ADVERTISEMENT

കണ്ണൂർ ∙ ദേവിയുടെ കയ്യിൽ നിറയെ വിൽപനയ്ക്കുള്ള ഭാഗ്യമാണ്. ദേവി ഭാഗ്യം വിറ്റുകിട്ടുന്ന പണം ഒരുപാടുപേരുടെ ഭാഗ്യവും. ലോട്ടറി ടിക്കറ്റ് വിറ്റുകിട്ടുന്ന പണംകൊണ്ടു വേണം ദേവിക്കു ജീവിക്കാൻ. ജീവിതച്ചെലവിനുള്ളതു കഴിഞ്ഞ് ബാക്കിയുള്ളത് ചെലവാക്കുക പാവപ്പെട്ടവർക്ക് അന്നം നൽകാനാണ്. 26 വർഷമായി ഇതിനു മുടക്കമില്ല. ദേവി കുറ്റ്യാട്ടൂരിൽനിന്ന് കണ്ണൂരിലെത്തി ഭാഗ്യക്കുറി വിൽക്കാൻ തുടങ്ങിയിട്ട് ഡിസംബറിൽ 28 വർഷമാകും.

1996ൽ ആണ് ലോട്ടറിവിൽപന തുടങ്ങിയത്. 98 മുതൽ വരുമാനത്തിന്റെ ഒരു വിഹിതം ആരോരുമില്ലാത്തവർക്കു നൽകാൻ തുടങ്ങി. രണ്ടു ചാക്ക് അരിയാണ് ആദ്യം നൽകിയത്. പിന്നെ, കയ്യിൽ കിട്ടുന്ന പണത്തിനനുസരിച്ചു ഭക്ഷണസാധനങ്ങൾ വാങ്ങി നൽകി. പഴംപൊരിയുടെ കൊതിയൂറുന്ന മണമായും പായസമധുരമായും ഓണസദ്യയായും കണ്ണൂർ രൂപതയ്ക്കു കീഴിലുള്ള സ്നേഹാലയത്തിലേക്ക് ദേവിപോകാൻ തുടങ്ങിയിട്ട് 9 വർഷത്തിലേറെയായി. ആഘോഷവേളകളിൽ ദേവി അവിടേക്കു പോകും. തന്നാൽക്കഴിയുന്ന ചെറിയ സഹായങ്ങൾ ചെയ്യും.

ഭർത്താവ് കണ്ണനും ദേവിയും കൂലിപ്പണിക്കാരായിരുന്നു. അദ്ദേഹം മരിച്ചിട്ടു വർഷങ്ങളായി. 95ൽ ജോലിക്കിടെ ദേഹത്തു കല്ലുവീണ് മൂന്നര മാസം ആശുപത്രിയിൽ കിടന്നു. ഇപ്പോഴും ഇടതു കൈ പഴയതുപോലെയായിട്ടില്ല. അപകടത്തിനുശേഷമാണ് ലോട്ടറി വിൽപന തുടങ്ങിയത്. 150 ടിക്കറ്റുമായി ജോലിക്കിറങ്ങിയതാണ്. വലിയ സമ്പാദ്യമോ വീടോ ഇല്ല. മൂത്തമകൾ പുഷ്പയുടെയും കുടുംബത്തിന്റെയും ഒപ്പമാണു താമസം. ഇളയമകൾ തങ്കമണി കുടുംബത്തോടൊപ്പം തലശ്ശേരിയിലാണ്.

English Summary:

This heartwarming story highlights the inspiring journey of K. Devi, a lottery ticket seller in Kannur, Kerala. For over 26 years, Devi has dedicated herself to sharing a portion of her earnings with the poor and underprivileged, spreading joy and kindness through her selfless actions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com