ട്രെയിൻ സർവീസ് മുടക്കാൻ ബിജെപി കർണാടക ഘടകം ഇടപെട്ടെന്ന് യാത്രക്കാർ
Mail This Article
കണ്ണൂർ ∙ ബെംഗളൂരു – കണ്ണൂർ (16511/12) എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനുള്ള തീരുമാനം നടപ്പാക്കാതെ റെയിൽവേ. റെയിൽവേ മന്ത്രാലയം കോഴിക്കോട് വരെയുള്ള സമയക്രമം ഉൾപ്പെടെ അംഗീകരിച്ച്, ജനുവരി 23ന് ആയിരുന്നു റെയിൽവേ ബോർഡ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ട്രെയിൻ നീട്ടാനുള്ള തീരുമാനം പുറത്തുവന്നപ്പോൾ അവകാശവാദവുമായി അന്ന് മൂന്ന് മുന്നണികളും രംഗത്തെത്തിയിരുന്നു.
എന്നാൽ കർണാടക ബിജെപി പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു. നളിൻ കുമാർ കട്ടീൽ എംപി റെയിൽവേ മന്ത്രിയെ നേരിട്ട് കാണുകയും കത്ത് നൽകുകയും ചെയ്തു. ട്രെയിൻ നീട്ടാനുള്ള തീരുമാനം നടപ്പാക്കാതിരിക്കാൻ കാരണം ഇതായിരിക്കുമെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുന്നതു കൊണ്ട് മംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്ക് ബെർത്ത് ലഭിക്കാത്ത സ്ഥിതി ഉണ്ടാകില്ലെന്ന് റെയിൽവേ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. 21 കോച്ചുകളുള്ള ട്രെയിനിൽ ആവശ്യമെങ്കിൽ ഒരു കോച്ച് കൂടി കൂട്ടാമെന്നും പറഞ്ഞു. എന്നാൽ ഇതൊന്നും അംഗീകരിക്കാതെയാണ് ട്രെയിൻ സർവീസ് മുടക്കാൻ ബിജെപി കർണാടക ഘടകം ഇടപെട്ടതെന്നും യാത്രക്കാർ പറയുന്നു. പകൽ സമയത്ത് കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ ട്രെയിൻ ലഭിക്കുന്നത് ശ്വാസംമുട്ടിയുള്ള യാത്രയ്ക്ക് അൽപമെങ്കിലും ആശ്വാസമാകുമായിരുന്നു.
അതേസമയം കാസർകോട് യാത്ര അവസാനിപ്പിച്ചിരുന്ന ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസ് മംഗളൂരുവിലേക്ക് നീട്ടാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചത് ഫെബ്രുവരി 21നായിരുന്നു. മാർച്ച് 12 മുതൽ ട്രെയിൻ നീട്ടി സർവീസ് ആരംഭിക്കുകയും ചെയ്തു.