‘അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെങ്കിലും ഈ പാലത്തിലൂടെ പോകാൻ പറ്റുമോ?’
Mail This Article
കൊച്ചി ∙ വളന്തകാട് ദ്വീപിൽ നിന്നു മരടിലേക്കുള്ള കടത്തുതോണിയിൽ ഇരിക്കവേ അംബിക വനജയോടു പറഞ്ഞു: ‘അടുത്ത തിരഞ്ഞെടുപ്പിനു വോട്ടു ചെയ്യാനെങ്കിലും പാലത്തിലൂടെ പോകാൻ പറ്റുമായിരിക്കുമല്ലേ?’. അവർക്കു പിന്നിൽ പാതിവഴിയിൽ പണി നിലച്ച പാലം നിൽക്കുന്നു. അതൊരു പാലം മാത്രമല്ല, വളന്തകാട് ദ്വീപിൽ താമസിക്കുന്ന 45 കുടുംബങ്ങളുടെ ജീവിത സ്വപ്നം കൂടിയാണ്. ‘ഞാൻ വളന്തകാട് ദ്വീപിൽ വന്നിട്ട് 5 വർഷമായി. അന്നുമുതൽ ഇങ്ങനെ തന്നെയാണ്. കടത്തുതോണി മാത്രമാണ് ആശ്രയം. പണി പൂർത്തിയാകാത്ത ആ പാലം നിൽക്കുന്നതു കണ്ടില്ലേ. 5 വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പു വരും. പക്ഷേ, ഞങ്ങളുടെ ജീവിതത്തിൽ മാത്രം ഒരു മാറ്റവുമില്ല’– അംബിക പറഞ്ഞു.
മരട് നഗരസഭ ഏർപ്പെടുത്തിയ സൗജന്യ കടത്തുതോണിയാണു വളന്തകാട് ദ്വീപുകാരെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന യാത്രാമാർഗം. 6 വർഷമായി വനജയാണു കടത്തുതോണിക്കാരി. വളന്തകാടാണു വനജയുടെയും വീട്. പാലം പണിതാൽ കടത്തുതോണി യാത്ര നിലയ്ക്കുമെങ്കിലും നാടിന്റെ സ്വപ്നം പൂർത്തിയാകാനായി കാത്തിരിക്കുകയാണു വനജയും. 18 മാസത്തിൽ പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച് 2019 നവംബറിൽ ആരംഭിച്ച പാലം പണി 4 വർഷമായിട്ടും പൂർത്തിയായിട്ടില്ല.
5.60 കോടി രൂപയായിരുന്നു ഫണ്ട്. തൂണുകൾ പണിത് അതിൽ ചിലയിടത്തു സ്റ്റീൽ സ്ട്രക്ചറുകൾ സ്ഥാപിച്ച നിലയിൽ നിൽക്കുകയാണു പാലമിപ്പോൾ. ഒരു വർഷമായി ഇതേ അവസ്ഥയിൽ. പാലം പണി തീർക്കണമെങ്കിൽ ഇനിയും പണം വേണം. 45 പട്ടികജാതി കുടുംബങ്ങളാണു വളന്തക്കാട് ദ്വീപിൽ താമസിക്കുന്നത്. മരട് മാങ്കായിൽ ഹൈസ്കൂളിലെ പോളിങ് ബൂത്തിലാണ് അവർക്കു വോട്ട്. ഓരോ തിരഞ്ഞെടുപ്പിലും വളന്തക്കാട്ടെ വോട്ടർമാരുടെ കടത്തുതോണിയാത്ര വാർത്തയാകും. പാലം കയറി എന്നാകും വളന്തക്കാട്ടുകാർക്കു വോട്ടു ചെയ്യാനെത്താനാകുക?.