അഞ്ചര മണിക്കൂർ നാടിനെ ആശങ്കയിലാക്കി; ഒടുവിൽ ബോംബ് കഥ ചീറ്റി, അത് കാലിപ്പാത്രം!
Mail This Article
ഇരിട്ടി∙ തില്ലങ്കേരി പള്ള്യം എലിപ്പറമ്പിൽ റോഡരികിലെ ഓവുചാലിന്റെ സ്ലാബിന്റെ അടിയിൽ കരിങ്കൽ കെട്ടിനിടയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബിന് സമാനമായ പാത്രം പ്രദേശവാസികളെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയത് അഞ്ചര മണിക്കൂർ. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് ആളുകളെ അകറ്റി ‘സ്റ്റീൽ ബോംബ്’ ശ്രമകരമായി പുറത്തെടുത്തപ്പോൾ ആശങ്ക പൊട്ടിച്ചിരികളായി.ഇന്നലെ രാവിലെ 7.30 ഓടെ സമീപത്തെ കച്ചവടക്കാരനായ മുകുന്ദൻ കനത്തമഴയിൽ ഓവുചാലിലേക്ക് ഒഴുകിയെത്തിയ മാലിന്യം നീക്കം ചെയ്തു ഒഴുക്ക് സുഗമമാക്കാൻ ശ്രമിക്കുന്നതിനിടെയാണു സ്ലാബിനടിയിൽ കരിങ്കൽ ഭിത്തിക്കിടയിൽ ‘ബോംബ്’ കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികളും മുഴക്കുന്ന് എസ്ഐ എൻ.വിപിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
പ്രാഥമിക പരിശോധനയിൽ ബോംബ് ആണെന്ന സംശയം ശക്തമായതോടെ ബോംബ് സ്ക്വാഡിന് വിവരം കൈമാറി. രാഷ്ട്രീയ സംഘർഷങ്ങൾ നടന്നിട്ടുള്ള പ്രദേശമായതിനാൽ കൂടുതൽ പൊലീസും സ്ഥലത്തെത്തി. ഒരു മണിയോടെ കണ്ണൂരിൽ നിന്നെത്തി ബോംബ് സ്ക്വാഡ് ഓവുചാലിൽ ഇറങ്ങി സ്റ്റീൽ പാത്രം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കല്ലിനിടയിൽ ഉറച്ച നിലയിൽ ആയതിനാൽ സാധിച്ചില്ല. ഇതോടെ പ്രദേശത്തു നിന്നു ആളുകളെ മാറ്റി. സമീപത്തെ വീട്ടിൽനിന്നു കമ്പിപ്പാര കൊണ്ടുവന്നു കല്ലുകൾ ഇളക്കിമാറ്റി പുറത്തെടുത്തപ്പോഴാണ് പാത്രമാണെന്നു തിരിച്ചറിഞ്ഞത്. വായ്ഭാഗം കരിങ്കലിൽ ഉറച്ചതിനാൽ ബോംബ് ആണെന്നു തോന്നുമായിരുന്നു. ബോംബ് സ്ക്വാഡ് എസ്ഐ പി.എൻ.അജിത് കുമാർ, അംഗങ്ങളായ പി.ധനേഷ്, പി.പി.ശിവദാസൻ എന്നിവരാണ് പരിശോധന നടത്തിയത്.