തലശ്ശേരി – വളവുപാറ റോഡിലെ വഴിവിളക്കുകൾ അപകടഭീഷണിയാകുന്നു
![1, ഇരിട്ടി ടൗണിലെ സൗരോർജ വഴിവിളക്കിന്റെ ബാറ്ററി സ്ഥാപിച്ച ഇരുമ്പു കവചം നശിച്ചനിലയിൽ. (വൃത്തത്തിൽ)2,തലശ്ശേരി വളവുപാറ റോഡിൽ സൗരോർജ വഴിവിളക്കിന്റെ ബാറ്ററി സ്ഥാപിച്ച ഇരുമ്പു കവചം തുരുമ്പെടുത്ത നിലയിൽ 1, ഇരിട്ടി ടൗണിലെ സൗരോർജ വഴിവിളക്കിന്റെ ബാറ്ററി സ്ഥാപിച്ച ഇരുമ്പു കവചം നശിച്ചനിലയിൽ. (വൃത്തത്തിൽ)2,തലശ്ശേരി വളവുപാറ റോഡിൽ സൗരോർജ വഴിവിളക്കിന്റെ ബാറ്ററി സ്ഥാപിച്ച ഇരുമ്പു കവചം തുരുമ്പെടുത്ത നിലയിൽ](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2023/9/30/kannur-thalassery-street-light-are-dangerous.jpg?w=1120&h=583)
Mail This Article
ഇരിട്ടി ∙ 9 കോടി രൂപ മുടക്കി സ്ഥാപിച്ചിട്ടും പ്രകാശിക്കാത്ത വഴിവിളക്കുകൾ യാത്രക്കാരുടെ തലയ്ക്ക് മീതെ ഭീഷണി തീർക്കുന്നു. തലശ്ശേരി – വളവുപാറ റോഡിലെ വഴിവിളക്കുകളിൽ സ്ഥാപിച്ച ഗുണനിലവാരം കുറഞ്ഞ ഇരുമ്പ് കവചം തുരുമ്പിച്ച് കൂറ്റൻ ബാറ്ററി ഏതു സമയവും യാത്രക്കാരുടെ മേൽ പതിക്കുന്ന സ്ഥിതിയിലായി. ഇരിട്ടി ടൗണിൽ ഉൾപ്പെടെ ഒട്ടേറെ സ്ഥലത്ത് ബാറ്ററികൾ താഴെ വീണു. അപകടസമയത്തു ചുവട്ടിൽ ആളും വാഹനങ്ങളും ഇല്ലാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്.
നടപ്പാതകൾക്കു മുകളിൽ ഉൾപ്പെടെ പൊട്ടിപ്പൊളിഞ്ഞു തൂങ്ങിയ നിലയിൽ ധാരാളം വഴിവിളക്കുകൾ ഇപ്പോഴുമുണ്ട്. ഭൂരിഭാഗവും വിളക്കുകളും തുടക്കം മുതൽ പ്രകാശിച്ചിരുന്നില്ല. ഒരു ഗുണമേന്മയും ഇല്ലാത്ത ബാറ്ററികളും വിളക്കുകളും സോളർ പാനലുകളും ആണു ഇതിൽ ഉപയോഗിച്ചിരിക്കുന്ന തെന്നു ആക്ഷേപം ഉയർന്നിരുന്നു. 6 മാസം തികയും മുൻപേ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു തൂണുകൾ പോലും തുരുമ്പെടുത്തെങ്കിലും അന്വേഷണം നടക്കാത്തതും ദുരൂഹതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒരു വഴിവിളക്കിന് 95,000 രൂപ!
ഒരു വഴിവിളക്കിന്റെ ചെലവ് 95,000 രൂപയാണെന്നാണു നിർമാണ ഘട്ടത്തിൽ കെഎസ്ടിപിയും കൺസൽറ്റൻസി കമ്പനിയും അറിയിച്ചിരുന്നത്. റോഡിൽ 947 സോളർ വഴിവിളക്കുകളാണ് സ്ഥാപിച്ചത്.
റിപ്പോർട്ട് നൽകി
സോളർ വഴിവിളക്കുകൾ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു. എംഎൽഎമാർ ഉൾപ്പെടെ ഉന്നയിച്ച കാര്യങ്ങളും ഉൾപ്പെടുത്തി അപകടാവസ്ഥ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ചീഫ് എൻജിനീയർക്ക് സമർപ്പിച്ചിട്ടുണ്ട്. -ജിഷാകുമാരി എക്സിക്യൂട്ടീവ് എൻജിനീയർ കെഎസ്ടിപി, കണ്ണൂർ