ADVERTISEMENT

കൊച്ചി∙ അതിതീവ്ര വംശനാശഭീഷണി നേരിടുന്ന അറക്കവാൾ സ്രാവിനങ്ങളെ (സോഫിഷ്) കുറിച്ചുള്ള ബോധവൽകരണം ലക്ഷ്യമിട്ട് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർഥികളുടെയും ശാസ്ത്രജ്ഞരുടെയും സംഗമം നടത്തുന്നു. രാജ്യാന്തര അറക്കവാൾ സ്രാവ് ദിനമായ ഒക്ടോബർ 17നാണ് പരിപാടി. വലിയ സ്രാവുകളുടെ ഗണത്തിൽപെടുന്ന ഇവയെ അടുത്തറിയാനും ശാസ്ത്രജ്ഞരുമായി സംവദിക്കാനും അവസരമുണ്ടാകും.

ഇവയുടെ പ്രത്യേകതകളും സമുദ്രത്തിൽ നേരിടുന്ന വെല്ലുവിളികളും സംരക്ഷണരീതികളും വിശദീകരിക്കും. ഹൈസ്‌കൂൾതലം മുതൽ ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ffdnews24@gmail.com എന്ന ഇമെയിൽ വഴി ഒക്ടോബർ 11 വരെ റജിസ്റ്റർ ചെയ്യാം. വിവരങ്ങള്‍ക്ക് 8089181185 എന്ന നമ്പരിൽ ബന്ധപ്പെടുക. വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ സംരക്ഷണ, ബോധവൽകരണ ശ്രമങ്ങൾക്ക് വിദ്യാർഥികളിലൂടെ കൂടുതൽ പ്രചാരമുണ്ടാക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൺസൺ ജോർജ് പറഞ്ഞു.

അറക്കവാൾ പോലെ നീണ്ട തലഭാഗം ഉള്ള ഇവയ്ക്ക് അറക്കവാൾ തലയൻ സ്രാവ്, വാളുവൻ സ്രാവ് എന്നിങ്ങനെയും വിളിപ്പേരുണ്ട്. അതിതീവ്ര വംശനാശഭീഷണി നേരിടുന്നതിനാൽ ഇവയെ ഇന്ത്യയിൽ സംരക്ഷിത വന്യജീവികളായി പ്രഖ്യാപിച്ചിട്ടുണ്ട്. നാലു അറക്കവാൾ സ്രാവിനങ്ങളെ ഇന്ത്യയിൽ കാണപ്പെടുന്നതായാണ് റിപ്പോർട്ട്. എന്നാൽ കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ഇവയിൽ ഒന്നിനെ മാത്രമാണ് ഇന്ത്യൻ കടലുകളിൽ കണ്ടുവരുന്നത്. മറ്റു മൂന്ന് ഇനങ്ങളും ഇന്ത്യയിൽ വംശനാശഭീഷണി സംഭവിച്ചിട്ടുണ്ടാകാമെന്ന നിഗമനമാണ് സിഎംഎഫ്ആർഐയുടെത് ഉൾപ്പെടെ വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കൽ, ഉത്തരവാദിത്ത മത്സ്യബന്ധനം എന്നിവയിലൂടെ ഇവയുടെ നില മെച്ചപ്പെടുത്താൻ സഹായകരമാകുമെന്ന് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. താരതമ്യേന വളർച്ചാനിരക്ക് കുറവായതും മത്സ്യബന്ധനവലകളിൽ കുടുങ്ങാനുള്ള ഉയർന്ന സാധ്യതയും കാരണം ഇവ അമിതചൂഷണത്തിന് ഇരയാകുന്നുണ്ട്. ആവാസവ്യവസ്ഥയുടെ തകർച്ചയും പ്രധാന ഭീഷണിയാണ്. 

English Summary:

The Central Marine Fisheries Research Institute (CMFRI) in Kochi, India is hosting an event on International Sawfish Day to raise awareness about critically endangered sawfish.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com