കുഞ്ഞിക്കണ്ണുകൾ സ്ക്രീനിൽ തന്നെ; പ്രതിദിനം 4 മണിക്കൂറോളം സ്ക്രീനിൽ ചെലവഴിക്കുന്നത് 50.4% കുട്ടികൾ
Mail This Article
കൊച്ചി ∙ നഗരത്തിലെ പകുതിയിലേറെ കുട്ടികളും പ്രതിദിനം 3–4 മണിക്കൂർ സ്ക്രീനുകളിൽ ചെലവഴിക്കുന്നുണ്ടെന്നു സർവേ റിപ്പോർട്ട്. ദൃഷ്ടി പദ്ധതിയുടെ ഭാഗമായി ജില്ലാ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ കൊച്ചി കോർപറേഷനിലാണു സർവേ നടത്തിയത്. മൊബൈൽ ഫോൺ ഉപയോഗം, ടിവി കാണൽ എന്നിവ ചേർത്താണു സ്ക്രീൻ സമയമായി കണക്കാക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ തുടർച്ചയായ ഉപയോഗം കുട്ടികളുടെ കാഴ്ച ശക്തിയെ ബാധിച്ചിട്ടുണ്ടെന്നു സർവേയിൽ പങ്കെടുത്ത 15.3% രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
സ്ക്രീൻ സമയം കൂടുമ്പോൾ കുട്ടികൾക്കു കാഴ്ചയ്ക്കു ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നാണു ഭൂരിഭാഗം രക്ഷിതാക്കളുടെയും (54.7%) അഭിപ്രായം. പരമ്പരാഗത ആയുർവേദവും നൂതനമായ അറിവുകളും നേത്ര ചികിത്സാ രംഗത്തു സമന്വയിപ്പിക്കുന്നതിന്റെ ഭാഗമായാണു ജില്ലാ ആയുർവേദ ആശുപത്രി ദൃഷ്ടി പദ്ധതി നടപ്പാക്കുന്നത്. നേത്ര ചികിത്സ എല്ലാവർക്കും ലഭ്യമാക്കാനും ബോധവൽക്കരണത്തിനുമുള്ള സമഗ്ര ശ്രമം ആവശ്യമാണെന്നാണു സർവേ നൽകുന്ന സൂചനയെന്നു ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഷർമദ് ഖാൻ പറഞ്ഞു.
വായന, കളി, ഉറക്കം കുട്ടികളിൽ
∙ രണ്ടു മണിക്കൂറിലേറെ വായന, പഠനം– 52.9%
∙ 3–4 മണിക്കൂർ സ്ക്രീൻ സമയം– 50.4%
∙ 4 മണിക്കൂറിലേറെ വീടിനു പുറത്തെ കളികൾ– 48.2%
∙ ഒരു മണിക്കൂറിലേറെ വീടിനു പുറത്തെ കളികൾ– 20%
∙ 10 മണിക്കൂറിലേറെ ഉറക്കം– 47.1%
∙ 6 മണിക്കൂറിൽ താഴെ ഉറക്കം– 15.4%
കുട്ടികളുടെ ആരോഗ്യം, ജീവിത ശൈലി
∙ കാഴ്ച സംബന്ധമായ പ്രശ്നങ്ങളുള്ളത്– 44.5%
∙ കാഴ്ച സംബന്ധമായ പ്രശ്നങ്ങളെ തുടർന്നു സ്വഭാവ മാറ്റം– 50.4%
∙ കണ്ണടകൾ ഉപയോഗിക്കുന്നത്– 15.3%
∙ മലബന്ധം അനുഭവപ്പെടുന്നത്– 48.2%
∙ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്– 13.9%
∙ തലയിൽ എണ്ണ തേക്കാത്തവർ– 13.1%
82% പേർക്കും നേത്ര പ്രശ്നം
സർവേയിൽ പങ്കെടുത്ത മുതിർന്നവരിൽ 81.6% പേർക്കും നേത്ര സംബന്ധമായ പ്രശ്നങ്ങളുണ്ട്. കണ്ണടകൾ ഉപയോഗിച്ച ശേഷവും പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്ത 50.2% പേരുണ്ട്. നേത്ര സംബന്ധമായ പ്രശ്നങ്ങളുള്ളവരിൽ 46.4% പേർക്കു പ്രമേഹമുണ്ട്.