‘ദൃശ്യം’ സിനിമകളുടെ അനുകരണം; പ്രതി നോവലുമെഴുതി, പ്രസിദ്ധീകരിച്ചത് സിനിമയ്ക്കു നാലുവർഷം മുൻപ്!
Mail This Article
കട്ടപ്പന ∙ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയുടെ പ്രവർത്തനങ്ങളിൽ ‘ദൃശ്യം’ സിനിമകളുടെ അനുകരണം. മൃതദേഹങ്ങൾ മറവുചെയ്ത രീതി, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ബസ് ടിക്കറ്റ് കാട്ടിക്കൊടുത്തത് എന്നിവ മാത്രമല്ല, ദൃശ്യം - 2 സിനിമയിലേതുപോലെ മുഖ്യപ്രതി നോവലുമെഴുതി. പ്രതിയായ പുത്തൻപുരയ്ക്കൽ നിതീഷ് മന്ത്രവാദ നോവലെഴുതി ഓൺലൈനിൽ പ്രസിദ്ധീകരിച്ചത് സിനിമ ഇറങ്ങിയതിനു നാലുവർഷം മുൻപാണെന്നു മാത്രം!
നാടുവാഴിയോടുള്ള പ്രതികാരമായി അദ്ദേഹത്തിന്റെ മകളെ ആഭിചാരകർമങ്ങളിലൂടെ സ്വന്തമാക്കി പീഡിപ്പിച്ചശേഷം ആറു നാൾ കഴിഞ്ഞ് അവളെ രക്തരക്ഷസ്സാക്കി മാറ്റാനുള്ള ദുർമന്ത്രവാദിയുടെ ശ്രമമാണു നോവലിന്റെ കഥ. നരബലിയെക്കുറിച്ചും ‘മഹാമാന്ത്രികം’ എന്ന നോവലിൽ പരാമർശമുണ്ട്. മന്ത്രവാദത്തിൽ നിതീഷിനുള്ള അറിവ് നോവൽ വ്യക്തമാക്കുന്നുണ്ട്.
കക്കാട്ടുകടയിൽ വാടകയ്ക്കു താമസിച്ചിരുന്ന നെല്ലിപ്പള്ളിൽ വിജയൻ, ഇയാളുടെ മകൾക്ക് നിതീഷിൽ ജനിച്ച 5 ദിവസമായ ആൺകുഞ്ഞ് എന്നിവരെ കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയാണു നിതീഷ്. വിജയന്റെ മൃതദേഹം വാടകവീടിനുള്ളിലും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം തൊഴുത്തിന്റെ തറയിലുമാണു കുഴിച്ചുമൂടിയത്. കൊലപാതകം നടന്ന സമയത്ത് താൻ കൊച്ചിയിലാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ബസ് ടിക്കറ്റ് ഹാജരാക്കിയത്.
വയോധികയെ പീഡിപ്പിച്ച കേസിലും നിതീഷ് പ്രതി
കട്ടപ്പന ∙ ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി പുത്തൻപുരയ്ക്കൽ നിതീഷിനെതിരായ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. വയോധികയെ ഭീഷണിപ്പെടുത്തി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണു കേസ്. കൊലപാതകക്കേസിൽ നിതീഷിനെയും രണ്ടാം പ്രതി വിഷ്ണുവിനെയും കോടതി റിമാൻഡ് ചെയ്തു. നിതീഷിനെ മുട്ടം ജയിലിലേക്കും വിഷ്ണുവിനെ പീരുമേട് സബ് ജയിലിലേക്കും മാറ്റി.