ഗതാഗത നിയന്ത്രണത്തിൽ കുരുങ്ങി കാലടി: മറ്റൂരിൽ നിയോഗിച്ചത് ഒരു ഹോം ഗാർഡിനെ മാത്രം
Mail This Article
കാലടി∙ ആലുവ മംഗലപ്പുഴ പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ കാലടിയിൽ വൻ ഗതാഗതക്കുരുക്ക്. എംസി റോഡിൽ കാലടിയിലും മറ്റൂരിലും പലപ്പോഴും വാഹനങ്ങൾ കെട്ടിക്കിടക്കുകയായിരുന്നു. ഇതേ തുടർന്ന് എംസി റോഡിൽ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. മംഗലപ്പുഴ പാലം ബലപ്പെടുത്തൽ പ്രവർത്തനങ്ങൾ ഇന്നലെ ആരംഭിച്ചതിനാൽ ഭാര വാഹനങ്ങൾ കാലടി, പെരുമ്പാവൂർ വഴി തിരിച്ചു വിടുകയാണ്. ഇതു പൊതുവേ ഗതാഗതക്കുരുക്കുള്ള കാലടിയിലൂടെയുള്ള ഗതാഗതം സ്തംഭിപ്പിച്ചു.
പാലത്തിന്റെ അറ്റകുറ്റ പണികൾ ഇന്നലെ ആരംഭിക്കുമെന്നും ഭാരവാഹനങ്ങൾ കാലടി വഴി തിരിച്ചു വിടുമെന്നും ഇത് കാലടിയിലെ ഗതാഗതക്കുരുക്ക് വലിയ തോതിൽ വർധിപ്പിക്കുമെന്നും മുൻകൂട്ടി അറിവുണ്ടായിട്ടും അധികൃതർ ആവശ്യമായ നടപടി എടുത്തില്ലെന്നു പരാതിയുണ്ട്. ഒരു ഹോം ഗാർഡാണ് മറ്റൂരിലെ ഗതാഗതം നിയന്ത്രിച്ചത്. കാലടി പട്ടണത്തിൽ പേരിനു മാത്രം ഒരു പൊലീസുകാരനെ ഉണ്ടായിരുന്നുള്ളു. ട്രാഫിക് പൊലീസ് ഇടയ്ക്കു മാത്രം വന്നു പോയി.
ആലുവയിലേക്കും പരിസര പ്രദേശങ്ങളിലേക്കും പോകുന്ന ഭാര വാഹനങ്ങൾ അങ്കമാലിയിൽ നിന്നു തിരിച്ചു വിടുന്നതു കാരണം അവ കാലടിയിലെത്തി കാഞ്ഞൂർ, ശ്രീമൂലനഗരം, ചൊവ്വര പാലം വഴി ആലുവയിലേക്കു പോകുന്നു. ഇത് കാലടിയിലെ ഗതാഗതക്കുരുക്ക് വർധിപ്പിക്കുകയും കാലടി–ദേശം റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും വാഹനങ്ങൾക്ക് അനാവശ്യമായ കൂടുതൽ ദൂരം ഓടേണ്ടി വരികയും ചെയ്യുന്നുവെന്നും ആരോപണമുണ്ട്.
മംഗലപ്പുഴ പാലത്തിനു സമീപം ദേശത്തു നിന്നു വാഹനങ്ങൾ തിരിച്ചു വിട്ടാൽ ചൊവ്വര പാലം വഴി അവയ്ക്ക് പെട്ടെന്ന് ആലുവയിലും പരിസര പ്രദേശങ്ങളിലും എത്താൻ കഴിയുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി3 ആഴ്ച എങ്കിലും കഴിഞ്ഞാലേ മംഗലപ്പുഴ പാലത്തിലൂടെയുള്ള ഗതാഗതം പൂർവ സ്ഥിതിയിൽ ആകുകയുള്ളു. അതിനാൽ ഇന്നത്തെ അവസ്ഥയിൽ കാലടിയിലും എംസി റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത.