കൺനിറയെ കണ്ടു, മറീനയിലെ കടൽ
Mail This Article
ചെന്നൈ ∙ അരികെ ഉണ്ടായിട്ടും ശാരീരിക പരിമിതികൾ മൂലം ഏറെ അകലത്തായിരുന്ന മറീനയിലെ കടൽ ഇന്ന് അവർക്കു കൺമുന്നിൽ പ്രത്യക്ഷപ്പെട്ടു. നാളിതുവരെയും അന്യമായിരുന്ന കടലിന്റെ സൗന്ദര്യം അവർ മതിയാവോളം നുകർന്നു.
ഭിന്നശേഷിക്കാർക്കായി മറീന ബീച്ചിൽ സ്ഥാപിച്ച റാംപിലൂടെയാണു ശാരീരിക വെല്ലുവിളികളെ തരണം ചെയ്ത് അവർ കടൽ കാണാനെത്തിയത്. 1.14 കോടി രൂപ ചെലവിൽ 234 മീറ്റർ നീളത്തിലും 3മീറ്റർ വീതിയിലുമാണ് വിവേകാനന്ദ ഹൗസിന് എതിർവശത്തായി റാംപ് നിർമിച്ചത്. ഉദയനിധി സ്റ്റാലിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.എൻ.നെഹ്റു, കോർപറേഷൻ മേയർ ആർ.പ്രിയ, കമ്മിഷണർ ഗഗൻദീപ് സിങ് ബേദി തുടങ്ങിയവർ പങ്കെടുത്തു.
വിവിധ വർണങ്ങളിലൂള്ള ബലൂണുകൾ കൊണ്ട് അലങ്കരിച്ച റാംപിലൂടെ ഉദ്ഘാടനത്തിനു ശേഷം ഒട്ടേറെ ഭിന്നശേഷിക്കാരാണു കടൽ കാണാൻ എത്തിയത്. വീൽ ചെയറിന്റെ സഹായത്തോടെ ചിലർ ഒറ്റയ്ക്കു തന്നെ റാംപിലൂടെ സഞ്ചരിച്ചു. മറ്റു ചിലർ വടിയുടെ സഹായത്തോടെ റാംപിലൂടെ നടന്നു. കഴിഞ്ഞ വർഷം സ്ഥാപിച്ച താൽക്കാലിക സംവിധാനമാണ് ഇപ്പോൾ മികച്ച സൗകര്യത്തോടെ സ്ഥിരമാക്കിയത്.