കുഴി അടയ്ക്കൽ പരാതി വ്യാപകം ‘ആപ്പാ’കുന്ന ആപ്
Mail This Article
ബെംഗളൂരു∙ നഗര നിരത്തുകളിലെ കുഴി അടയ്ക്കുന്നതിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കാൻ ബിബിഎംപി പുറത്തിറക്കിയ ആപ്പുകളെക്കുറിച്ച് പരാതി വ്യാപകം. കുഴി അടയ്ക്കാതെ പ്രശ്നം പരിഹരിച്ചതായി അറിയിപ്പു നൽകുന്നതായാണ് പരാതി. അടിസ്ഥാന സൗകര്യ വികസന പ്രശ്നങ്ങളിൽ പരാതി നൽകുന്നതിനുള്ള സഹായ 2.0 (sahaaya 2.0) എന്ന ആപ്പിന് എതിരെയാണ് പ്രധാനമായും ആക്ഷേപം. കുഴികളുടെ ചിത്രങ്ങളും വിവരങ്ങളും ആപ്പിൽ അപ്‌ലോഡ് ചെയ്യുന്നവർക്കു മണിക്കൂറുകൾക്കകം പ്രശ്നം പരിഹരിച്ചെന്നു മറുപടി ലഭിക്കും.
എന്നാൽ കുഴി ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും യാതൊരു നടപടിയും സ്വീകരിക്കാതെയാണ് മറുപടി നൽകുന്നതെന്നും ഇവർ പറയുന്നു.പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു വീഴ്ച ഉണ്ടായതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. നഗര നിരത്തുകളിലെ കുഴികൾ ഉദ്യോഗസ്ഥർക്കു കണ്ടെത്താവുന്നതിലും അധികമായതോടെയാണ് ജനങ്ങളുടെ സഹായം തേടിയത്. ഓരോ മേഖലയിലെയും പരാതി പരിഹരിക്കാൻ ഉദ്യോഗസ്ഥരെയും നിയോഗിച്ചു.
ആപ്പുകൾ ഒട്ടേറെ
കുഴികൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്താൻ ഒട്ടേറെ ആപ്പുകളാണ് 2 വർഷത്തിനിടെ ബിബിഎംപി പുറത്തിറക്കിയത്. റോഡ് പോട്ട്‌ഹോൾ അറ്റൻഷൻ, ഫിക്സ് പോട്ട്‌ഹോൾ, പേസ് (പോട്ട്‌ഹോൾ അസിസ്റ്റൻസ് സിറ്റിസൻ എൻഗേജ്മെന്റ്), ഫിക്സ് മൈ സ്ട്രീറ്റ് എന്നിങ്ങനെ പട്ടിക നീളുന്നു. ഇതിൽ പലതും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചു. ചിലത് ഭാഗികമായി പ്രവർത്തിക്കുന്നു.
ഏത് ആപ്പിലൂടെ പരാതി നൽകിയാലാണു കൃത്യമായ പരിഹാരം ഉണ്ടാകുകയെന്നതു സംബന്ധിച്ച് അവ്യക്തത നിലനിൽക്കുകയാണ്. പലതവണ സമയപരിധി നിശ്ചയിച്ചിട്ടും അപകടക്കുഴികൾക്ക് പൂർണമായ പരിഹാരം കാണാൻ ബിബിഎംപിക്ക് സാധിച്ചിട്ടില്ല. ഇടയ്ക്കിടെ മഴ പെയ്യുന്നതും ഗുണനിലവാരമില്ലാത്ത നവീകരണവും തിരിച്ചടിയാണ്.