ADVERTISEMENT

ചെറുതോണി ∙‍ മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ സീ പ്ലെയിൻ സുഖകരമായി പറന്നിറങ്ങിയതോടെ ഇടുക്കിയുടെ ആകാശ സ്വപ്നങ്ങൾക്കു വീണ്ടും ചിറകു മുളച്ചു. മുൻ എംപി കെ.ഫ്രാൻസിസ് ജോർജിന്റെയും കലക്ടർ അശോക് കുമാർ സിങ്ങിന്റെയും ശ്രമഫലമായി 2008 ൽ ആണ് ഇടുക്കിയിൽ ചെറു വിമാനങ്ങൾക്ക് ഇറങ്ങാൻ അനുയോജ്യമായ വിമാനത്താവളം നിർമിക്കാൻ പ്രാരംഭ നടപടി തുടങ്ങിയത്. ജില്ലാ ആസ്ഥാനത്തിനു സമീപം പെരുങ്കാലയിൽ അന്ന് 100 ഏക്കർ സ്ഥലം ജില്ലാ ഭരണകൂടം കണ്ടെത്തി. 

 ഇതോടൊപ്പം പൈനാവിൽ താന്നിക്കണ്ടം നിരപ്പിലേക്കും എയർ സ്ട്രിപ്പിനായി അന്വേഷണം നീണ്ടു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സംഘം പെരുങ്കാലയിൽ നടത്തിയ സർവേയിൽ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടർ നടപടിയുമായി മുന്നോട്ട് പോകാനിരിക്കെ കലക്ടറേറ്റിൽ കൂടിയ ഉന്നത തല യോഗത്തിൽ അണക്കര, ഒട്ടകത്തലമേട് എന്നീ രണ്ട് സ്ഥലങ്ങളും കൂടി പരിശോധിക്കണമെന്ന അഭിപ്രായം ഉയർന്നു. തുടർന്ന് നടത്തിയ പരിശോധനയ്ക്ക് ശേഷം അണക്കര തിരഞ്ഞെടുത്തെങ്കിലും തർക്കങ്ങളും സമരവും ഉണ്ടായതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ പെരുങ്കാലയുടെ സാധ്യതകൾ കലക്ടറേറ്റിലെ ഫയലുകളിൽ അപ്പോഴും ഉണ്ടായിരുന്നു.

കോവിഡ് അരിഞ്ഞതോ?.. പറഞ്ഞു പറ്റിച്ചതോ?
രാജകുമാരി ∙ മാട്ടുപ്പെട്ടി ജലാശയത്തിൽ സീ പ്ലെയിൻ വിജയകരമായി ലാൻഡിങ് നടത്തിയപ്പോൾ ഇടുക്കിയുടെ ആകാശ സ്വപ്നങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. 2019 നവംബറിൽ ഇടുക്കി, കാസർകോട്, വയനാട് എന്നിവിടങ്ങളിൽ എയർസ്ട്രിപ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.

കാസർകോട് പെരിയയിലെ എയർസ്ട്രിപ്പിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം ചിന്നക്കനാൽ സൂര്യനെല്ലിയിൽ എയർസ്ട്രിപ്പിന് യോജ്യമായ സ്ഥലം കണ്ടെത്തി റിപ്പോർട്ട് തയാറാക്കാൻ അധികൃതർ നീക്കം ആരംഭിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയതാണ്.

എന്നാൽ, കോവിഡ് വ്യാപനത്തോടെ പദ്ധതി നിലച്ചു. പദ്ധതിക്കായി സൂര്യനെല്ലിയിൽ ഭൂമി വിട്ടു നൽകാൻ തയാറാണെന്ന് സ്വകാര്യ കമ്പനി സർക്കാരിനെ അറിയിച്ചിരുന്നുവെന്നാണ് വിവരം. സൂര്യനെല്ലിയിൽ എയർസ്ട്രിപ്പിന് യോജ്യമായ 80 ഏക്കറോളം ഭൂമിയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സർക്കാർ അനുമതി ലഭിച്ചാൽ സ്ഥലം ഏറ്റെടുക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നീക്കം. സാങ്കേതിക പരിശോധനാ സംഘം സ്ഥലത്തു പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉണ്ടായില്ല. 

English Summary:

The recent successful landing of a seaplane in Mattuppetty reservoir has brought renewed focus on the long-standing plan for an airstrip in Idukki, Kerala. Initiated in 2008, the project aims to establish a facility for small aircraft, potentially boosting tourism and connectivity in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com