ഭർത്താവും മക്കളും കയറുന്നതിന് മുൻപ് ട്രെയിൻ വിട്ടു; ചാടി ഇറങ്ങുന്നതിനിടെ അപകടം
Mail This Article
തലശ്ശേരി∙ ഭർത്താവും മക്കളും കയറുന്നതിന് മുൻപ് സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിനകത്ത് നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങിയ യുവതി ട്രോളി പാത്തിൽ തലയിടിച്ചു വീണ് ഗുരുതരാവസ്ഥയിൽ. മടിക്കേരി നെലഗി വില്ലേജ് പാലെരെ ഹൗസിൽ ഭവാനിയെയാണ് (42) തലയ്ക്ക് ഗുരുതരമായ പരുക്കുകളോടെ മടിക്കേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
ഇന്നലെ വൈകിട്ട് 3.15ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഇതേത്തുടർന്ന് ട്രെയിൻ എട്ട് മിനിറ്റ് വൈകിയാണ് തലശ്ശേരി വിട്ടത്. ഭർത്താവിനും രണ്ട് ചെറിയ മക്കൾക്കുമൊപ്പം കണ്ണൂർ –എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ എറണാകുളത്തേക്ക് പോകാനെത്തിയതായിരുന്നു യുവതി. ഭർത്താവും കുട്ടികളും ടിക്കറ്റ് എടുത്തു വരുന്നതിനിടയിൽ ട്രെയിൻ സ്റ്റേഷനിൽ എത്തി. ഏഴാം നമ്പർ ജനറൽ കോച്ചിൽ ഭവാനി കയറി. ട്രെയിൻ നീങ്ങിയപ്പോഴും ഭർത്താവിനെയും മക്കളെയും കാണാത്തതിനെത്തുടർന്ന് പരിഭ്രാന്തയായി ചാടിയിറങ്ങുകയായിരുന്നു. നില ഗുരുതരമായതിനാൽ നാട്ടിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.