കാത്തിരിപ്പിന് കണ്ണീരന്ത്യം; അസൗരേഷിനെ ആഴമെടുത്തു
Mail This Article
കട്ടപ്പന ∙ കുടുംബത്തിന്റെ പ്രതീക്ഷകൾ വിഫലമാക്കി അസൗരേഷിനെയും ആഴങ്ങളിൽ നിന്നു കണ്ടെത്തി. കളിക്കുന്നതിനിടെ കൈകോർത്തു ജലാശയത്തിലേക്ക് ഇറങ്ങിയ രണ്ടു കുഞ്ഞുങ്ങളും ഇന്നലെ ഒരേ ആശുപത്രിയിലെ മോർച്ചറിയിൽ നിശ്ചലരായി കിടന്നു.ഓണാവധിക്കു തറവാട്ടുവീട്ടിലെത്തിയ അസൗരേഷും അതുലും ബന്ധുക്കളായ കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് ഇടുക്കി അണക്കെട്ടിന്റെ ഭാഗമായുള്ള ജലാശയത്തിൽ ഇറങ്ങി അപകടത്തിൽപെട്ടത്. അതുലിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. ഉപ്പുതറ മൈലാടുംപാറ രതീഷ്-സൗമ്യ ദമ്പതികളുടെ മകനാണ് അസൗരേഷ് (അക്കു-12). രതീഷിന്റെ സഹോദരി രജിതയുടെ മകനാണ് അതുൽ ഹർഷ് (അമ്പാടി-13). ആലപ്പുഴ മുതുകുളം കെ.വി. സംസ്‌കൃത ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ്: നടുവിലേത്ത് പൊന്നപ്പൻ. സഹോദരൻ: അനു.
ഇരട്ടയാർ ചേലയ്ക്കക്കവലയ്ക്കു സമീപം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ ഗ്രൗണ്ടിൽ വ്യാഴാഴ്ച രാവിലെ കളിക്കുന്നതിനിടെയാണ് അതുലും അസൗരേഷും വെള്ളത്തിലിറങ്ങിയത്. രണ്ടുപേരും ഒഴുക്കിൽപെട്ടതോടെ ഒപ്പമുണ്ടായിരുന്ന കുട്ടികൾ നിലവിളിച്ചു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഇടുക്കി ജലാശയത്തിലേക്കു വെള്ളമെത്തിക്കുന്ന തുരങ്കത്തിന്റെ കവാടത്തിലെ സുരക്ഷാവേലിക്കു സമീപം അതുലിനെ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച തിരച്ചിൽ നടത്തിയെങ്കിലും അസൗരേഷിനെ കണ്ടെത്താനായില്ല. അഞ്ചര കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെ ഒഴുകിയാൽ അഞ്ചുരുളിയിൽ എത്തിയേക്കാമെന്ന നിഗമനത്തിൽ അവിടെയും തിരച്ചിൽ നടത്തി. തുരങ്കത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ടോയെന്ന് അറിയാനായി നൈറ്റ് വിഷൻ ഡ്രോൺ എത്തിച്ച് പരിശോധന നടത്താനും ശ്രമിച്ചിരുന്നു. തുരങ്കത്തിലേക്കു കയറ്റിയ ഡ്രോൺ ശക്തമായ ഒഴുക്കിൽ നിയന്ത്രിക്കാനാവാതെ വന്നതോടെ ശ്രമം വിഫലമായി.അഗ്നിരക്ഷാസേനയും സ്കൂബ ടീമും ചേർന്ന് അഞ്ചുരുളി ജലാശയത്തിൽ പരിശോധിച്ചു. ഇന്നലെ തുരങ്കത്തിനു സമീപത്തെ സുരക്ഷാവേലിക്കരികിൽ മൃതദേഹം പൊങ്ങിവരികയായിരുന്നു. അസൗരേഷിന്റെ മൃതദേഹവും കട്ടപ്പനയിലെ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. രണ്ടു കുട്ടികളുടെയും സംസ്കാര സമയം തീരുമാനിച്ചിട്ടില്ല.
ഹൃദയം നുറുങ്ങി രതീഷ്
അസൗരേഷിനെ കണ്ടെത്താനായി ഇരട്ടയാർ, അഞ്ചുരുളി ഭാഗങ്ങളിൽ പിതാവ് രതീഷ് ശ്രമം നടത്തിയ കാഴ്ച ഹൃദയഭേദകമായിരുന്നു. ഒരുദിവസം പിന്നിട്ടതോടെ കുട്ടിയെ ജീവനോടെ കണ്ടെത്താനാകുമെന്നു കരുതുന്നില്ലെന്നു പറഞ്ഞ് രതീഷ് ഇടയ്ക്കിടെ കരഞ്ഞു. ഒടുവിൽ മൃതദേഹം കണ്ടെത്തിയതോടെ ബന്ധുക്കൾക്കൊപ്പം നാടും കണ്ണീരണിഞ്ഞു.