ADVERTISEMENT

ചെന്നൈ ∙ നഗരവാസികളുടെ ജീവിതം ‘സ്ട്രോങ്’ ആക്കുന്നതിൽ ചായക്കടകളിലെ ടീ മാസ്റ്ററുടെ പാരമ്പര്യം ഒരു പക്ഷേ മറ്റാർക്കും അവകാശപ്പെടാനുണ്ടാകില്ല. കടയിലെത്തി ‘അണ്ണാ (മലയാളിയാണെങ്കിൽ ചേട്ടാ) ഒരു ടീ’ എന്നു പറഞ്ഞയുടൻ മാസ്റ്റർക്കുള്ള ഓർ‍ഡർ വന്നിട്ടുണ്ടാകും. മാസ്റ്റർ ഒരു ടീ... കടയുടെ വലുപ്പ ചെറുപ്പമില്ലാതെ, തിരക്കിൽ പരിഭവിക്കാതെ, കപ്പിലോ ഗ്ലാസിലോ ലഭിക്കുന്ന ചായ ഊതിയൂതിക്കുടിക്കുന്നവരുടെ കാഴ്ചകൾ, ചില്ല് അലമാരയിലെ ബജിയോ ഉഴുന്നുവടയോ പോലെ ഫ്രെയിമിട്ടു സൂക്ഷിക്കാം.

കാലം മാറിയതോടെ ചായക്കടകളുടെ മുഖം മാറി, പക്ഷേ അവിടുത്തെ ജീവനക്കാരുടെ ജീവിതം മാറിയോ? പ്രതിസന്ധികളിൽ പതറാതെ പിടിച്ചു നിൽക്കാൻ ഉടമകൾക്കു കഴിയുന്നുണ്ടോ? നഗരത്തിലെ ചായക്കട ഉടമകളുടെ കൂട്ടായ്മയായ ചെന്നൈ മെട്രോപ്പൊലിറ്റൻ ടീ ഷോപ്പ് ഓണേഴ്സ് അസോസിയേഷന്റെ 43–ാം വാർഷിക പൊതുയോഗം ഇന്നു നടക്കുമ്പോൾ ഇവർക്ക് സർക്കാരിനോടും അധികൃതരോടും ഒട്ടേറെ കാര്യങ്ങൾ പറയാനുണ്ട്, ചോദിക്കാനും.

ഒരുമയുടെ കരുത്ത്
ഉപജീവനം തേടി കേരളത്തിൽ നിന്നു പഴയ മദ്രാസിലെത്തിയ പലരും ചായക്കടകളിലാണ് അഭയം തേടിയത്. ചെറിയ വരുമാനത്തിൽ ജോലിക്കാരായി തുടങ്ങിയ പലർക്കും പിന്നീടത് നിത്യവരുമാനമായി മാറി. സ്വന്തമായി വീടും സമ്പാദ്യവും കെട്ടിപ്പടുത്തു.1981ൽ ആണു ചായക്കട ഉടമസ്ഥ സംഘം രൂപീകരിക്കുന്നത്. ഗുണ്ടാ വിളയാട്ടം, നിയമങ്ങളുടെ നൂലാമാലകൾ അടക്കം ചായക്കട മേഖല നേരിട്ട വിവിധ ഭീഷണികളെ ഒറ്റക്കെട്ടായി നേരിടുകയെന്നതായിരുന്നു ലക്ഷ്യം.

ടി.അനന്തനായിരുന്നു സെക്രട്ടറി. ഒട്ടേറെ പ്രശ്നങ്ങളിൽ സംഘത്തിന്റെ ഇടപെടൽ ഉണ്ടായി. ചായക്കടകളെ ബുദ്ധിമുട്ടിച്ച പൊലീസ് ലൈസൻസ് വ്യവസ്ഥയ്ക്കെതിരെ വലിയ പ്രക്ഷോഭം നടത്തിയതിനെ തുടർന്ന് റദ്ദാക്കി. ചുരുക്കം കടകളായിരുന്നു അന്ന് അംഗങ്ങളായി ഉണ്ടായിരുന്നത്. ഇന്ന് രണ്ടായിരത്തിലേറെ അംഗങ്ങൾ. പ്രസിഡന്റ് ടി.അനന്തനും സെക്രട്ടറി ഇ.സുന്ദരവും ട്രഷറർ സി.കെ.ദാമോദരന്റെയും നേതൃത്വത്തിലാണു സംഘടനയെ മുന്നോട്ടു പോകുന്നത്.

വരുമാനത്തിൽ പൊള്ളൽ
പലവിധ പ്രതിസന്ധികളിലൂടെയാണു ചായക്കട മേഖല കടന്നു പോകുന്നത്. ഭക്ഷ്യ വിലക്കയറ്റവും പാചക വാതക സിലിണ്ടറിന്റെ വിലവർധനയുമാണു പ്രധാന പ്രതിസന്ധി. അടിക്കടി ഉയരുന്ന ഉള്ളിവില കച്ചവടത്തിന്റെ നട്ടെല്ലൊടിക്കുന്നു. നൂറു രൂപയ്ക്കു മുകളിലാണു ഇപ്പോൾ ഉള്ളി വില.ഇതിനു പുറമേ മറ്റനേകം കാര്യങ്ങളും വെല്ലുവിളി ഉയർത്തുന്നതായും അവയ്ക്കു പരിഹാരം കാണുന്നതിനു സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഭാരവാഹികൾ പറഞ്ഞു.

ലൈസൻസ് ഫീസ് 2,000 രൂപയായി വർധിപ്പിച്ചത് പിൻവലിക്കുക, തൊഴിൽ നികുതി വർധന പിൻവലിക്കുക, ചായക്കടകളുടെ വാടകയ്ക്ക് ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കുക തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. മാലിന്യം വേർതിരിച്ചില്ലെങ്കിൽ 5,000 രൂപ പിഴ, രാത്രി 11നു ശേഷം പ്രവർത്തിക്കുന്ന കടകൾക്കു പിഴ തുടങ്ങിയ നടപടികൾ അവസാനിപ്പിക്കണം, പ്രതിമാസ വൈദ്യുത ബില്ലിങ് സംവിധാനം നടപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും അടങ്ങിയ പ്രമേയം പാസാക്കി സർക്കാരിനു സമർപ്പിക്കുമെന്നും അറിയിച്ചു.

English Summary:

Tea shops in Chennai hold a significant legacy of resilience and community. As the 43rd annual meeting of the Chennai Metropolitan Tea Shop Owners Association unfolds, tea shop owners confront numerous challenges, including rising food prices and increased government regulations. The association is advocating for solutions to sustain their businesses and preserve the cultural heritage of Chennai's tea shops.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com