ADVERTISEMENT

കട്ടപ്പന ∙ ത്രിതല പഞ്ചായത്തുകൾ 15 ലക്ഷം രൂപ മുടക്കിയ ശുദ്ധജല പദ്ധതിയുടെ ടാങ്ക് രണ്ടു വർഷത്തിനുള്ളിൽ തകർന്നു വീണു. ഇരട്ടയാർ പഞ്ചായത്തിലെ ഈട്ടിത്തോപ്പ് തേക്കിൻകാനം ശുദ്ധജല പദ്ധതിയുടെ ഭാഗമായി ഞാറക്കവലയിൽ സ്ഥാപിച്ചിരുന്ന 10,000 ലീറ്ററിന്റെ ടാങ്കാണ് തകർന്നത്. ടാങ്ക് സ്ഥാപിച്ചിരുന്ന തൂണുകൾക്ക് ഭാരം താങ്ങാനാവാതെ വന്നതും തൂൺ കോൺക്രീറ്റ് ചെയ്തതിലെ അപാകതയും ഇരുമ്പു തൂണിന്റെ ബലമില്ലായ്മയുമാണ് ടാങ്ക് തകരാൻ കാരണമെന്നാണ് ആരോപണം. ടാങ്ക് തകർന്നതോടെ പതിനഞ്ചിലധികം കുടുംബങ്ങളുടെ ആശ്രയമായ പദ്ധതിയിൽ നിന്നുള്ള ജല വിതരണം രണ്ടാഴ്ചയായി മുടങ്ങിയിരിക്കുകയാണ്.

ഇതോടെ രണ്ടായിരം ലീറ്റർ വെള്ളത്തിന് ആയിരം രൂപയിലധികം നൽകി വാഹനത്തിൽ എത്തിക്കേണ്ട ഗതികേടിലാണ് ഗുണഭോക്താക്കൾ. ജില്ലാ പഞ്ചായത്ത് 5 ലക്ഷവും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 7 ലക്ഷവും ഇരട്ടയാർ പഞ്ചായത്ത് 3 ലക്ഷവും മുടക്കി 2022ലാണ് പദ്ധതി പൂർത്തിയാക്കിയത്. തേക്കിൻകാനം മേഖലയിലെ ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ തുടക്ക സമയത്തുതന്നെ അഴിമതി ആരോപണം ഉയർന്നിരുന്നു. 5000 ലീറ്ററിന്റെ രണ്ട് ടാങ്കുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും രണ്ട് സ്റ്റാൻഡുകൾ നിർമിക്കുന്നത് ഒഴിവാക്കാൻ 10,000 ലീറ്ററിന്റെ ഒറ്റ ടാങ്ക് സ്ഥാപിച്ചതാണ് ഇതു തകരാൻ കാരണമെന്ന് ആരോപണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com