കാറ്റും മഴയും; രണ്ട് വീടുകൾ തകർന്നു, ഒരാൾക്ക് പരുക്ക്
Mail This Article
പേരാവൂർ ∙ മലയോരത്ത് കാറ്റിലും മഴയിലും രണ്ട് വീടുകൾ തകർന്നു. വയോധികയ്ക്ക് പരുക്കേറ്റു. തെങ്ങ് വീടിനു മുകളിൽ വീണതിനെ തുടർന്നാണ് പേരാവൂർ തെരുവിലെ പാറക്കണ്ടി പറമ്പിൽ ദേവൂട്ടിക്ക് പരുക്കേറ്റത്. ദേവൂട്ടിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട് പൂർണമായി തകർന്നു. പേരാവൂർ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തെങ്ങ് മുറിച്ചുനീക്കി.
ഇന്നലെ വൈകിട്ടാണ് സംഭവം. കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പിൽ കാഞ്ഞിരത്തിങ്കൽ ബെന്നിയുടെ വീടും തകർന്നു. മേൽക്കൂരയിലെ ഷീറ്റ് കാറ്റിൽ നിലം പതിച്ചു. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ മൂന്നരയോടെയാണ് മലയോര മേഖലയിൽ കനത്ത മഴയും കാറ്റും മിന്നലും ഉണ്ടായത്. 5 മണിക്കൂറിൽ അധികം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.