വന്യമൃഗ ശല്യം തുടർന്നാൽ നിരാഹാര സമരമെന്ന് വാഴൂർ സോമൻ എംഎൽഎ
Mail This Article
പീരുമേട്∙ വന്യമൃഗശല്യം അമർച്ച ചെയ്യുന്നതിൽ വനം വകുപ്പ് അലംഭാവം തുടർന്നാൽ താൻ നിരാഹാര സമരം ആരംഭിക്കുമെന്ന് വാഴൂർ സോമൻ എംഎൽഎ. പീരുമേട് നിയോജകമണ്ഡലത്തിലെ അതിരൂക്ഷമായ വന്യമൃഗ ശല്യം ചർച്ച ചെയ്യാൻ താലൂക്ക് ഓഫിസിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ആണ് ഡപ്യൂട്ടി ഡയറക്ടർ ഓഫിസ് പടിക്കൽ സമരം ആരംഭിക്കുമെന്ന എംഎൽഎയുടെ മുന്നറിയിപ്പ്.
വനം പീരുമേട്ടിലാണെങ്കിലും റേഞ്ച് ഓഫിസ് എരുമേലിയിലാണ്. പിന്നെ ഉദ്യോഗസ്ഥർക്ക് എങ്ങനെ വന്യമൃഗ ശല്യത്തെ നേരിടാൻ കഴിയുമെന്ന ചോദ്യം ഉയർത്തിയ വാഴൂർ സോമൻ, വകുപ്പ് തലത്തിലെ വീഴ്ചകൾ ഒന്നൊന്നായി നിരത്തി. വന്യമൃഗ ആക്രമണത്തിൽ പരുക്കേറ്റവർക്ക് മതിയായ ചികിത്സാ ധനസഹായം നൽകുന്നില്ലെന്നും കർഷകർക്ക് കൃഷി നാശത്തിന് നഷ്ടപരിഹാരമില്ലെന്നും ആർആർടിയുടെ ഒരു സംഘത്തെ കൂടി നിയമിക്കുമെന്ന പ്രഖ്യാപനവും നടപ്പിലായില്ലെന്നും എംഎൽഎ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെ കാണും
വന്യമൃഗശല്യം മൂലം നേരിടുന്ന ദുരിതങ്ങളുടെ വ്യാപ്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടു ധരിപ്പിക്കാൻ യോഗത്തിൽ തീരുമാനം. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയിക്കാനും പ്രശ്നപരിഹാരത്തിന് ഇടപെടൽ ആവശ്യപ്പെടുന്നതിനുമാണ് സന്ദർശനം. ഡിഎഫ്ഒ ഓഫിസ് കോട്ടയത്തും റേഞ്ച് ഓഫിസ് എരുമേലിയിലും പ്രവർത്തിക്കുന്നതിന്റെ ബുദ്ധിമുട്ടുകളും മുഖ്യമന്ത്രിയെ അറിയിക്കും.
വന്യമൃഗശല്യം ഒഴിവാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ജില്ലാ ഭരണകൂടം ഉറപ്പാക്കുമെന്ന് എഡിഎം ഷൈജ പി.ജേക്കബ് അറിയിച്ചു. പീരുമേട്ടിലെ സാഹചര്യം കലക്ടർ വഴി സർക്കാരിനു സമഗ്ര റിപ്പോർട്ടായി കൈമാറും. വളർന്നു കിടക്കുന്ന കുറ്റിക്കാടുകൾ വെട്ടി നീക്കാൻ എസ്റ്റേറ്റ് മാനേജ്മെന്റുകൾക്കും സ്വകാര്യ വ്യക്തികൾക്കും നോട്ടിസ് നൽകാൻ എഡിഎം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ആനയെ ഉൾവനത്തിലാക്കണം
പീരുമേട്ടിൽ വിദ്യാർഥികൾക്കും, പ്രദേശവാസികൾക്കും, യാത്രക്കാർക്കും ഭീഷണി സൃഷ്ടിച്ചിരിക്കുന്ന ആനയെ ഉൾവനത്തിൽ എത്തിക്കണമെന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ പറഞ്ഞു. പ്ലാക്കത്തടത്ത് സോളർ വേലി സ്ഥാപിക്കുന്നതിനു മുൻപ് മൂന്ന് ആനകളെയും വനത്തിൽ എത്തിക്കണം. കാട്ടുപന്നിയെ വെടിവച്ച ശേഷം വനപാലകരെ അറിയിച്ചെങ്കിലും അവർ സഹായകരമായ നിലപാട് സ്വീകരിച്ചില്ലെന്ന് പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീൻ കുറ്റപ്പെടുത്തി.
ആന ജനവാസ മേഖലകളിൽ എത്തുന്നത് നിരീക്ഷിക്കാൻ ആധുനിക ഡ്രോൺ ഉപയോഗിക്കുമെന്ന് പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ് പറഞ്ഞു. സ്കൂൾ പരിസരങ്ങളിൽ ഉൾപ്പെടെ 24 മണിക്കൂറും പട്രോളിങ് നടത്തും. 20 അംഗ സംഘത്തെ ഇതിനായി നിയോഗിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ജയിംസ് ജോസഫ്, രജനി ബിജു, തഹസിൽദാർ (എൽആർ) എസ്.കെ. ശ്രീകുമാർ എന്നിവരും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.
ജീവിതമായിരുന്നു, ആ ഓട്ടോറിക്ഷ
മൂന്നാർ∙ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ പടയപ്പ അടിച്ചു തകർത്തു. ഉടമയായ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മറയൂർ സ്വദേശി ബിബിൻ ജോസഫിന്റെ വാഹനമാണ് തകർത്തത്. ബിബിൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 5.15ന് മൂന്നാർ - മറയൂർ റോഡിൽ തലയാർ പാലത്തിനു സമീപമാണു സംഭവം. മൂന്നാറിൽ നിന്നു മറയൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ പടയപ്പ എന്ന കാട്ടാനയുടെ മുൻപിൽ പെടുകയായിരുന്നു.
ഇരുട്ടത്ത് റോഡിൽ കൂടി ഓട്ടോയ്ക്ക് നേരെ പടയപ്പ വരുന്നതു കണ്ട് ബിബിൻ ഓട്ടോ നിർത്തി ഓടി രക്ഷപ്പെടുകയായിരുന്നു. പാഞ്ഞടുത്ത പടയപ്പ ഓട്ടോ അടിച്ചു തകർത്ത ശേഷമാണു മടങ്ങിയത്. 10 ദിവസമായി തലയാർ മേഖലയിലാണ് പടയപ്പയുടെ വാസം. തോട്ടം തൊഴിലാളികൾ നട്ടുവളർത്തിയ പച്ചക്കറികൾ പടയപ്പ വ്യാപകമായി തിന്നു നശിപ്പിച്ചിരുന്നു.