ഭീഷണിയുമായി ഒന്നര കൊമ്പൻ വീണ്ടും റോഡിൽ; പടയപ്പയുടെ മുന്നിൽപെട്ട ഓട്ടോ അടിച്ചു തകർത്തു
![മറയൂർ ചിന്നാർ റോഡിൽ ജെല്ലിമല ഭാഗത്ത് രാത്രിയിൽ നിലയുറപ്പിച്ചിരിക്കുന്ന ഒന്നരകൊമ്പൻ. മറയൂർ ചിന്നാർ റോഡിൽ ജെല്ലിമല ഭാഗത്ത് രാത്രിയിൽ നിലയുറപ്പിച്ചിരിക്കുന്ന ഒന്നരകൊമ്പൻ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/idukki/images/2023/1/6/idukki-marayur-wild-elephant-attack.jpg?w=1120&h=583)
Mail This Article
മറയൂർ∙ തമിഴ്നാട് സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ ചിന്നാർ വനത്തിലെ ഒന്നര കൊമ്പനെന്ന ഒറ്റയാൻ രണ്ടു മാസത്തിനു ശേഷം വീണ്ടും റോഡിൽ. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ രണ്ട് ദിവസമായാണ് ഒന്നര കൊമ്പൻ നടുറോഡിലും വശങ്ങളിലുമായി മണിക്കൂറുകൾ ചെലവഴിക്കുന്നത്. വർഷങ്ങളായി ചിന്നാർ വനത്തിൽ കാണപ്പെടുന്ന ഒന്നരക്കൊമ്പൻ രണ്ടു മാസത്തിനു മുൻപ് തമിഴ്നാട് പുതുക്കോട്ട സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതിനുശേഷം ദിവസങ്ങളോളം റോഡിന്റെ ഇരുവശങ്ങളിലും നിലയുറപ്പിച്ചതു യാത്രക്കാരെ ഭീതിയിലാഴ്ത്തിയിരുന്നു. സംഭവം അറിഞ്ഞവരിൽ പലരും രാത്രികാല യാത്ര നിർത്തി. . റോഡിന്റെ വശങ്ങളിൽ പൊന്തക്കാട് വളർന്നുകിടക്കുന്നതാണു ഒന്നര കൊമ്പനു മറ്റു കാട്ടാനകളും വന്യമൃഗങ്ങളും റോഡിന്റെ അരികിൽ നിലയുറപ്പിക്കാനുള്ള കാരണം.
പടയപ്പ ഓട്ടോ അടിച്ചു തകർത്തു
മൂന്നാർ∙ രാത്രിയിൽ പടയപ്പയുടെ മുന്നിൽപെട്ട ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവർ അടക്കം ആറുപേർ ഓടി രക്ഷപ്പെട്ടു.ഓട്ടോ പടയപ്പ അടിച്ചു തകർത്തു. കഴിഞ്ഞ ദിവസം മൂന്നാർ - സൈലന്റ് വാലി റോഡിൽ കുട്ടിയാർവാലിയിൽ രാത്രി ഒൻപതു മണിക്കാണ് സംഭവം. മൂന്നാറിൽ നിന്നും യാത്രക്കാരുമായി സൈലന്റ് വാലിക്കു പോകുന്നതിനിടയിലാണു കൊടുംവളവിൽ ഒറ്റയാന്റെ മുൻപിൽ പെട്ടത്.ഇതോടെ ഓട്ടോ ഓടിച്ചിരുന്ന സൈലന്റ് വാലി മൂന്നാം ഡിവിഷനിൽ സതീഷ് കുമാർ ഭയന്നു. ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു.
മറിഞ്ഞു കിടന്ന ഓട്ടോയിൽ നിന്നും യാത്രക്കാരടക്കമുള്ളവർ നേരിയ പരുക്കുകളോടെ ഓടി രക്ഷപ്പെട്ടു.തുടർന്ന് ആന ഓട്ടോ അടിച്ചു തകർത്ത ശേഷം യാത്രക്കാർ വാങ്ങി കൊണ്ടു വന്നിരുന്ന പച്ചക്കറികളും മറ്റും തിന്നു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ദ്രുതകർമസേനാംഗങ്ങളാണു പടയപ്പയെ ഓടിച്ചത്. കഴിഞ്ഞ പത്തു ദിവസമായി കുട്ടിയാർ മേഖലയിലാണ് പടയപ്പ ഭീതി പരത്തി മേഞ്ഞു നടക്കുന്നത്. ഒരാഴ്ച മുൻപ് ഇതുവഴിയെത്തിയ ബൈക്കും ജീപ്പും ആക്രമിച്ചിരുന്നു.