ADVERTISEMENT

ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, കൃഷി, ചെറുകിട വ്യവസായം, വിനോദസഞ്ചാരം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ ചിട്ടയായ പ്രവർത്തനങ്ങൾക്കുള്ള കർമപദ്ധതിയുമായി കെ.കെ.ശൈലജ എംഎൽഎ. മലയാള മനോരമ ഒരുക്കിയ എംഎൽഎ ഓൺ–ലൈൻ പരിപാടിയുടെ ഭാഗമായി വായനക്കാർ വാട്സാപ് വഴി അറിയിച്ച ആവശ്യങ്ങൾ സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു എംഎൽഎ. വിമാനത്താവളത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ, ഗ്രാമീണ റോഡ് നവീകരണം, പാലങ്ങളുടെ നിർമാണം, നെറ്റ്‌വർക് കണക്ടിവിറ്റി, നഗര സൗന്ദര്യവൽക്കരണം തുടങ്ങിയ കാര്യങ്ങളും മനസ്സിലുണ്ട്.

ഭൂമി ഏറ്റെടുക്കൽ

വിമാനത്താവളത്തിന്റെ റൺവേ വികസനം, ലൈറ്റ്, പുനരധിവാസം തുടങ്ങിയവയുമായി ബന്ധപ്പെട്ടു ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയിട്ട് വർഷങ്ങളായി. ഭൂവുടമകൾക്കു പണം നൽകുന്നതു നീണ്ടതോടെ പ്രതിഷേധവും പരാതികളും വ്യാപകമാണ്. ഭൂവുടമകളുടെ വിഷമതകൾ മനസ്സിലാക്കിയിട്ടുണ്ടെന്നും പരമാവധി വേഗം നടപടികൾ പൂർത്തിയാക്കാനാണു ശ്രമിക്കുന്നതെന്നും കെ.കെ.ശൈലജ പറഞ്ഞു. കാനാട് ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുതുക്കി. നല്ലാനി ഭാഗത്തുള്ളവരും ദുരിതത്തിലാണ്. കിൻഫ്രയ്ക്കാണു ഭൂമി ഏറ്റെടുക്കുന്നതിന്റെ ചുമതല. വിലനിർണയം അടിയന്തരമായി പൂർത്തിയാക്കാൻ അവരോടു നിർദേശിച്ചിട്ടുണ്ട്. 

റോഡ്, പാലം

വിമാനത്താവളത്തിലേക്കുള്ള റോഡുകൾ സർക്കാർ പദ്ധതിയുടെ ഭാഗമായി നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. വൈകാതെ പൂർത്തിയാകും. ഗ്രാമീണ റോഡുകളിൽ നീളമേറിയവ പിഡബ്ല്യുഡി ഏറ്റെടുക്കണമെന്ന ആവശ്യം മരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽക്കൊണ്ടുവന്നിട്ടുണ്ട്. മറ്റു റോഡുകളുടെ കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലിനൊപ്പം ലഭ്യമാവുന്ന മുറയ്ക്ക് എംഎൽഎ ഫണ്ടും നൽകാൻ കഴിയുമോ എന്നു പരിശോധിക്കും. 

ആരോഗ്യം

മണ്ഡലത്തിനായി സമഗ്ര ആരോഗ്യപദ്ധതി തയാറാക്കും. ആരോഗ്യവകുപ്പിന്റെയും ആയുഷ് വകുപ്പിന്റെയും സഹകരണത്തോടെയാവും പദ്ധതി. മട്ടന്നൂരിൽ സ്പെഷ്യൽറ്റി ആശുപത്രിക്കായുള്ള പൈലിങ് പൂർത്തിയായിട്ടുണ്ട്. 100 കോടി രൂപയുടെ പദ്ധതിയാണ്. ആദ്യഘട്ടമായി 67 കോടി രൂപ ചെലവിലുള്ള പ്രവൃത്തിയാണു നടക്കുന്നത്. നിർമാണം പൂർത്തിയായാൽ നിലവിലുള്ള സിഎച്ച്സിയെ പബ്ലിക് ഹെൽത്ത് സംബന്ധിച്ച കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്തും. 

മണ്ഡലത്തിലെ എല്ലാ പിഎച്ച്സികളെയും മാതൃകാ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുകയാണു ലക്ഷ്യം. ആദ്യഘട്ടത്തിൽ മാലൂർ, മാങ്ങാട്ടിടം, പടിയൂർ–കല്യാട് എന്നിവയും തുടർന്നു ബാക്കിയുള്ളവയേയും നവീകരിക്കും. ലഭ്യമാവുന്ന മുറയ്ക്ക് എംഎൽഎ ഫണ്ടും ഇതിനായി നീക്കിവയ്ക്കും. കല്യാട് ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പ്രവൃത്തി വൈകാതെ റീടെൻഡർ ചെയ്യും.100 കിടക്കകളുള്ള ആശുപത്രി, ഗവേഷണ കേന്ദ്രം, മ്യൂസിയം, ഔഷധത്തോട്ടം തുടങ്ങിയവയെല്ലാമുള്ള രാജ്യാന്തര നിലവാരത്തിലുള്ള കേന്ദ്രമാണ് ഒരുക്കുന്നത്. പഴശ്ശി ആയുർവേദ ആശുപത്രി നവീകരിക്കും. 

ബസ് സ്റ്റാൻഡ്

പരിഗണനയിലുള്ള പ്രധാന പദ്ധതികളിൽ ഒന്നാണു മട്ടന്നൂർ ബസ് സ്റ്റാൻ‍ഡ്. എവിടെ വേണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. നഗരസഭയുമായി ആലോചിച്ചു യോഗം വിളിക്കും. ഇതുമായി ബന്ധപ്പെട്ടും ഭൂവുടമകൾക്കുള്ള ആശങ്ക അടിയന്തരമായി പരിഹരിക്കും. 

ടൂറിസം

പഴശ്ശി കോവിലകം, പുരളിമല, തൊടീക്കളം ക്ഷേത്രം എന്നിവയെല്ലാം കോർത്തിണക്കി ഹെറിറ്റേജ് ടൂറിസം പദ്ധതി നടപ്പാക്കും. പഴശ്ശി രാജാവിന്റെ സ്മരണകൾ ഉറങ്ങുന്ന സ്മൃതി മണ്ഡപവും സമീപ പ്രദേശങ്ങളുമെല്ലാം അതിന്റെ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടതുണ്ട്. നീർവേലി പാലത്തിനു സമീപം പാർക്ക്, വഴിയോര വിശ്രമകേന്ദ്രം തുടങ്ങിയ പദ്ധതികളുമായി പഞ്ചായത്ത് മുന്നോട്ടു വന്നിട്ടുണ്ട്. ഇതിനു പിന്തുണ നൽകും. 

കുടിവെള്ളം

മട്ടന്നൂർ–ഇരിട്ടി നഗരസഭകൾക്കു േവണ്ടിയുള്ള പദ്ധതിയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. കിണർ, ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ പൂർത്തിയായി. വൈകാതെ കമ്മിഷൻ ചെയ്യാനാണു ശ്രമിക്കുന്നത്. കൊതേരിയിലും ട്രീറ്റ്മെന്റ് പ്ലാന്റുണ്ട്. 119 കോടി രൂപയുടെ പദ്ധതിയാണ്. 

ജൽജീവൻ മിഷന്റെ പ്രവർത്തനം പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ദ്രുതഗതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കും. 2–3 വർഷത്തിനകം എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കുകയാണു ലക്ഷ്യം.

വിദ്യാഭ്യാസം

എജ്യു ഓൺ മട്ടന്നൂർ എന്ന സമഗ്രമായ പദ്ധതിക്കു തുടക്കമിട്ടു കഴിഞ്ഞു. ഓൺലൈൻ പഠനത്തിന് ആവശ്യമായ ഉപകരണങ്ങളില്ലാത്ത കുട്ടികൾക്ക് അതിനുള്ള സൗകര്യമൊരുക്കലാണ് ആദ്യ ചുവട്. ജനകീയ കൂട്ടായ്മയോടെ ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. വലിയ സഹകരണമാണു പദ്ധതിക്കു ലഭിച്ചത്. നെറ്റ്‌വർക് കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബിഎസ്എൻഎൽ, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു. 

കൃഷി, ചെറുകിട സംരംഭം

കുറേപ്പേർക്കെങ്കിലും സ്ഥിരവരുമാനം ഉറപ്പാക്കാൻ കഴിയുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പാക്കാൻ ആഗ്രഹമുണ്ട്. ഇതിനായി ചെറു കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കും. കൃഷി വകുപ്പിന്റെ സഹകരണത്തോടെ പദ്ധതികൾക്കു രൂപം നൽകും. ഔഷധ സസ്യക്കൃഷി തുടങ്ങാനും ആലോചിക്കുന്നു. മട്ടന്നൂരിലും മാലൂരിലുമുള്ള ഖാദി കേന്ദ്രങ്ങൾ അഭിവൃദ്ധിപ്പെടുത്താൻ ഇടപെടും. 

വ്യവസായ പാർക്ക്

വിമാനത്താവളവുമായി ബന്ധപ്പെട്ടു വ്യവസായങ്ങൾ തുടങ്ങാൻ കിൻഫ്ര 5000 ഏക്കർ ഏറ്റെടുക്കുന്ന പദ്ധതി കഴിഞ്ഞ സർക്കാരിന്റെ കാലത്തു തുടങ്ങിയതാണ്. ഏതാണ്ട് 4800 ഏക്കറോളം ഭൂമി കണ്ടെത്തിയിട്ടുണ്ട്. നടപടികൾ വേഗത്തിലാക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തും. ഇതിനു പുറമേ വ്യവസായ പാർക്ക് നിർമിക്കാൻ ഉദ്ദേശിച്ച് 30 ഏക്കർ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു വെള്ളിയാംപറമ്പിൽ ഏറ്റെടുത്തിരുന്നു. അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം പദ്ധതിക്കു തറക്കല്ലിടുകയും ചെയ്തു. ഇപ്പോൾ 128 ഏക്കർ കൈവശമുണ്ട്. 

മാസ്റ്റർ പ്ലാൻ

വിമാനത്താവള നഗരമാണു മട്ടന്നൂർ. അനുബന്ധ ടൗണുകളും അതിനൊത്തു വളരേണ്ടതുണ്ട്. ഭാവി വികസനം കൂടി മുന്നിൽക്കണ്ടു മാസ്റ്റർ പ്ലാൻ തയാറാക്കണമെന്നാണ് ആഗ്രഹം. ഇതിനൊപ്പം നഗര സൗന്ദര്യവൽക്കരണവും നടപ്പാക്കണം. ടൗൺ പ്ലാനിങ്ങിൽ വൈദഗ്ധ്യമുള്ളവരെക്കൂടി വിളിച്ചുചേർത്തു വിപുലമായ പദ്ധതി തയാറാക്കും. മാലിന്യ സംസ്കരണത്തിനും മാതൃകാപരമായ പദ്ധതി തയാറാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com