പുലർച്ചെ 3 മണി, നേർ റോഡ്, പെട്ടെന്നൊരു വളവ്; സേഫ്റ്റിയുണ്ടായിട്ടും മരണമോ? കാരണം തേടി പൊലീസ്
Mail This Article
തൊടുപുഴ∙ വ്യാഴം പുലർച്ചെ വെങ്ങല്ലൂരിൽ ഒരാൾ മരിക്കാനിടയായ കാർ അപകടത്തിൽ വില്ലനായത് ഉറക്കവും റോഡിലെ വളവുമായിരിക്കാമെന്ന് അഗ്നിരക്ഷാ സേനയും പൊലീസും. വെങ്ങല്ലൂർ സിഗ്നൽ മുതൽ നേരെയുള്ള റോഡ് ഷാപ്പുംപടി ജംക്‌ഷനിലേക്ക് എത്തുന്നതിനു മുൻപായി ഇടത്തോട്ട് ചെറുതായി തിരിയുന്നുണ്ട്. ഈ വളവ് തിരിയാതെ വലതു വശത്തുള്ള മരത്തിലേക്ക് കാർ ശക്തമായി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഹെഡ്‌ലൈറ്റ് ഇളകി 30 അടിയോളം ദൂരേക്ക് തെറിച്ചു വീണു കിടക്കുന്നുണ്ട്. എൻജിൻ റൂം പൂർണമായി തകർന്നെങ്കിലും കാറിന്റെ ഉൾഭാഗത്ത് കാര്യമായ തകരാറൊന്നും കാണാനില്ല.വെളുപ്പിന് 3 മണി, റോഡിൽ വലിയ തിരക്കില്ലാത്ത സമയമായതിനാൽ വേഗതയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയനാകില്ല. ഈ ഭാഗത്തു വച്ച് ഡ്രൈവർ മയങ്ങിപ്പോയിരിക്കാനും സാധ്യതയുണ്ട്.
സേഫ്റ്റിയുണ്ടായിട്ടും മരണമോ?
ഗ്ലോബൽ ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാമിന്റെ സുരക്ഷാ പരിശോധനയിൽ 5 സ്റ്റാർ റേറ്റിങ് നേടിയ 20 ലക്ഷത്തോളം വിലയുള്ള കാറിലും സുരക്ഷയില്ലേ? അപകട സ്ഥലം സന്ദർശിക്കുന്ന ആളുകൾ ഉന്നയിക്കുന്ന സംശയമിതായിരുന്നു. എന്നാൽ വാഹനങ്ങൾ ക്രാഷ് ടെസ്റ്റ് നടത്തുന്നത് മണിക്കൂറിൽ പരമാവധി 64 കിലോമീറ്റർ വേഗത്തിലാണ്. ഇതിലും കൂടിയ വേഗം സുരക്ഷിതമെന്നു പറയാനാകില്ല.വെങ്ങല്ലൂരിലെ കാറപകടത്തിൽ സ്പീഡോമീറ്റർ 60 കിലോമീറ്ററിൽ നിലച്ചിരിക്കുന്നതായാണ് കാണുന്നത്. ഒരു പക്ഷേ വേഗത്തിൽ വന്നിരുന്ന കാറിന്റെ നിയന്ത്രണം പോയതായി മനസ്സിലായപ്പോൾ, മയക്കം വിട്ടുണർന്ന ഡ്രൈവർ ബ്രേക്ക് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടാകാം. അപകടത്തിൽ പെട്ട വാഹനത്തിലെ ടെക്നോളജി, ഇംപാക്ട് ഉണ്ടാകുന്ന ഭാഗത്തെ എയർബാഗ് മാത്രം തുറക്കുന്ന രീതിയിലുള്ളതാണെന്നും വാഹന നിർമാതാക്കൾ നിഷ്കർഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ സംരക്ഷണം ഉറപ്പാക്കാനാകൂ എന്നും കമ്പനി പ്രതിനിധി പ്രതികരിച്ചു.
സീറ്റ്ബെൽറ്റ് വേണം
വെങ്ങല്ലൂർ അപകടത്തിൽ പിൻസീറ്റിൽ ഇരുന്നയാളാണ് മരിച്ചത്. സീറ്റ് ബെൽറ്റ് ഇടാതിരുന്നതിനെ തുടർന്ന്, ശക്തമായ ഇടിയിൽ മുന്നിലെ സീറ്റിൽ തലയിടിക്കുകയായിരുന്നെന്ന് ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ കെ.കെ.രാജീവ് പറഞ്ഞു. പിൻസീറ്റ് യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് ശീലമാക്കണം