നാടിനു രുചി വിളമ്പാൻ ലതികാസ് കിച്ചനുമായി ലതിക സുഭാഷ്; ഓണക്കാലത്ത് വിറ്റത് 100 കിലോ ഉപ്പേരി
Mail This Article
കോട്ടയം ∙ നാടിനു രുചി വിളമ്പാൻ ലതികാസ് കിച്ചനുമായി എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന വനം വികസന കോർപറേഷൻ അധ്യക്ഷയുമായ ലതിക സുഭാഷ്. ഉപ്പേരി, ശർക്കര വരട്ടി എന്നിവയാണു ലതികാസ് കിച്ചൻ എന്ന ബ്രാൻഡിൽ വിപണിയിൽ ഇറക്കിയത്. 3 മാസം മുൻപാണ് സംരംഭം തുടങ്ങിയത്. ഓണക്കാലത്ത് 100 കിലോഗ്രാം ഉപ്പേരി വിറ്റു.കായ നാലായി കീറി തയാറാക്കുന്ന നുറുക്ക് ഉപ്പേരിക്കാണു കൂടുതൽ ആവശ്യക്കാർ.
വീട്ടുവളപ്പിലെ കറിവേപ്പില കൂടി ചേർത്താണു നുറുക്ക് ഉപ്പേരിയെന്ന ഫോർകട്ട് ഉപ്പേരി തയാറാക്കുന്നത്. ഇതു സ്വാദ് വർധിപ്പിക്കുമെന്നും ലതിക സുഭാഷ് പറയുന്നു.കുമാരനല്ലൂരിലെ വീട്ടിലെ അടുക്കളയിൽത്തന്നെയാണു പാചകം. അമ്മ സരസ്വതി നല്ല പാചകക്കാരിയായിരുന്നു.അതു കണ്ടുപഠിച്ചതിനാൽ പാചകം വലിയ ഇഷ്ടമാണെന്നു ലതിക പറയുന്നു. ഓർഡർ അനുസരിച്ച് കുറിയറിൽ അയച്ചുനൽകുന്നുണ്ട്. സ്ഥിരമായി ഇങ്ങനെ വാങ്ങിക്കുന്നവരുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലൈസൻസ് വാങ്ങിയാണു പ്രവർത്തനം.