ADVERTISEMENT

കളമശേരി ∙ എച്ച്എംടി ജംക്‌ഷനിൽ ബുധനാഴ്ച  വരുത്തിയ ഗതാഗത പരിഷ്കാരം ആലുവ ഭാഗത്തേക്കുള്ള യാത്ര സുഖകരമാക്കി. അതേ സമയം ആലുവയിൽ നിന്നു എറണാകുളത്തേക്കുള്ള യാത്ര ദുഷ്കരവുമാക്കി. ആലുവ ഭാഗത്തേക്കുള്ള 2 സിഗ്നലുകൾ ഒഴിവാകുകയും നോർത്ത് കളമശേരിയിലെ അനധികൃത ബസ് കാത്തിരിപ്പു കേന്ദ്രം നീക്കുകയും ചെയ്തതോടെ ഈ ഭാഗത്തേക്കുള്ള യാത്ര തടസ്സം കൂടാതെ നടന്നു. എന്നാൽ ആലുവ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ വൻ ഗതാഗതക്കുരുക്കിൽ പെട്ടു. രാവിലെ കമ്പനിപ്പടിയിൽ നിന്നു ആര്യാസ് ജംക്‌ഷൻ വരെ 4 കിലോമീറ്ററോളം വാഹനനിര നീണ്ടു.

ആര്യാസ് ജംക്‌ഷനിലെ വീതികുറഞ്ഞ മേൽപാലത്തിലൂടെ ആലുവ, എറണാകുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഒരുമിച്ചു കയറിവരുന്നതോടെ ഇവിടെ ഗതാഗതം തടസ്സപ്പെടുന്ന. മെട്രോ പില്ലറിന്റെ ഇടതുവശത്തുകൂടെയും മേൽപാലത്തിലേക്കു പ്രവേശിക്കാൻ അവസരം നൽകിയാൽ ഗതാഗതം എളുപ്പമാകുമെന്നു ഓട്ടോറിക്ഷാ ‍ഡ്രൈവർമാർ ചൂണ്ടിക്കാട്ടി.  ഇരുപത്തഞ്ചോളം പൊലീസും വെഹിക്കിൾ ഇൻസ്പെക്ടർമാരും മന്ത്രിയുടെ ഓഫിസ് സ്റ്റാഫും മുൻ കൗൺസിലർ എ.ടി.സി.കുഞ്ഞുമോനും ഡിവൈഎഫ്ഐ പ്രവർത്തകരുടെയും സഹായത്തോടെയാണു ഗതാഗതക്കുരുക്കിന് അയവുവരുത്തിയത്. 

ഒരു ഘട്ടത്തിൽ സീപോർട്ട് –എയർപോർട്ട് റോ‍ഡിലൂടെ വരുന്ന വാഹനങ്ങളും നിയന്ത്രിക്കേണ്ടിവന്നു. വൈകിട്ട് 5 മണിയോടെ ടാങ്കർലോറികളും ചരക്കുലോറികളും നിരത്തിലേക്കെത്തിയതോടെ എച്ച്എംടി റോഡിലും ഗതാഗതം മന്ദഗതിയിലായി. വാഹന ഡ്രൈവർമാരുടെ ‌ആശയക്കുഴപ്പവും ഗതാഗതക്കുരുക്കിനു കാരണമായി. ജംക്‌ഷനിൽ വരുത്തിയ മാറ്റങ്ങൾ അറിയാതെ എത്തിയവർ തെറ്റായ ദിശയിൽ വാഹനമെടുക്കാൻ ശ്രമിച്ചതും ഗതാഗതക്കുരുക്കുണ്ടാക്കി.

എച്ച്എംടി ജംക്‌ഷനിലെ മേൽപാലത്തിൽ വഴിയാത്രക്കാർക്കായി ഒരുക്കിയ സംവിധാനം രാവിലെ 11 മണിയോടെ പൊലീസ് എടുത്തുമാറ്റി.  ഇതോടെ വഴിയാത്രക്കാർക്കു റോ‍ഡിലൂടെ നടക്കേണ്ടിവന്നു. ചിലരുടെ ദേഹത്തു വാഹനങ്ങളുടെ ഭാഗം ഉരസുകയും ചെയ്തു. പ്രതിഷേധം ഉയർന്നതോടെ പൊലീസ് വഴിയാത്രക്കാർക്കായി റിബൺ കെട്ടി പ്രത്യേകം പാത വീണ്ടും ഒരുക്കി. ഇവിടെ പാലത്തിന്റെ ഇരുവശവും നടപ്പാതകൾ കേബിളുകൾ കൊണ്ടു നിറച്ചിരിക്കുകയാണ്. വഴിയാത്രക്കാർക്കു നഷ്ടപ്പെട്ട സൗകര്യം പുനഃസ്ഥാപിക്കാൻ കേബിളുകൾക്കു മുകളിലൂടെ നടപ്പാത നിർമിക്കുമെന്നു മന്ത്രി പി.രാജീവും പൊലീസും അറിയിച്ചു.

പരിഷ്കാരത്തിൽ പരാതികൾ ഏറെ
കളമശേരി ∙ എച്ച്എംടി ജംക്‌‌ഷനിൽ വരുത്തിയ ട്രാഫിക് പരിഷ്കാരം വാഹനയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലെങ്കിലും നാട്ടുകാർ നേരിടുന്ന ബുദ്ധിമുട്ടുകൾ വർധിച്ചു. പകരം പാർക്കിങ് സൗകര്യം ഒരുക്കാതെ പൊലീസ് എച്ച്എംടി റോഡിൽ നിരത്തിപ്പിടിച്ചു ‘നോ പാർക്കിങ്’ ബോർഡുകൾ സ്ഥാപിക്കുകയും ഇരുചക്ര വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പൊലീസ് പിഴചുമത്തുകയുമാണ്. കാന ഉയർത്തി നിർമിച്ചു തടസ്സം സൃഷ്ടിച്ചിരിക്കുന്നതിനാൽ സ്ഥാപനങ്ങൾക്കു മുന്നിലുള്ള പാർക്കിങ് സൗകര്യം ഉപയോഗപ്പുെടുത്താനാവുന്നില്ല.

ഉയർത്തിസ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് സ്ലാബുകൾ മാറ്റി റോഡ് നിരപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ പരിഗണിക്കുന്നില്ല. എച്ച്എംടി ജംക്‌ഷനിൽ 90 ഓ‌ട്ടോറിക്ഷകളാണുള്ളത്.എന്നാൽ 25 ഓട്ടോറിക്ഷകൾക്കു പാർക്കു ചെയ്യാനുള്ള സൗകര്യമേ ഒരുക്കിയിട്ടുള്ളു. ബാക്കി ഓട്ടോറിക്ഷകൾ പാർക്കിങ് സ്ഥലത്തിനായി നെട്ടോട്ടമോടുകയാണ്.  ഇതിന് ഉടൻ പരിഹാരം കാണണമെന്നു സ്വതന്ത്ര ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.

English Summary:

New traffic regulations at Kalamassery's HMT Junction have resulted in mixed outcomes: smoother traffic flow towards Aluva but increased congestion for Ernakulam bound vehicles. The removal of a pedestrian bridge and lack of parking provisions have also sparked complaints from residents and autorickshaw drivers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT