സംസാരിച്ച് ആരെയും വലയിൽ വീഴ്ത്തും; അക്കൗണ്ടിലേക്കെത്തിയ പണം സച്ചിത എന്തു ചെയ്തു?
Mail This Article
കാസർകോട് ∙ ഡിവൈഎഫ്ഐ മുൻ നേതാവ് ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടിയിലേറെ രൂപ തട്ടിയെടുത്തു എന്ന പരാതികളിലായി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണം വഴിമുട്ടിയോ? കേസിലെ മുഖ്യപ്രതിയായ ബാഡൂർ എഎൽപി സ്കൂളിലെ അധ്യാപികയും ഡിവൈഎഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റി മുൻ അംഗവുമായിരുന്ന പെർല ഷേണി ബൽത്തക്കല്ലിലെ ബി.സച്ചിത റൈയെ (27) അറസ്റ്റ് ചെയ്തിട്ട് മൂന്നാഴ്ചയിലേറെയായിട്ടും കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യാൻ അന്വേഷണം സംഘം തയാറായില്ലെന്നാണു പരാതിക്കാരുടെ ആരോപണം.
ജില്ലയിൽ ബദിയടുക്ക –11, ആദൂർ – 2, മഞ്ചേശ്വരം, കാസർകോട്, മേൽപറമ്പ്, അമ്പലത്തറ, കുമ്പള എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനു പുറമേ കർണാടകയിൽ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനിലും സമാന പരാതിയിൽ കേസെടുത്തിട്ടുണ്ട്. എന്നാൽ ഒട്ടേറെ പേരുടെ പണം നഷ്ടമായിട്ടുണ്ടെങ്കിലും പരാതി നൽകാൻ പലരും തയാറായില്ല. സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരെയാണ് ഈ തട്ടിപ്പിനിരയാക്കിയത്. നിലവിൽ പൊലീസ് കേസെടുത്ത പരാതികൾ പ്രകാരം ഒന്നര കോടിയിലേറെ രൂപയാണ് നഷ്ടമായിരിക്കുന്നത്.
പണം നഷ്ടപ്പെട്ട പലരും പൊലീസ് സ്റ്റേഷനുകളിലെത്തുന്നുവെങ്കിലും പരാതി നൽകാൻ തയാറാവുന്നില്ല. കേന്ദ്ര–കേരള–കർണാടക സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, കാസർകോട് സിപിസിആർഐ, കേന്ദ്രീയ വിദ്യാലയം, കാസർകോട്ടെ ഒരു സർക്കാർ വിദ്യാലയം, എസ്ബിഐ, ജലസേചനം വകുപ്പ്, എഫ്സിഐ തുടങ്ങിയ വകുപ്പുകളിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. തട്ടിപ്പിനിരയായ കുമ്പള കിദൂറിലെ ഭർതൃവീട്ടിൽ താമസിക്കുന്ന നിഷ്മിത ഷെട്ടിയിൽ കാസർകോട് സിപിസിആർഐയിൽ അസിസ്റ്റന്റ് മാനേജർ തസ്തകയിലേക്ക് ജോലി വാഗ്ദാനം ചെയ്തു തട്ടിയെടുത്തത് 15.05 ലക്ഷം രൂപയാണ്.
ജോലി കിട്ടാത്തതിനാൽ ഇവരാണ് ആദ്യം പരാതി നൽകിയത്. ആരെയും സംസാരിച്ചു മിനിറ്റിനുള്ളിൽ വീഴ്ത്താൻ ശേഷിയുള്ള ആളായിരുന്ന സചിത റൈ. ഭരണസ്വാധീനം ഉപയോഗിച്ച് കേന്ദ്ര–ഇരു സംസ്ഥാന സർക്കാർ ഓഫിസുകളിലും മറ്റു സ്ഥാപനങ്ങളിലുമായി ജോലി വാഗ്ദാനം ചെയ്തപ്പോൾ വിദ്യാഭ്യാസ യോഗ്യത ഏറെയുണ്ടായിട്ടും ജോലി കിട്ടാതെ അലയുന്നവർക്ക് ഈ യുവനേതാവിന്റെ ജോലി വാഗ്ദാനം പ്രതീക്ഷയേകി. അതിനാൽ ബാങ്ക് വായ്പ എടുത്തും സ്വർണം പണയപ്പെടുത്തിയും മറ്റുമാണ് ഉദ്യോഗാർഥികൾ ലക്ഷങ്ങൾ നൽകിയത്.
സച്ചിത പണം എന്തു ചെയ്തു?
കർണാടക ഉഡുപ്പി കേന്ദ്രീകരിച്ചുള്ള ഒരു സ്വകാര്യ പ്ലെയ്സ്മെന്റ് സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് എന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതിന്റെ പിന്നിൽ കർണാടകയിലെ വിവിധ രാഷ്ട്രീയ – ഉദ്യോഗസ്ഥ സംഘങ്ങൾ ഉണ്ടോയെന്ന സംശയം പരാതിക്കാർക്കുണ്ട്. കേരളം ഭരിക്കുന്ന പാർട്ടിയുടെ യുവജന സംഘടനയുടെ നേതാവ് കൂടിയായതിനാൽ ചില സ്ഥാപനങ്ങളിൽ ജോലി തരപ്പെടുത്തി കൊടുക്കാനാകുമെന്ന് പ്രതീക്ഷയിലാണ് തട്ടിപ്പ് തുടങ്ങിയത്.
തട്ടിപ്പിനിരയായവർ ഏറെയാളുകളും സചിത റൈയുടെ അക്കൗണ്ടിലേക്കായിരുന്നു പണം അയച്ചിരുന്നത്. എന്നാൽ ഈ അക്കൗണ്ടിലേക്കെത്തിയ പണം എന്തു ചെയ്തു എന്നു ആർക്കും അറിയുന്നില്ല. കർണാടകയിലെ സംഘത്തിനു പണം നൽകി എന്നാണ് ഇവർ പൊലീസിനോടു ആദ്യം പറഞ്ഞത്. എന്നാൽ തങ്ങൾക്കു ഒന്നും കിട്ടിയില്ലന്നാണു ഇവരുടെ വാദം. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസും പരാതിക്കാരും പ്രതീക്ഷിക്കുന്നത്.
കൊലക്കുറ്റത്തിന് കേസെടുക്കണം: എം.എൽ. അശ്വിനി
കാസർകോട് ∙ ജോലി വാഗ്ദാനം വിശ്വസിച്ച് നൽകിയ 15 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട ബദിയഡുക്കയിലെ യുവതിയുടെ മാതാവ് സരോജിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഞ്ചനക്കേസ് പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ സച്ചിത റൈക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മഹിളാമോർച്ച ദേശീയ നിർവാഹക സമിതിയംഗം എം.എൽ.അശ്വിനി ആവശ്യപ്പെട്ടു.
ജോലിക്ക് വേണ്ടി പണം നൽകി അവസാനം തങ്ങൾ പറ്റിക്കപ്പെടുകയാണ് എന്നറിഞ്ഞതു മുതൽ സരോജിനി കടുത്ത മാനസിക വിഷമത്തിലായിരുന്നു എന്നാണ് ഭർത്താവ് അറിയിച്ചത്. ഭർത്താവ് ബദിയഡുക്ക പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിക്ക് സംസ്ഥാന ഭരണകക്ഷിയുമായി ബന്ധമുള്ളതുകൊണ്ടു തന്നെ നിയമസംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെടാനും കൂടുതൽ ആത്മഹത്യകൾ നടക്കാനും സാധ്യതയുണ്ട്. സച്ചിതാ റൈയുടെ ആസ്തി കണ്ടുകെട്ടി പരാതിക്കാർക്ക് പണം നൽകണം. അശ്വിനി ആവശ്യപ്പെട്ടു.