‘എ ഹൊറർ സ്റ്റോറി’: പൊട്ടിപ്പൊളിഞ്ഞ റോഡ്, കൂരിരുട്ട്, സാമൂഹികവിരുദ്ധ ശല്യം; പേടി സ്വപ്നമായി ഈ റോഡിലൂടെയുള്ള യാത്ര
Mail This Article
മുളന്തുരുത്തി ∙ പെരുമ്പിള്ളി-മറ്റത്താൻകടവു റോഡിൽ നാട്ടുകാർക്കു ഭീതിയുടെ യാത്ര. പൊട്ടിപ്പൊളിഞ്ഞ റോഡ്, കൂരിരുട്ട്, മാലിന്യം തള്ളൽ, സാമൂഹികവിരുദ്ധ ശല്യം ഇങ്ങനെ നീളും റോഡിൽ നാട്ടുകാർ നേരിടുന്ന വെല്ലുവിളികൾ. സന്ധ്യയായാൽ പേടിച്ചാണു റോഡിലൂടെ സഞ്ചരിക്കുന്നതെന്നു സ്ത്രീകൾ അടക്കം പറയുന്നു. വഴിവിളക്കില്ലാത്ത റോഡ് ലഹരി സംഘങ്ങൾ താവളമാക്കിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
തകർന്ന റോഡ്; അറ്റകുറ്റപ്പണിയില്ല
കുഴിയേതാ, വഴിയേതാ എന്നറിയാത്ത തരത്തിലേക്കു മാറിയ റോഡ് അറ്റകുറ്റപ്പണി പോലും ചെയ്യുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. 5 വർഷം മുൻപ് ജില്ലാ പഞ്ചായത്ത് ഒന്നേകാൽ കോടിയോളം ചെലവഴിച്ചു ടാർ ചെയ്ത റോഡാണു സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്. 2.1 കിലോമീറ്റർ ദൂരമുള്ള റോഡിൽ ഭൂരിഭാഗത്തും ടാറിങ് പൂർണമായും ഇളകി വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കുഴിയിൽ വീണ് അപകടങ്ങളും പതിവാണ്.
തെളിയാതെ വഴിവിളക്കുകൾ
പാടങ്ങൾക്കു നടുവിലൂടെയുള്ള റോഡിൽ വെളിച്ചമില്ലെന്നതാണു യാത്രക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി. രാത്രിയായാൽ കൂരിരുട്ടിലാണ് റോഡ്. ഇതു പലപ്പോഴും അപകടങ്ങൾക്കും കാരണമാകാറുണ്ട്. ഒരു മാസത്തിനിടെ 2 കാറുകളാണു രാത്രി നിയന്ത്രണംവിട്ട് പാടത്തേക്കു വീണത്. വെളിച്ചമില്ലാത്തതിനാൽ കാൽനട യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇരുട്ടിന്റെ മറവിൽ ലഹരിമാഫിയയും മേഖല താവളമാക്കിയതോടെ ഭീതിയിലാണു നാട്ടുകാർ. രാത്രി റോഡിൽ തമ്പടിക്കുന്നവരിൽ ഏറെയും അപരിചിതരാണെന്നു നാട്ടുകാർ പറയുന്നു. ഇതിനാൽ പൊലീസ് പട്രോളിങ് ഊർജിതമാക്കണമെന്നാണ് ആവശ്യം.
ഒഴിയാതെ മാലിന്യം തള്ളൽ
നാട്ടുകാരുടെ നേതൃത്വത്തിൽ പലതവണ റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കിയെങ്കിലും മാലിന്യം തള്ളലിനു അറുതിയില്ല. ഇരുവശങ്ങളും തരിശുകിടക്കുന്ന പാടമായതിനാൽ സാമൂഹിക വിരുദ്ധരുടെ മാലിന്യ തള്ളൽ കേന്ദ്രമാണ് റോഡ്. ഇരുട്ടിന്റെ മറവിൽ രാത്രിയിലാണു മാലിന്യം പാടങ്ങളിലേക്ക് വലിച്ചെറിയുന്നത്. മാലിന്യം തള്ളൽ കാരണം റോഡിൽ തെരുവുനായ് ശല്യവും രൂക്ഷമാണ്. വാഹനങ്ങൾ കുറവായതിനാൽ പ്രഭാതസവാരിക്കാർ ഏറെ ആശ്രയിക്കുന്ന റോഡ് നാട്ടുകാരുടെ നേതൃത്വത്തിൽ പെരുമ്പിള്ളി ജനകീയ കൂട്ടായ്മ രൂപീകരിച്ചാണു വൃത്തിയാക്കിയത്. എന്നിട്ടും മാലിന്യം തള്ളൽ തുടരുകയാണ്. പരിഹാരം ആവശ്യപ്പെട്ടു പഞ്ചായത്തിനെ സമീപിച്ചെങ്കിലും നടപടിയില്ലാത്തതിനാൽ സ്വന്തം നിലയ്ക്കു നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.