തളിപ്പറമ്പ് റബ്മാർക്സ് സ്ഥലവും കെട്ടിടങ്ങളും ജപ്തി ചെയ്തു
![Kannur News തളിപ്പറമ്പിലെ റബ്മാർക്സ് കെട്ടിടം മുദ്ര വയ്ക്കുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2020/2/27/kannur-japthi.jpg?w=1120&h=583)
Mail This Article
തളിപ്പറമ്പ്∙ യുഡിഎഫ് ഭരണസമിതിയുടെ കീഴിലുള്ള തളിപ്പറമ്പിലെ ജില്ലാ റബർ ആൻഡ് അഗ്രിക്കൾചറൽ മാർക്കറ്റിങ് സൊസൈറ്റി (റബ് മാർക്സ്) സ്വത്ത് ജപ്തി ചെയ്തു. സംസ്ഥാന സഹകരണ ബാങ്കാണ് തളിപ്പറമ്പ് മന്നയിലെ സെസൈറ്റിയുടെ ഹെഡ് ഓഫിസ് കെട്ടിടവും 33 സെന്‍റ് സ്ഥലവും വിളക്കന്നൂരിലെ ലാറ്റക്സ് ഫാക്ടറിയും കൊപ്ര യാര്‍ഡും ഒരേക്കർ സ്ഥലവും ജപ്തി ചെയ്തത്.
1993-2003 കാലഘട്ടത്തിൽ സൊസൈറ്റി ജില്ലാ ബാങ്കിൽ നിന്നു വാങ്ങിയ 2.5 കോടി രൂപയുടെ പലിശയും അടക്കം 9.76 കോടി രൂപ ഈടാക്കാനാണു ജപ്തി. 2016 ഡിസംബർ 29ന് തലശ്ശേരി കോടതിയാണു സ്ഥലം ജപ്തി ചെയ്യാൻ ഉത്തരവിട്ടത്. ഇതിനെതിരെ സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ നേടി. കഴിഞ്ഞ ആഴ്ച ഹൈക്കോടതി സ്റ്റേ നീക്കിയതോടെയാണ് കോടതി നിയോഗിച്ച കമ്മിഷൻ കെ.കെ.ഉഷയുടെ നേതൃത്വത്തിൽ ജപ്തി നടപടി നടത്തിയത്. ഒരു മാസത്തിനകം സൊസൈറ്റി തുക അടച്ചില്ലെങ്കിൽ സ്ഥലം ലേലം ചെയ്യും. സൊസൈറ്റി രൂപീകരിച്ചതിനു ശേഷം ഒരു തവണ സിപിഎം സമിതിയും ബാക്കി എല്ലാ തവണയും യുഡിഎഫുമാണ് ഭരണം നടത്തിയത്. കോൺഗ്രസിലെ കൊയ്യം ജനാർദ്ദനനാണ് നിലവിലെ പ്രസിഡന്‍റ്.