണ് ബിഎംആർസി കണക്കുകൂട്ടുന്നത്.
2011 ഒക്ടോബർ 20നാണ് എംജി റോഡ്–ബയ്യപ്പനഹള്ളി (6.5 കിലോമീറ്റർ) ദൂരം ആദ്യ മെട്രോ സർവീസ് ആരംഭിച്ചത്. നിലവിൽ 73.81 കിലോമീറ്റർ ദൂരവും 66 സ്റ്റേഷനുകളുമായി രാജ്യത്തെ മെട്രോ പാതകളിൽ രണ്ടാം സ്ഥാനത്താണ് നമ്മ മെട്രോ.