പ്രൊപ്പലീൻ ടാങ്കർ ലോറി മറിഞ്ഞ് അപകടം; ഒഴിവായതു വൻദുരന്തം: എന്താണ് പ്രൊപ്പലീൻ?
Mail This Article
കളമശേരി ∙ ദേശീയപാതയിൽ ടിവിഎസ് ജംക്‌ഷനിൽ മെട്രോ തൂണുകൾക്കു സമീപം ദ്രവീകൃത പ്രൊപ്പലീൻ കയറ്റിപ്പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒഴിവായതു വൻ ദുരന്തം. അപകടസമയത്ത്, മറിഞ്ഞ ലോറിയിൽ നിന്നു പ്രൊപ്പലീൻ ചോരാതിരുന്നതും അപകടത്തിൽപെട്ട ലോറിയുടെ ഡ്രൈവർക്കു പരുക്കേൽക്കാതിരുന്നതും ഫയർഫോഴ്സിന്റെയും പൊലീസിന്റെയും ജാഗ്രതയുമാണ് ഇതിനു സഹായിച്ചത്. അശ്രദ്ധമായി വാഹനമോടിച്ചതിനു ഡ്രൈവർക്കെതിരെ കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 11നായിരുന്നു അപകടം.
ബിപിസിഎലിൽ നിന്നു ഗുജറാത്തിലേക്കു പ്രൊപ്പലീൻ കൊണ്ടുപോവുകയായിരുന്ന ടാങ്കർ ലോറിയാണു മറിഞ്ഞത്. റോഡിന്റെ ചെരിവും വാഹനത്തിന്റെ ടയറുകളുടെ മോശമായ അവസ്ഥയും പുതിയ ട്രാഫിക് പരിഷ്കരണം സംബന്ധിച്ച ലോറി ഡ്രൈവർ തെങ്കാശി സ്വദേശി മുത്തുവിന്റെ (60) ആശയക്കുഴപ്പവുമാണ് അപകടത്തിലേക്കു നയിച്ചത്. ഏലൂർ, ബിപിസിഎൽ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ വാതകച്ചോർച്ചയുണ്ടായാൽ നേരിടുന്നതിനു തയാറായി നിന്നു. 2 ക്രെയിനുകളുടെ സഹായത്തോടെ പുലർച്ചെ 4.20ഓടെയാണ് ലോറി ഉയർത്തി സാധാരണ നിലയിലാക്കിയത്.
ഉയർത്തിയ സമയത്ത് ടാങ്കറിന്റെ പ്രഷർ മീറ്ററിനു തകരാർ സംഭവിക്കുകയും നേരിയ തോതിൽ വാതകച്ചോർച്ചയുണ്ടാവുകയും ചെയ്തു. ബിപിസിഎലിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ചോക്കുപൊടിയും ശർക്കരയും ചേർത്തുണ്ടാക്കിയ മിശ്രിതം ഉപയോഗിച്ചു ചോർച്ചയടച്ചു. ഇതിനു ശേഷം, അപകടത്തിൽപെട്ട ബുള്ളറ്റ് ടാങ്ക് മറ്റൊരു കാബിനിലേക്കു മാറ്റിവച്ചാണ് രാവിലെ എട്ടരയോടെ അപകടസ്ഥലത്തു നിന്നു നീക്കിയത്.
എന്താണ് പ്രൊപ്പലീൻ?
പെട്രോളിയം ശുദ്ധീകരണത്തിന്റെ പ്രധാനപ്പെട്ട ഉപോൽപന്നമാണു പ്രൊപ്പലീൻ. പെട്രോളിയത്തിന്റെ നേരിയ ഗന്ധമുള്ള, ഉയർന്ന ജ്വലനശേഷിയുള്ള, സ്ഫോടന സാധ്യതയുള്ള, നിറമില്ലാത്ത വാതകമാണു പ്രൊപ്പലീൻ. പ്ലാസ്റ്റിക്, റെസിൻ, സിന്തറ്റിക് റബർ, ഗ്യാസോലിൻ തുടങ്ങി വൈവിധ്യമാർന്ന ഒട്ടേറെ വസ്തുക്കളുടെ അസംസ്കൃത വസ്തുവാണ്. വായുവിൽ കലർന്നാൽ ശ്വസന തടസ്സമുണ്ടാക്കുന്ന രാസവസ്തുവാണ്.
സുരക്ഷാ വീഴ്ചകൾ ഏറെ
അപകടം സുരക്ഷാ പാളിച്ചകളിലേക്കും വിരൽ ചൂണ്ടി. അപകടകരമായ രാസവസ്തുക്കൾ കൊണ്ടുപോകുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണു പ്രൊപ്പലീൻ കൊണ്ടുപോയത്. അപകടരമായ രാസവസ്തു കൊണ്ടുപോകുന്ന വാഹനത്തിന്റെ മുന്നിലും പിന്നിലും ഇരുവശങ്ങളിലും രാസവസ്തുവിനെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണം. അപകടമുണ്ടായാൽ ബന്ധപ്പെടേണ്ട അടിയന്തര ഫോൺ നമ്പറുകളും രാസവസ്തു കൊടുത്തുവിടുന്ന സ്ഥാപനത്തിന്റെ ഫോൺ നമ്പറും രാസവസ്തുവിന്റെ യുഎൻ കോഡ് അടക്കം നൽകണം. ടിവിഎസ് ജംക്‌ഷനിൽ അപകടത്തിൽപെട്ട ടാങ്കർ ലോറിയുടെ മുന്നിലും പിന്നിലും ഈ വിവരങ്ങൾ ഉണ്ടായിരുന്നില്ല.
മറിഞ്ഞുകിടന്നതിനാൽ ഇരുവശവും എഴുതിയതു വായിക്കാനും കഴിയുമായിരുന്നില്ല. വാഹനത്തിനകത്ത് രാസവസ്തു കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ട്രംപ്കാർഡ് (ഷിപ്പിങ് കാർഡ്) സൂക്ഷിക്കണം. അപകട സാധ്യത, രക്ഷാ മാർഗങ്ങൾ എന്നിവയടങ്ങുന്ന സേഫ്റ്റി ഡേറ്റ കരുതണം. രാസവസ്തുക്കൾ കൊണ്ടുപോകുന്നതിനു പ്രത്യേക ട്രെയിനിങ് ലഭിച്ച ഡ്രൈവർമാരായിരിക്കണം. ഈ നിബന്ധനകളൊന്നും അപകടത്തിൽപെട്ട ലോറിയുടെ കാര്യത്തിൽ പാലിച്ചിരുന്നില്ലെന്നു ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.