കേരളത്തിൽനിന്ന് ലഹരിമരുന്ന് വാങ്ങി മറിച്ചുവിറ്റ പൊലീസുകാരൻ അറസ്റ്റിൽ
Mail This Article
ചെന്നൈ∙ കേരളത്തിൽനിന്നു ലഹരിമരുന്നു വാങ്ങി മറിച്ചുവിറ്റ പൊലീസ് കോൺസ്റ്റബിൾ ഭരണി പിടിയിലായി. ലഹരിമരുന്ന് കടത്തുകേസുമായി ബന്ധപ്പെട്ട് ആരണി സ്വദേശി കണ്ണന്റെ മൊബൈൽ ഫോൺ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചപ്പോഴാണ് അയനാവരം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഭരണിയുമായി ഇയാൾ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായും യുപിഐ ആപ്പുകൾ വഴി പണം കൈമാറിയതായും കണ്ടെത്തിയത്.
തുടർന്ന് പൊലീസ് ഭരണിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണു വിവരങ്ങൾ പുറത്തറിഞ്ഞത്. 3 മാസം മുൻപ് ഡേറ്റിങ് ആപ്പ് വഴി മലയാളിയായ അഭിഷേകിനെ പരിചയപ്പെടുകയും ഇയാളിൽ നിന്ന് ലഹരിമരുന്ന് വാങ്ങി നേരിട്ടും ഏജന്റുമാർ വഴിയും വിൽപന നടത്തുകയുമായിരുന്നു. ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്ത ഭരണിയെ പിരിച്ചുവിടാൻ കമ്മിഷണർ എ.അരുൺ ഉത്തരവിട്ടു. ചെന്നൈയിൽ ലഹരിമരുന്ന് വിൽപന തടയാൻ സിറ്റി പൊലീസ് കമ്മിഷണർ നടത്തുന്ന നീക്കങ്ങൾക്കിടെയാണു പൊലീസുകാരൻ തന്നെ പിടിയിലായത്.