ADVERTISEMENT

പരാതിയിൽ ദുരൂഹതയുള്ളതായി സംശയം, തമിഴ്നാട്  പൊലീസ്  മൊഴിയെടുത്തു 

കണ്ണൂർ/പഴനി∙ പഴനി പീഡനക്കേസ് പുതിയ വഴിത്തിരിവിലേക്ക്. പീഡനത്തിന് ഇരയായെന്നു പറയുന്ന സ്ത്രീയും ഭർത്താവും ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡിണ്ടിഗൽ റേഞ്ച് ഡിഐജി ബി.വിജയകുമാരി. പഴനിയിലെ ലോഡ്ജിലും മറ്റും നടത്തിയ പരിശോധനയിൽ പീഡനം നടന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു. കേസ് അന്വേഷിക്കുന്ന തമിഴ്നാട് പൊലീസ് സംഘം തലശ്ശേരിയിലെത്തി പരാതിക്കാരുടെ മൊഴിയെടുത്തു. ക്രൂരമായ രീതിയിൽ പീഡനത്തിന് ഇരയായ തരത്തിലുള്ള പരുക്കുകൾ ശരീരത്തിലില്ലെന്നാണ് തമിഴ്നാട് പൊലീസിനു ലഭിച്ച മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പൊലീസ് സംഘം പഴനിയിലെ ലോഡ്ജിലും മറ്റും പരിശോധന നടത്തി. ഇവിടുത്തെ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തു.

പരാതിയിൽ പറയുന്ന തരത്തിൽ ഒന്നും ലോഡ്ജിൽ നടന്നിട്ടില്ലെന്ന് ഉടമ ഇവർക്കു മൊഴി നൽകി. ഇരുവരും ലോഡ്ജിൽ മുറിയെടുത്തു മദ്യപിച്ചിരുന്നുവെന്നും അവർ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഇറങ്ങി പോവുകയായിരുന്നുവെന്നുമാണ് ഉടമയുടെ വിശദീകരണം. ഹോട്ടലിൽ ഏൽപ്പിച്ച തിരിച്ചറിയിൽ കാർഡ് പിറ്റേന്നു വന്നു വാങ്ങിയെന്നും പറയുന്നു. അതേസമയം, തമിഴ്നാട്ടിൽ നിന്നുള്ള 9 അംഗ സംഘമാണ് തലശ്ശേരിയിലെത്തി മൊഴിയെടുത്തത്. സ്ത്രീയെ നോട്ടിസ് നൽകി വിളിച്ചുവരുത്തി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ഓഫിസിൽ വച്ചാണു മൊഴി എടുത്തത്. ഡിണ്ടിഗൽ അഡീഷനൽ പൊലീസ് സൂപ്രണ്ട് പി. ചന്ദ്രൻ, പഴനി പൊലീസ് ഇൻസ്പെക്ടർ പി.കവിത, സ്പെഷൽ പൊലീസ് സബ് ഇൻസ്പെക്ടർ കെ.വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം 6 മണിക്കൂർ ഇരുവരെയും ഒന്നിച്ചിരുത്തിയും പ്രത്യേകവും ചോദ്യം ചെയ്തു. ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. 

ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ആയതോടെ പരാതിക്കാരി മജിസ്ട്രേട്ട് മുൻപാകെയും രഹസ്യ മൊഴി നൽകിയിട്ടുണ്ട്. ഈ വിവരങ്ങൾ അടുത്ത ദിവസം തമിഴ്നാട് പൊലീസിനു കൈമാറും. കേരള ഡിജിപിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് കേരള–തമിഴ്നാട് പൊലീസ് സംയുക്തമായി കേസ് അന്വേഷിക്കുന്നത്. പരാതിക്കാരിയും ഒപ്പമുള്ളയാളും അവിവാഹിതരാണെന്നും വലിയ പ്രായവ്യത്യാസമുണ്ടെന്നും വിജയകുമാരി പറഞ്ഞു. 25 വരെ ഇരുവരും പഴനി, ഡിണ്ടിഗൽ മേഖലകളിൽ കറങ്ങിനടക്കുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചതായും ഇതിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. പിന്നീട് ലോഡ്ജിലെത്തി ഉടമയോട് പണം ആവശ്യപ്പെട്ടെന്നും നാട്ടിലെത്തിയ ശേഷം വാട്സാപിലൂടെ തമിഴ്നാട് പൊലീസിനു പീഡിപ്പിച്ചതായി പരാതി നൽകിയെന്നും പറയുന്നു. എന്നാൽ പരാതിയിൽ പറയുന്ന സംഭവങ്ങളുടെ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com