ADVERTISEMENT

കളമശേരി ∙ എച്ച്എംടി ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരം 2 മുതൽ പ്രാബല്യത്തിൽ വരും. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പരിഷ്കാരം വിജയകരമായാൽ പിന്നീട് സ്ഥിരമാക്കുമെന്നു മന്ത്രി പി.രാജീവ് പറഞ്ഞു. എച്ച്എംടി ജംക്‌ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഒരു ഭാഗത്തേക്കുള്ള ഗതാഗതം വൺവേ ആയി ചുരുക്കി ഗതാഗതക്കുരുക്ക് അഴിക്കാനാണു തീരുമാനം. എച്ച്എംടി ജംക്‌ഷൻ ഉൾപ്പെടുന്ന ഒരു റൗണ്ട് എബൗട്ട് മാതൃകയിലാണ് ക്രമീകരണം.

ആലുവ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ കളമശേരി ആര്യാസ് ജംക്‌ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് എച്ച്എംടി ജം‌ക്‌ഷൻ വഴി ടിവിഎസ് കവലയിലെത്തി ദേശീയ പാതയിൽ പ്രവേശിക്കണം. എറണാകുളത്ത് നിന്ന് എച്ച്എംടി ജംക്‌ഷനിലേക്ക് പോകേണ്ട വാഹനങ്ങൾ ടിവിഎസ് കവലയിൽ നിന്ന് വലത്തേക്ക് തിരിയുന്നത് ഒഴിവാക്കും. പകരം ആര്യാസ് ജംക്‌ഷനിൽ നിന്നു വലത്തോട്ടു തിരിഞ്ഞ് എച്ച്എംടി ജംക്‌ഷനിലെത്തണം. മെഡിക്കൽ കോളജ്, എൻഎഡി റോഡ് എന്നീ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ എച്ച്എംടി ജംക്‌ഷനിൽ നിന്നു വലത്തോട്ടു തിരിയുന്നത് തടയും.

ഈ വാഹനങ്ങൾ എച്ച്എംടി ജംക്‌ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ടിവിഎസ് ജംക്‌ഷനിൽ എത്തി തിരിഞ്ഞ് പോകണം. സൗത്ത് കളമശേരി ഭാഗത്തു നിന്ന് എച്ച്എം.ടി ജംക്‌ഷനിലേക്കു വരുന്ന വാഹനങ്ങൾ ടിവിഎസ് കവലയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് ആര്യാസ് ജംക്‌ഷനിലെത്തി വലത്തോട്ടു തിരിഞ്ഞു റെയിൽവേ മേൽപാലത്തിലൂടെ പോകണം. ആര്യാസ് ജംക്‌ഷൻ മുതൽ ടിവിഎസ് കവല വരെ ഒരു റൗണ്ട് ആയി ഒരു ദിശ ഗതാഗതം നടപ്പാക്കുന്നതിലൂടെ സിഗ്നൽ ക്രോസിങ് ഒഴിവാക്കാനാണു ശ്രമിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ തിരിയേണ്ട ഭാഗങ്ങളിൽ വീതികൂട്ടി ടൈൽ വിരിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ടിവിഎസ് ജംക്‌ഷൻ മുതൽ ആര്യാസ് ജംക്‌ഷൻ വരെയുള്ള ദേശീയപാതയിലെ മീഡിയനും പുന:ക്രമീകരിച്ചു. എച്ച്എംടി ജംക്‌ഷൻ വികസനത്തിനു വേണ്ടി 10 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇത് നടപ്പാകുന്നതോടെ കൂടുതൽ സുഗമമായ ഗതാഗതം സാധ്യമാകുമെന്നും പി.രാജീവ് പറഞ്ഞു.

മറ്റ് ക്രമീകരണങ്ങൾ:
∙ടിവിഎസ്, ആര്യാസ് ജംക്‌ഷനുകളിലെ സിഗ്നൽ സംവിധാനം ഓഫ് ചെയ്യും , ക്രോസിങ് ഒഴിവാക്കാൻ ഭാഗികമായി അടയ്ക്കും.
∙ടിവിഎസ് ജംക്‌ഷൻ മുതൽ ആര്യാസ് ജംക്‌ഷൻ വരെ നാഷനൽ ഹൈവേയുടെ 2 ഭാഗവും വൺവേ ട്രാഫിക് ആയിരിക്കും.(അതായത് ആലുവ ദിശയിലേക്ക് മാത്രമായിരിക്കും ഈ ഭാഗത്ത് ഗതാഗതം).
∙ആര്യാസ് ജംക്‌ഷനിൽ നിന്നു ടിവിഎസ് ജംക്‌ഷനിലേക്കു പോകേണ്ട വഴി പഴയ ഹൈവേയിലൂടെ ആയിരിക്കും. ഇതും വൺവേ ആയിരിക്കും. എറണാകുളം ഭാഗത്തേക്ക് മാത്രമായിരിക്കും ഈ റോഡിലൂടെയുള്ള ഗതാഗതം.


∙എച്ച്എംടി ജംക്‌ഷനിലെ ആലുവ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ് നിലവിലുള്ളതിന്റെ എതിർ ദിശയിലേക്ക് മാറ്റി സ്ഥാപിക്കും.
∙കാക്കനാട് , മെഡിക്കൽ കോളജ് ഭാഗത്തു നിന്നു വരുന്ന ബസുകൾക്ക് എച്ച്എംടി ജംക്‌ഷനിൽ ഒരു ബസ് സ്റ്റോപ് ക്രമീകരിക്കും.
∙നോർത്ത് കളമശേരി ഭാഗത്തെ അംഗീകാരം ഇല്ലാത്ത ബസ് സ്റ്റോപ്പുകൾ ഒഴിവാക്കി മെട്രോ സ്റ്റേഷനു സമീപം പുതിയ ഒരു ബസ് സ്റ്റോപ്പ് സ്ഥാപിക്കും.


∙എച്ച്എംടി ജംക്‌ഷനിൽ ഓട്ടോറിക്ഷകൾക്ക് വേണ്ടി പ്രത്യേകം ക്രമീകരണം ഏർപ്പെടുത്തും.
∙ആലുവ ഭാഗത്ത് നിന്നു വരുന്ന ചെറിയ വാഹനങ്ങൾക്കു ആര്യാസ് ജംക്‌ഷനിൽ യു–ടേൺ തിരിയാനുള്ള സൗകര്യം നിലനിർത്തും.
∙എറണാകുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്കു ടിവിഎസ് ജംക്‌ഷനിൽ എത്തി യു–ടേൺ തിരിയാനുള്ള സൗകര്യം ഉണ്ടായിരിക്കും.

English Summary:

To combat traffic woes, Kalamassery's HMT Junction will see major traffic flow modifications starting [Date]. This includes a one-way system from Aryas to TVS Junction, new bus stops, and the elimination of unauthorized stops. The ₹10 crore project aims to significantly improve traffic flow and safety in the area.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com