പൊളിച്ചു തുടങ്ങി; വാക്കു പാലിച്ച് റെയിൽവേ
![kannur-railway-station-land kannur-railway-station-land](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2023/7/21/kannur-railway-station-land.jpg?w=1120&h=583)
Mail This Article
കണ്ണൂർ ∙ നഗരമധ്യത്തിൽ സാമൂഹിക വിരുദ്ധർക്കു സുരക്ഷിത താവളമൊരുക്കിയിരുന്ന റെയിൽവേയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി. ഉപയോഗിക്കാൻ കഴിയാതെ വർഷങ്ങൾക്കു മുൻപേ ഉപേക്ഷിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ അഞ്ചു വർഷം മുൻപേ തീരുമാനിച്ചിരുന്നു. എന്നാൽ തീരുമാനം നടപ്പാക്കാത്തതിനാൽ കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധർ താവളമാക്കുകയായിരുന്നു. ചുറ്റും കാട് വളർന്നതും പരിസരത്തു വെളിച്ചമില്ലാത്തതും ക്യാമറ സാന്നിധ്യമില്ലാത്തതും ക്രിമിനലുകൾക്കു സഹായമാകുകയും ചെയ്തു.
നഗരമധ്യത്തിൽ റെയിൽവേ ഭൂമി സാമൂഹിക വിരുദ്ധർ താവളമാക്കുന്നതു ചൂണ്ടിക്കാട്ടി മലയാള മനോരമ പല തവണ വാർത്തകൾ നൽകിയിരുന്നു. മേയ് 29നും 30നും റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. 29ന് 11.26 കിലോയും 30ന് 3 കിലോ കഞ്ചാവുമാണു പിടികൂടിയത്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കോച്ചിൽ ജൂൺ ഒന്നിനു പുലർച്ചെ ബംഗാൾ സ്വദേശി തീയിട്ടതിനെത്തുടർന്നു രണ്ടു കോച്ചുകൾ കത്തിനശിക്കുകയും ചെയ്തു. ഈ സംഭവങ്ങളെത്തുടർന്നാണു കാടുവെട്ടാനും ഉപയോഗയോഗ്യമല്ലാത്ത കെട്ടിടങ്ങൾ പൊളിക്കാനും തീരുമാനിച്ചത്.
പഴയ കെട്ടിടങ്ങൾ പൊളിച്ച് കൂടുതൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്താൻ കണ്ണൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി (പിഎസി) ചെയർമാൻ പി.കെ.കൃഷ്ണദാസ് നിർദേശിക്കുകയും ചെയ്തു. മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ കെട്ടിടങ്ങളാണു പൊളിച്ചു തുടങ്ങിയത്. കിഴക്കേ കവാടത്തിൽ വെളിച്ചമില്ലാത്ത ഭാഗത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള നിർമാണ പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്.