മലയാളം പഠിക്കും, മക്കളെ പഠിപ്പിക്കും, പിന്നെ മോഷണത്തിന് ഇറങ്ങും; കുറുവ സംഘത്തെ എന്തുകൊണ്ട് പേടിക്കണം?
Mail This Article
പറവൂർ ∙ അനുകൂല സാഹചര്യങ്ങളുള്ള മോഷണസ്ഥലം പകൽ കണ്ടു വയ്ക്കുകയും രാത്രി മോഷണം നടത്തുകയും ചെയ്യുന്നതാണു കുറുവ സംഘത്തിന്റെ രീതി. ഇവർ ക്യാംപ് ചെയ്യുന്ന സ്ഥലങ്ങളിൽ പകൽ പുരുഷൻമാരെ കാണില്ല. സ്ത്രീകളും കുട്ടികളും മാത്രമാണുണ്ടാകുക. ഉരൽ നിർമാണം, ചൂൽ വിൽപന, ഭിക്ഷാടനം, ആക്രിപെറുക്കൽ, ധനസഹായ ശേഖരണം എന്നിങ്ങനെയുള്ള പ്രവർത്തനവുമായി സ്ത്രീകളുടെ സംഘം വീടുകളിൽ കറങ്ങും. വീടുകളുള്ള മേഖല നോക്കിവച്ച് ഒരു വർഷം വരെ കാത്തിരുന്ന ശേഷമാണ് അവിടെ മോഷണം നടത്തുക. മോഷണത്തിന് 6 മാസം മുൻപുതന്നെ ഇവർ ക്യാംപ് ചെയ്ത സ്ഥലത്തു നിന്നു മാറും. പിന്നീടു മടങ്ങിയെത്തി കവർച്ച നടത്തി കടന്നുകളയും. സംഘം ക്യാംപ് ചെയ്യുന്ന സ്ഥലത്തു നിന്ന് 10 കിലോമീറ്ററെങ്കിലും അപ്പുറമായിരിക്കും മോഷണം നടത്തുകയെന്ന പ്രത്യേകതയുമുണ്ട്.
മദ്യപിച്ച ശേഷമാണ് മോഷണത്തിനെത്തുക. കണ്ണുകൾ മാത്രം പുറത്തു കാണാവുന്ന വിധത്തിൽ തോർത്ത് തലയിൽ കെട്ടാറുണ്ട്. ഷർട്ടും കൈലിയും അരയിൽ ചുരുട്ടിവച്ച ശേഷം അതിനു മുകളിൽ നിക്കർ ധരിക്കും. ശരീരത്തിൽ എണ്ണയും കരിയും പുരട്ടും. പിടികൂടിയാൽ വഴുതി രക്ഷപ്പെടാനാണിത്. വീടുകളുടെ പിൻവാതിൽ തകർത്ത് അകത്തു കയറുന്നതാണ് ഇവരുടെ രീതി. വീടിനു പുറത്തെത്തി കുട്ടികളുടെ കരച്ചിൽ പോലെയുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്തു വാതിൽ തുറക്കാൻ വീട്ടുകാരെ പ്രേരിപ്പിക്കാറുമുണ്ട്. പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം വീടിനുള്ളിൽ കയറി മോഷണം നടത്തും. കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് ഇവർ കൂടുതലായും മോഷണത്തിനെത്തുന്നത്. ഇവർ നന്നായി മലയാളം സംസാരിക്കും. ചെറുപ്പം മുതലേ ഇവർ മക്കളെ മലയാളം പഠിപ്പിക്കും.
മോഷണം നടക്കുന്ന സ്ഥലങ്ങളിൽ മലയാളം മാത്രമേ സംഘം സംസാരിക്കൂ. കുറുവ എന്നാണ് പറയുന്നതെങ്കിലും നരിക്കുറുവയെന്നാണ് തമിഴ്നാട്ടിൽ ഇവർ അറിയപ്പെടുന്നത്. കമ്പം, ബോഡിനായ്ക്കന്നൂർ, കോയമ്പത്തൂർ, മധുര, തഞ്ചാവൂർ എന്നിവിടങ്ങളാണ് ഇവരുടെ കേന്ദ്രങ്ങൾ. മോഷണത്തിൽ നിന്ന് ഇവരെ മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ വീടുകൾ അടക്കം നൽകിയിട്ടും ഫലമുണ്ടായില്ല. വീടുകളിൽ താമസിക്കാതെ ഷെഡുകളിലാണ് ഇപ്പോഴും വാസം.
ആലപ്പുഴയ്ക്കു പിന്നാലെ പറവൂരിലും കുറുവ മോഷണ സംഘം എത്തിയതായി സംശയം
പറവൂർ ∙ കുറുവ സംഘമെന്നു വിളിക്കപ്പെടുന്ന മോഷണ സംഘം പറവൂരിൽ എത്തിയതായി സംശയം. ചേന്ദമംഗലത്തെ കരിമ്പാടം, കുമാരമംഗലം മേഖലകളിലെ 3 വീടുകളിൽ മോഷ്ടാക്കൾ എത്തിയെന്നും മോഷണശ്രമം നടന്നെന്നുമാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ, പത്തോളം വീടുകളിൽ മോഷ്ടാക്കൾ എത്തിയെന്നാണു നാട്ടുകാർ പറയുന്നത്. ഒരിടത്തു നിന്നും സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. ചില വീടുകളിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ ചുവടുപിടിച്ചു വടക്കേക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
മോഷണശ്രമം നടന്ന വീടുകളിലെല്ലാം കുറുവ സംഘത്തിന്റേതു പോലെ മുഖംമൂടിയും അടിവസ്ത്രങ്ങളും ധരിച്ചു കയ്യിൽ ആയുധങ്ങളുമായി എത്തി പിൻവാതിൽ തകർക്കാനാണു ശ്രമം നടന്നത്. ബുധൻ പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണു കരിമ്പാടത്തെ വീട്ടിൽ മോഷ്ടാക്കൾ എത്തിയത്. വാതിലിൽ ശക്തിയായി അടിക്കുന്ന ശബ്ദം കേട്ടു വീട്ടുകാർ ഉണർന്നു ലൈറ്റ് ഇട്ടതോടെ മോഷ്ടാക്കൾ ഓടിമറഞ്ഞു. പിന്നിലെ വാതിൽ തുറക്കാനാണു ശ്രമം നടന്നത്. താഴത്തെ കുറ്റി ഇളക്കിയിരുന്നു.
എന്നാൽ, മുകളിലത്തെ കുറ്റി ഇളക്കാനുള്ള ശ്രമം പരാജയപ്പെട്ടു. സിസിടിവി ഉള്ള വീടുകളിൽ നിന്നു ലഭിച്ച ദൃശ്യങ്ങളിലെല്ലാം 2 പേർ വീതമുള്ള സംഘത്തിന്റെ ചിത്രമാണുള്ളത്. ഒരേ മോഷ്ടാക്കൾ തന്നെയാണോ എന്നു സ്ഥിരീകരിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ഒരു വീട്ടിൽ കമ്പിപ്പാര ഉപേക്ഷിച്ചിട്ടുണ്ട്. ഇവിടെ നിന്നെടുത്ത വസ്ത്രം കൊണ്ടു മുഖം മറച്ചാണു മോഷ്ടാക്കൾ കടന്നുകളഞ്ഞതെന്നും വീട്ടുകാർ പറയുന്നു.
മോഷണം നടത്തേണ്ട വീടുകളെപ്പറ്റി കൃത്യമായി പഠിച്ച ശേഷം എത്തുന്ന കുറുവ സംഘം അക്രമകാരികളാണ്. എന്നാൽ, പറവൂർ മേഖലയിലെ വീടുകളിൽ എത്തിയതു കുറുവ സംഘം തന്നെയാണെന്ന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കുറുവ മോഷണ സംഘം ആലപ്പുഴ ജില്ലയിൽ എത്തിയതായി നേരത്തേ സ്ഥിരീകരിച്ചിരുന്നു.
ഊർജിത പട്രോളിങ്: റൂറൽ പൊലീസ്
പറവൂരിലെ മോഷണശ്രമങ്ങൾക്കു പിന്നിൽ കുറുവ സംഘമാണെന്ന സംശയം ഉയർന്ന സാഹചര്യത്തിൽ ഊർജിത പട്രോളിങ്ങും ശക്തമായ നടപടിയും ഉറപ്പാക്കിയിട്ടുണ്ടെന്നു റൂറൽ പൊലീസ് മേധാവി. ജാഗ്രത പാലിക്കാൻ നാട്ടുകാർക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. കമ്പിപ്പാര, കോടാലി, പിക് ആക്സ് പോലെയുള്ള ആയുധങ്ങൾ വീടിനു പുറത്തു സൂക്ഷിക്കരുതെന്നു പൊലീസ് നിർദേശിക്കുന്നു. ഇത്തരത്തിലുള്ള ആയുധങ്ങൾ കുറുവ സംഘം വാതിൽ തകർക്കാൻ ഉപയോഗിക്കാറുണ്ട്.