കുടിയൊഴിഞ്ഞു, മിനിറ്റുകൾക്കുള്ളിൽ വീടും വീണു; തകർന്നത് ദേശീയപാതയ്ക്ക് വേണ്ടി മണ്ണിടിച്ചതിന് തൊട്ടരികിലുള്ള വീട്
Mail This Article
തങ്കേക്കുന്ന്∙ കുടിയൊഴിയുന്നതിന്റെ ഭാഗമായി വീട്ടുസാധനങ്ങളുമെടുത്ത് കുടുംബം പുറത്തിറങ്ങി മിനിറ്റുകൾക്കകം വീട് തകർന്നു വീണു. താഴെചൊവ്വയ്ക്ക് സമീപത്തെ തങ്കേക്കുന്ന് മുട്ടോളം പാറയിൽ ഇന്നലെ വൈകിട്ട് 3.30 ഓടെ പി.ഷീബയുടെ ഉടമസ്ഥതയിലുള്ള മഞ്ജിമ വീടാണ് മുഴുവനായും തകർന്ന് വീണത്. ദേശീയപാതയ്ക്ക് വേണ്ടി മണ്ണിടിച്ച് റോഡ് നിർമിച്ച സ്ഥലത്തിന് തൊട്ടരികിലായിരുന്നു വീട്. സ്ഥലത്ത് 17 മീറ്ററോളം താഴ്ത്തി മണ്ണിടിച്ചാണ് റോഡ് നിർമിച്ചത്. തകർന്ന വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ നാലര സെന്റ് ദേശീയപാത നിർമാണത്തിന് വേണ്ടി ഏറ്റെടുത്തിരുന്നു. റോഡ് നിർമാണത്തിന് വേണ്ടി കുഴിയെടുത്തതോടെ വീട് ഉയരത്തിലായി.
റോഡിൽ നിന്ന് 17 മീറ്റർ ഉയരമുള്ള മതിൽ സോയിൽ നെയിലിങ് സംവിധാനം ഉപയോഗിച്ച് ബലപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ 31 ന് ഉണ്ടായ ശക്തമായ മഴയിൽ മതിലിന് വിള്ളൽ രൂപപ്പെട്ടു. വീടിന്റെ ചുമരിനും ചെറിയ വിള്ളൽ കണ്ടതോടെ അന്നു തന്നെ ഷീബയും കുടുംബവും ചാലയിൽ വാടകവീട് സംഘടിപ്പിച്ച് അങ്ങോട്ടേക്ക് താമസം മാറ്റി. വീട്ടു സാധനങ്ങൾ മുഴുവനായും വാടക വീട്ടിലേക്ക് മാറ്റിയിരുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഷീബയും സഹോദരൻ ഷൈനും വീട്ടുസാധനങ്ങൾ എടുക്കുന്നതിന് വേണ്ടി മുട്ടോളംപാറയിൽ എത്തി.
ബാക്കിയുണ്ടായിരുന്ന ഗൃഹോപകരണങ്ങളും എടുത്ത് ഇവർ പുറത്തിറങ്ങി മിനിറ്റുകൾക്ക് ശേഷമാണ് സോയിൽ നെയിലിങ് ചെയ്ത മതിൽ ഇടിഞ്ഞതും പിന്നാലെ വീടു വീണതും. അൽപ സമയത്തിന് ശേഷം സമീപത്തെ ഉപേന്ദ്രന്റെ വീട്ടു പറമ്പിന്റെ മതിലും തകർന്നുവീണു. സ്ഥലത്തെ 5 വൈദ്യുതി തൂണുകൾ തകർന്ന് വൈദ്യുതി ലൈൻ പൊട്ടി വീണു. പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കെഎസ്ഇബി അധികൃതർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സ്ഥലത്തെത്തിയ പൊലീസ് നിർദ്ദേശിച്ചതിനെ തുടർന്ന് ഉപേന്ദ്രനും താമസം മാറ്റി. സോയിൽ നെയിലിങ് ചെയ്ത് ബലപ്പെടുത്തിയ മതിൽ ഭാഗത്തേക്ക് മഴ വെള്ളം ശക്തിയോടെ കുത്തിയൊലിച്ച് ഒഴുകിയെത്തിയതാണ് തകരാൻ കാരണമായതെന്ന നിഗമനം ഉണ്ട്.
ഷീബയുടെ വീടിന്റെ മുൻഭാഗത്തെ നാലര സെന്റ് ദേശീയപാതയ്ക്ക് വേണ്ടി ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരം ലഭിച്ചിരുന്നു. കഴിഞ്ഞ 31ന് മതിലിനും വീടിനും വിള്ളൽ ഉണ്ടായതോടെ വീടും ബാക്കിയുള്ള സ്ഥലവും ഏറ്റെടുത്ത് നഷ്ട പരിഹാരം ലഭ്യമാക്കാമെന്ന് സ്ഥലത്തെത്തിയ ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞിരുന്നു. വാടക വീട്ടിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് 2മാസത്തെ വാടകയിനത്തിലും തുക നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ലഭിച്ചില്ലെന്ന് ഷീബയും കുടുംബവും പറയുന്നു.