ADVERTISEMENT

കൊച്ചി∙ ദേശീയപാതയിൽ ഗതാഗതമന്ത്രിയുടെ പരിശോധന വീണ്ടും. അങ്കമാലി, ആലുവ, കളമശേരി മേഖലകളിലാണു മന്ത്രി കെ.ബി.ഗണേഷ്കുമാർ പരിശോധനയ്ക്കെത്തിയത്. അങ്കമാലി കരയാംപറമ്പ്, അങ്ങാടിക്കടവ് ജംക്‌ഷനുകളിലും ആലുവയിൽ പറവൂർ കവല, തോട്ടയ്ക്കാട്ടുകര, ബൈപാസ് കവല, പുളിഞ്ചോട് കവല എന്നിവിടങ്ങളിലും കളമശേരി എച്ച്എംടി കവല, ടിവിഎസ്, ഇടപ്പള്ളി ടോൾ, ഇടപ്പള്ളി സ്റ്റേഷൻ കവല എന്നിവിടങ്ങളിലുമായിരുന്നു പരിശോധന. രണ്ടു മാസം മുൻപു മന്ത്രി നടത്തിയ സന്ദർശനത്തെത്തുടർന്നു നൽകിയ നിർദേശപ്രകാരം ഗതാഗത സംവിധാനത്തിൽ വരുത്തിയ ഭേദഗതികൾ അവലോകനം ചെയ്തു.

ആലുവ പറവൂർ കവലയിൽ മോട്ടർ വാഹന വകുപ്പ് നടപ്പാക്കിയ ഫ്രീ ലെഫ്റ്റ് സംവിധാനത്തിൽ മന്ത്രി സംതൃപ്തി അറിയിച്ചു. വാഹനങ്ങൾക്കു ഫ്രീ ലെഫ്റ്റ് തിരിയാനുള്ള ഭാഗം ടാർ ചെയ്യണമെന്നും നിർദേശിച്ചു. ഇതിനു 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ഫണ്ട് ലഭിച്ചിട്ടില്ല. തോട്ടയ്ക്കാട്ടുകരയിലും ബൈപാസ് കവലയിലും ചില പരിഷ്കാരങ്ങൾ മേയ് 24നു നടത്തിയ ആദ്യ സന്ദർശനത്തിൽ മന്ത്രി നിർദേശിച്ചെങ്കിലും നടപ്പായിട്ടില്ല. രണ്ടിടത്തും നിലവിലെ സംവിധാനം തുടരും.

എറണാകുളം ഭാഗത്തുനിന്ന് അങ്കമാലി ഭാഗത്തേക്കുള്ള വാഹനങ്ങൾ പുളിഞ്ചോട് കവലയിൽ കുടുങ്ങാതെ പെട്ടെന്നു കടന്നുപോകുന്നതിന് ഇടതുവശത്തു 2 അതിവേഗ ട്രാക്കുകൾ ഏർപ്പെടുത്തും. ആലുവ നഗരത്തിന്റെ ഉള്ളിലേക്കു തിരിയാനുള്ള വാഹനങ്ങൾ പുളിഞ്ചോട് സിഗ്നൽ കഴിയുമ്പോൾ വലതു വശത്തെ ട്രാക്കിൽ കയറി ബൈപാസിൽ വലത്തോട്ടു തിരിയണം.

അങ്കമാലി കരയാംപറമ്പ് ജംക്‌ഷനിലെ ഗതാഗത പരിഷ്കാരത്തിലെ ആശയക്കുഴപ്പം നീക്കി. സിഗ്നൽ ജംക്‌ഷനിൽ നിന്നു കുറച്ചുമാറി റോഡ് തുറന്ന് മൂക്കന്നൂർ റോഡിലേക്കു വാഹനങ്ങൾ കടത്തിവിടാൻ സൗകര്യം ഒരുക്കിയതിനു ശേഷം മാത്രമേ സർവീസ് റോഡ് അടയ്ക്കാവൂ എന്നു മന്ത്രി നിർദേശം നൽകി. അങ്ങാടിക്കടവ് സിഗ്നൽ ജംക്‌ഷനിൽ അങ്ങാടിക്കടവ് ഭാഗത്തേക്കും തിരിച്ചും മുൻപെന്നതു പോലെ വാഹനങ്ങൾ കടത്തിവിടും. ഈ സിഗ്നലിന്റെ സമയദൈർഘ്യം കുറയ്ക്കും. മൂക്കന്നൂർ ഭാഗത്തേക്കുള്ള റോഡ് തുറക്കാതെ സർവീസ് റോഡ് അടയ്ക്കാൻ ദേശീയപാത അധികൃതർ ശ്രമിച്ചത് സംഘർഷത്തിന് ഇടവരുത്തിയിരുന്നു. റോഡിന്റെ അരികിലെ കുഴികൾ അടച്ച് ഗതാഗതം സുഗമമാക്കണമെന്ന മന്ത്രിയുടെ നിർദേശം ദേശീയപാത അധികൃതർ പാലിച്ചുമില്ല. തുടർന്നാണ് അശാസ്ത്രീയമായ ഗതാഗത പരിഷ്കാരം പിൻവലിച്ചത്.

എച്ച്എംടി ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആര്യാസ് ജംക്‌ഷൻ മുതൽ ടിവിഎസ് ജംക്‌ഷൻ വരെയുള്ള റൗണ്ട് ഗതാഗതം ഒറ്റവരിയാക്കും. മന്ത്രി പി.രാജീവും കളമശേരിയിലെ പ്രധാന ജംക്‌ഷനുകൾ സന്ദർശിക്കാനെത്തി. ആലുവയിൽ നിന്നു വരുന്ന വാഹനങ്ങൾ ആര്യാസ് ജംക്‌ഷനിൽ ഇടത്തോട്ടു തിരിഞ്ഞ് എച്ച്എംടി ജം‌ക്‌ഷൻ വഴി ടിവിഎസ് ജംക്‌ഷനിലെത്തി ഹൈവേയിൽ പ്രവേശിക്കണം. സീപോർട്ട്–എയർപോർട്ട് വഴി ആലുവ ഭാഗത്തേക്കു വരുന്ന വാഹനങ്ങളും എച്ച്എംടി ജംക്‌ഷനിൽ ഇടത്തോട്ടു തിരിഞ്ഞു ടിവിഎസ് കവലയിൽ ഹൈവേയിലേക്കു പ്രവേശിക്കണം. സൗത്ത് കളമശേരിയിലേക്കു പോകേണ്ട വാഹനങ്ങൾ കുസാറ്റ് സിഗ്നൽ വഴി പ്രവേശിക്കണം. ടിവിഎസ് കവലയിൽ ക്രോസിങ് അനുവദിക്കില്ല. പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനു ആവശ്യമായ മാറ്റങ്ങൾ ജംക്‌ഷനുകളിൽ വരുത്തും.

ദേശീയപാതയിലെ കരയാംപറമ്പ് ജംക്‌ഷൻ മന്ത്രി കെ.ബി.ഗണേഷ്കുമാർ സന്ദർശിക്കുന്നു.റോജി എം.ജോൺ എംഎൽഎ, മാത്യു തോമസ്, ലതിക ശശികുമാർ തുടങ്ങിയവർ സമീപം
ദേശീയപാതയിലെ കരയാംപറമ്പ് ജംക്‌ഷൻ മന്ത്രി കെ.ബി.ഗണേഷ്കുമാർ സന്ദർശിക്കുന്നു.റോജി എം.ജോൺ എംഎൽഎ, മാത്യു തോമസ്, ലതിക ശശികുമാർ തുടങ്ങിയവർ സമീപം

പൊലീസ്, പി‍ഡബ്ല്യുഡി, എൻഎച്ച് അതോറിറ്റി, ട്രാൻസ്പോർട്ട് വകുപ്പ്, നഗരസഭ ഉദ്യോഗസ്ഥരുടെ യോഗം തിങ്കളാഴ്ച ചേർന്നു നിർദേശങ്ങൾ വിലയിരുത്തും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള പരിഷ്കാരങ്ങൾ പരീക്ഷണമാണെന്നും വിജയിച്ചില്ലെങ്കിൽ പിൻവലിക്കുമെന്നും മന്ത്രിമാർ പറഞ്ഞു.എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, ആലുവ നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ, ജില്ലാ പ്ലാനിങ് ബോർഡ‍് അംഗം ജമാൽ മണക്കാടൻ, അങ്കമാലി നഗരസഭാധ്യക്ഷൻ മാത്യു തോമസ്, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ എന്നിവർ മന്ത്രിക്കൊപ്പം റോഡ് പരിശോധനയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com