കുത്തിപ്പൊളിച്ചുള്ള പൈപ്പിടൽ യാത്രക്കാർക്ക് ദുരിതം; ബൈക്കുകൾ നിയന്ത്രണം തെറ്റി മറിഞ്ഞു
Mail This Article
ആലങ്ങാട് ∙ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെ ആലുവ– പറവൂർ പ്രധാന പാത കുത്തിപ്പൊളിച്ചുള്ള പൈപ്പിടൽ മൂലം കാൽനട യാത്രക്കാരും അരികു ചേർന്നു പോകുന്ന വാഹനങ്ങളും അപകടത്തിൽപെടുന്നതായി പരാതി. മനയ്ക്കപ്പടി മുതൽ കരുമാലൂർ വരെയുള്ള ഭാഗത്താണു നിലവിൽ കുത്തിപ്പൊളിച്ചു ശുദ്ധജലവിതരണ കുഴൽ സ്ഥാപിക്കൽ നടക്കുന്നത്. ഇതോടെ കാൽനട യാത്രികർക്കു റോഡരികിലൂടെ നടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. കൂടാതെ റോഡരികിലെ വീടുകളിലേക്കും കടകളിലേക്കും പൊടിയും പറക്കുന്നുണ്ട്.
രാത്രികാലങ്ങളിൽ പരിചയമില്ലാത്ത വാഹനയാത്രികർ റോഡിന്റെ അരികു ചേർന്നു പോയാൽ അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നു നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ ബൈക്കുകൾ നിയന്ത്രണം തെറ്റി മറിഞ്ഞിരുന്നു. വീതി കുറവുള്ള ഭാഗങ്ങളിലും വളവുകളിലും കുത്തിപ്പൊളിച്ചു പൈപ്പിടുമ്പോൾ വേണ്ടത്ര സുരക്ഷയില്ലെന്നാണു പരാതി. കുത്തിപ്പൊളിച്ച ഭാഗത്തെ മണ്ണ് കൃത്യമായി ഉറപ്പിക്കണമെന്നും കുഴികൾ മൂടുകയും ചെയ്യണമെന്ന ആവശ്യം ശക്തമാണ്.