ADVERTISEMENT

തൊടുപുഴ ∙ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യത. ഇതുപ്രകാരം, കേന്ദ്രകാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ യെലോ അലർട്ടും. മിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നു നിർദേശമുണ്ട്. അതേസമയം, ജില്ലയിൽ ഇന്നലെ ഓറഞ്ച് അലർട്ട് ഉണ്ടായിരുന്നെങ്കിലും പകൽ കാര്യമായ മഴയുണ്ടായില്ല. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ ഏറ്റവുമധികം മഴ ലഭിച്ചത് തൊടുപുഴ താലൂക്കിലാണ് – 61.8 മില്ലിമീറ്റർ. ഒക്ടോബർ ഒന്നു മുതൽ ഇന്നലെ രാവിലെ വരെ ജില്ലയിൽ ലഭിച്ചത് 257.2 മില്ലിമീറ്റർ മഴയാണ്. സാധാരണ ലഭിക്കാറുള്ളത് 302.6 മില്ലിമീറ്ററാണ്.

പ്രതീക്ഷിച്ചതിലും ശക്തമായ മഴ
കഴിഞ്ഞ ദിവസങ്ങളിലെ പെട്ടെന്നുള്ള ശക്തമായ മഴയും ഇടിമിന്നലും പല മേഖലകളിലും നാശം വിതച്ചു. മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ജില്ലയിൽ പലയിടങ്ങളിലും മണിക്കൂറുകൾ നീണ്ടു നിന്ന മഴ പ്രതീക്ഷിച്ചിരുന്നതല്ല. കുറച്ചു സമയം കൊണ്ട് കൂടുതൽ മഴ ലഭിക്കുന്ന രീതിയിലായിരുന്നു പെയ്ത്ത്. ഇതു പലയിടങ്ങളിലും വെള്ളക്കെട്ട്, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് ഇടയാക്കി.

ബുധനാഴ്ച വൈകിട്ടാണ് വണ്ണപ്പുറം കൂവപ്പുറത്ത് കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപെട്ട് വീട്ടമ്മ മരിച്ചത്. അന്നേദിവസം, അടിമാലി കൊരങ്ങാട്ടിക്ക് സമീപം തലമാലിയിൽ മിന്നലേറ്റ് വയോധികയ്ക്കു പരുക്കേറ്റിരുന്നു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ, ജനങ്ങൾ നദികൾ മുറിച്ചു കടക്കുകയോ, നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീൻ പിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങുകയോ അരുതെന്നു കർശന നിർദേശമുണ്ട്.

വണ്ണപ്പുറം, മുള്ളരിങ്ങാട് ഭാഗങ്ങളിൽ വ്യാപക കെടുതി; വീടുകൾക്ക് നാശം
വണ്ണപ്പുറം ∙ ബുധനാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയിൽ വണ്ണപ്പുറം, മുള്ളരിങ്ങാട് ഭാഗങ്ങളിൽ വ്യാപക കെടുതി. ചേലച്ചുവട് ഭാഗത്ത് സലീം മംഗലത്തുപറമ്പിലിന്റ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. വീടിനുള്ളിൽ വെള്ളം കയറി വീട്ടുപകരണങ്ങളും നശിച്ചു. ഷിയാസ് പരിയാരത്ത് പുത്തൻപുരയിലിന്റെ വീടിന്റെ മുറ്റം ഇടിഞ്ഞു വീണു. വണ്ണപ്പുറം – കോട്ടപ്പാറ റോഡരികിൽ നിന്ന വലിയ പാലമരം കടപുഴകി റോഡിലേക്കു വീണതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. രാത്രി പന്ത്രണ്ടു മണിയോടെ, റോഡുപണി നടത്തുന്ന കരാർ കമ്പനിയുടെ മണ്ണുമാന്തിയന്ത്രം എത്തിച്ചാണ് മരം നീക്കിയത്. മരത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി വനം വകുപ്പ് അധികൃതർക്ക് അനേകം പ്രാവശ്യം സ്പെഷൽ ബ്രാഞ്ച് കത്ത് നൽകിയിട്ടും വനം വകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണമുണ്ട്.

4 വീടുകൾക്കു ഭാഗികനഷ്ടവും 2 വീടുകൾക്കു വലിയ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. റോഡുകൾ തകരുകയും കൃഷിയിടങ്ങളിൽ മണ്ണിടിച്ചിൽ മൂലം കൃഷിനാശം സംഭവിക്കുകയും ചെയ്തു. സോമിനി രാജന്റെ വീടിന്റെ പിൻവശം ഭാഗികമായി തകർന്നു. ജയൻ മഠത്തിക്കുന്നേലിന്റെ വീടും ഭാഗികമായി തകർന്നു. രാജമ്മ പുത്തൻമഠത്തിലിന്റെ വീട്ടിൽ വെള്ളം കയറി ഒട്ടേറെ സാധനങ്ങൾ നശിച്ചുപോയി. കൂടാതെ മാർ സ്ലീവാ പള്ളിക്കു മുന്നിലുള്ള തോട്ടിൽ വെള്ളം ഉയന്നതിനെ തുടർന്ന് ഒട്ടേറെ വീടുകളിൽ വെള്ളം കയറിയതായി വില്ലേജ് അധികൃതർ പറഞ്ഞു. എഡിഎം ഷൈജു ജേക്കബ്, തൊടുപുഴ താഹസിൽദാർ, പഞ്ചായത്ത് അംഗങ്ങളായ റഷീദ് തോട്ടുങ്കൽ, സുബൈദ സുബൈർ, വണ്ണപ്പുറം വില്ലേജ് ഓഫിസർ ഷാജി എന്നിവരുടെ നേതൃത്വത്തിൽ നാശനഷ്ടങ്ങൾ വിലയിരുത്തി.

English Summary:

The India Meteorological Department has issued an orange alert for Todupuzha district in Kerala, warning of heavy rainfall and thunderstorms. The alert comes after the district received significant rainfall in recent days. People are advised to exercise caution and stay updated on weather forecasts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com