ആയിരങ്ങൾക്ക് ആശ്വാസമേകി ‘ഒപ്പം’ സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാംപ്
Mail This Article
കൊച്ചി∙ കളമശ്ശേരി നിയമസഭാ മണ്ഡലത്തിൽ സംഘടിപ്പിച്ച ‘ഒപ്പം’ സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാംപിന്റെ മൂന്നാം പതിപ്പിൽ ഏഴായിരത്തിലധികം പേർ ചികിത്സ തേടി. കളമശ്ശേരി മണ്ഡലത്തിലെ എല്ലാ വാർഡുകളിൽ നിന്നും മെഡിക്കൽ ക്യാംപിലേക്ക് ജനങ്ങളെത്തി. മോഡേൺ മെഡിസിനിലേതുൾപ്പെടെ 22 സ്പെഷാലിറ്റികളിലായി ക്യാംപിലെത്തിയവർക്ക് ചികിത്സാ സൗകര്യമൊരുക്കി. കളമശ്ശേരി മണ്ഡലത്തിൽ രണ്ടു ഹോമിയോ ഡിസ്പെൻസറികൾ കൂടി അനുവദിച്ചിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഏലൂർ, കളമശ്ശേരി മുൻസിപ്പാലിറ്റികളിലാണ് ഹോമിയോ ഡിസ്പെൻസറികൾ യാഥാർഥ്യമാകുന്നത്.
മൂന്നാമത്തെ മെഗാ സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാംപാണ് മണ്ഡലത്തിൽ നടന്നത്. ബിപിസിഎലിന്റെയും എൽഎൻജി പെട്രോനെറ്റിന്റെയും സാമ്പത്തിക സഹായത്തോടെയും കൊച്ചി ഐഎംഎയുടെ പങ്കാളിത്തത്തോടെയുമായിരുന്നു ക്യാംപ്. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പിന്തുണയോടെ നടന്ന ക്യാംപിൽ എംആർഐ, സിടി, എക്സ് റേ ഉൾപ്പെടെ എല്ലാ ആധുനിക പരിശോധന സൗകര്യങ്ങളും ഒരുക്കിയിരുന്നു.
300 ഡോക്ടർമാരുടെയും 200 പാരമെഡിക്കൽ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഓങ്കോളജി, ഓർത്തോ, ഒഫ്താൽമെട്രി, കാർഡിയോളജി തുടങ്ങി 22 വിഭാഗങ്ങളിലായി 24 ഒപികൾ ക്രമീകരിച്ചു. നേത്രചികിത്സാ വിഭാഗത്തിലാണ് ഏറ്റവുമധികം പേർ ചികിത്സക്കെത്തിയത്. 2000 ത്തോളം പേർ. ജില്ലയിലെ പ്രധാന നേത്ര രോഗാശുപത്രികളെല്ലാം ക്യാംപിൽ പങ്കെടുത്തു. ആധുനിക ദന്തൽ ചികിത്സാ സൗകര്യമൊരുക്കി ദന്തൽ കോളജുകളുടെ നാല് ആധുനിക ബസുകൾ ക്യാംപിൽ സജ്ജമാക്കി. എക്സ്റേ, എക്കോ, അൾട്രാസൗണ്ട് സ്കാൻ, തുടങ്ങിയ പരിശോധനകൾ നടത്തുന്നതിനായി അമൃത ആശുപത്രിയുടെ ബസും ക്രമീകരിച്ചു.
മലബാർ ഗോൾഡ് ചാരിറ്റബിൾ ട്രസ്റ്റ്, മുത്തൂറ്റ് എം.ജോർജ് ഫൗണ്ടേഷൻ, നോവൽറ്റി എന്നിവരുടെ നേതൃത്വത്തിലുള്ള ചികിത്സാ സഹായ പദ്ധതികളുടെ സഹായ കൗണ്ടറും ഒരുക്കി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്യാംപിലെത്താൻ വാഹന സൗകര്യമൊരുക്കിയിരുന്നു. ചികിത്സയ്ക്കായി എത്തിയവർക്ക് മരുന്നുകളും സൗജന്യമായി നൽകി. നിശ്ചിത സമയത്തിനുള്ളിൽ പരിശോധന ഫലം ലഭ്യമാക്കി തുടർ ചികിത്സ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടു മെഡിക്കൽ ക്യാംപുകളിലായി പതിനയ്യായിരത്തിലധികം പേർ പങ്കെടുത്തിരുന്നു.
മഞ്ഞുമ്മൽ ഗാർഡിയൻ എയ്ഞ്ചൽസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷത വഹിച്ചു. നടൻ സൗബിൻ ഷാഹിർ, സംവിധായകൻ ചിദംബരം എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ബിപിസിഎൽ കൊച്ചി എക്സിക്യൂട്ടീവ് ഡയറക്ടർ എം.ശങ്കർ, ഹൃദയാരോഗ്യ വിദഗ്ധൻ പത്മശ്രീ ജോസ് ചാക്കോ പെരിയപ്പുറം, ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ള, ഏലൂർ മുനിസിപ്പാലിറ്റി ചെയർമാൻ എ.ഡി.സുജിൽ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം.മനാഫ്, ഐഎംഎ കൊച്ചി ചാപ്റ്റർ പ്രസിഡന്റ് ഡോ. എം.എം.ഹനീഷ്, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, ഡോ. ജുനൈദ് റഹ്മാൻ, നടന്മാരായ അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.