മഴ മുൻകൂട്ടി അറിയാൻ കൊച്ചി നഗരത്തിലും സംവിധാനം; ഓട്ടമാറ്റിക് വെതർ സ്റ്റേഷൻ മറൈൻ ഡ്രൈവിൽ
Mail This Article
കൊച്ചി ∙ മഴയുടെ ക്രമത്തിലും, മഴപെയ്യുന്ന രീതിയിലും കാര്യമായ മാറ്റങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ നഗരത്തിൽ കാലാവസ്ഥ നിരീക്ഷണത്തിനായി ഓട്ടമാറ്റിക് വെതർ സ്റ്റേഷനും മഴമാപിനിയുമുൾപ്പെടെയുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നു. മറൈൻ ഡ്രൈവിലാണ് ഓട്ടമാറ്റിക് വെതർ സ്റ്റേഷൻ (എഡബ്ല്യുഎസ്) സ്ഥാപിക്കുന്നത്. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലും ദർബാർ ഹാൾ ഗ്രൗണ്ടിലുമാണു ഓട്ടമാറ്റിക് മഴമാപിനികൾ സ്ഥാപിക്കുക.ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാന പ്രകാരമാണു നഗരത്തിൽ ജിപിആർഎസ് അധിഷ്ഠിത എഡബ്ല്യുഎസും മഴമാപിനിയും സ്ഥാപിക്കുന്നത്. കൊച്ചി കോർപറേഷൻ മേഖലയിൽ െവള്ളക്കെട്ടുണ്ടാകുന്ന തരത്തിൽ മഴ പെയ്യാനുള്ള സാധ്യത മുൻകൂട്ടി അറിയാൻ വേണ്ടിയാണ് എഡബ്ല്യുഎസ് സ്ഥാപിക്കുന്നത്.
കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മാർഗനിർദേശത്തിന്റെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ എഡബ്ല്യുഎസും മഴ മാപിനിയും സ്ഥാപിക്കാനായി കോർപറേഷൻ ടെൻഡർ നടപടികൾ തുടങ്ങി.എഡബ്ല്യുഎസും മഴ മാപിനിയും ജിപിആർഎസ് മോഡം വഴി ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ സെർവറുമായി ബന്ധിപ്പിക്കും. ആവശ്യമെങ്കിൽ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പുണെയിലെ സെർവറുമായും ഇതു ബന്ധിപ്പിക്കാനുള്ള സംവിധാനമുണ്ടാകും. നിശ്ചിത ഇടവേളകളിൽ ഈ നിരീക്ഷണ സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ജില്ല ദുരന്ത നിവാരണ അതോറിറ്റിക്കു ലഭ്യമാകും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നഗരത്തിലെ വെള്ളക്കെട്ടു നിയന്ത്രണം കൂടുതൽ ഫലപ്രദമായി നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്.
അപ്രതീക്ഷിതമായി കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യുന്ന പ്രതിഭാസം മൂലം നഗരമേഖലകളിൽ മേയ് അവസാനം വെള്ളക്കെട്ട് വ്യാപകമായിരുന്നു. മണിക്കൂറിൽ 10 സെന്റിമീറ്റർ മഴ പെയ്യുന്ന മേഘവിസ്ഫോടനമാണ് ഇതിനു കാരണമായതെന്നു പിന്നീടു കാലാവസ്ഥ നിരീക്ഷണ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ കോർപറേഷൻ പരിധിയിൽ മട്ടാഞ്ചേരിയിലും പള്ളുരുത്തിയിലുമാണു കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളുള്ളത്. കാലാവസ്ഥാ നിരീക്ഷണ വകുപ്പിനു കീഴിലുള്ള ഡോപ്ലർ വെതർ റഡാർ സ്റ്റേഷനും പള്ളുരുത്തിയിലുണ്ട്. 2 വർഷത്തെ വാറന്റിയും 5 വർഷത്തെ പരിപാലനവും കരാറുകാരുടെ ചുമതലയിൽ വരുന്ന രീതിയിലാണ് എഡബ്ല്യുഎസും മഴമാപിനിയും സ്ഥാപിക്കുക.